വൈദികന്‍ ചമഞ്ഞു തട്ടിപ്പ്; പ്രതിയെ വെറുതേവിട്ടു പോലീസ് കൈകഴുകി
Wednesday, October 7, 2015 12:55 AM IST
തൊടുപുഴ: വൈദികന്‍ ചമഞ്ഞു കോണ്‍വെന്റുകള്‍ കേന്ദ്രീകരിച്ചു വ്യാപക തട്ടിപ്പു നടത്തുന്ന യുവാവിനെ തന്ത്രപരമായി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും ചോദ്യംചെയ്തശേഷം പറഞ്ഞുവിട്ടു.

കരിമണ്ണൂരിലെ എഫ്സിസി കോണ്‍വന്റിലെത്തി മിഷനറി വൈദികനായി ചമഞ്ഞു തട്ടിപ്പു നടത്താന്‍ ശ്രമിച്ച യുവാവിനെയാണു മഠാധികൃതര്‍ പോലീസില്‍ ഏല്പിച്ചത്. കുട്ടന്‍പുഴ കുറ്റിയംചാലില്‍ കല്ലറയ്ക്കല്‍ ഫാ. പീറ്റര്‍ ഡെക്കാന്‍ ഷാ എന്ന പേരില്‍ എത്തിയ ഉപ്പുതറ സ്വദേശിയായ രാജേഷിനെയാണു കരിമണ്ണൂര്‍ പോലീസ് തട്ടിപ്പുകാരനല്ലെന്നു വിലയിരുത്തി പറഞ്ഞുവിട്ടത്.

മഠത്തില്‍ ജപമാല വില്‍ക്കാന്‍ എത്തിയ യുവാവ് അനാഥനാണെന്നും ചെറിയ തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്നയാളാണെ ന്നുമാണ് പോലീസ് പറയുന്നത്.

വാഴക്കാല, വാഴപ്പിള്ളി, കോതമംഗലം, കരിമണ്ണൂര്‍ എന്നീ കോണ്‍വെന്റുകളില്‍ മിഷനറി വൈദികന്‍ ചമഞ്ഞു തട്ടിപ്പു നടത്തിയതായി മഠാധികൃതരുടെ അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മഠത്തിലെത്തിയ യുവാവ്, മിഷനറി വൈദികനാണെന്നും മദര്‍ സൂപ്പീരിയറിനെ കാണണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, മദര്‍ ധ്യാനത്തിനു പോയിരിക്കുന്നതു കൊണ്ടു പിന്നെ വരാന്‍ പറഞ്ഞു വിട്ടു. മദര്‍ സൂപ്പീരിയര്‍ മൂവാറ്റുപുഴയില്‍ സേവനം ചെയ്യുമ്പോള്‍ വൈദിക പട്ടം സ്വീകരിക്കുന്നതിനു സിസ്റര്‍ സഹായിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് എത്തിയത്.

സുപ്പീരിയര്‍ ഉള്ള സമയത്ത് എത്താമെന്നു പറഞ്ഞിട്ടാണ് ഇയാള്‍ അവിടെ നിന്നിറങ്ങിയത്. ഇതിനിടെ, മദര്‍ ധ്യാനം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ മറ്റു സിസ്റര്‍മാര്‍ വിവരങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ആറു വര്‍ഷങ്ങള്‍ക്കുമുമ്പ്് പണം നല്‍കിയിട്ടുള്ളതായി മദറിനും ഓര്‍മയുണ്ടായിരുന്നില്ല.


ഇതേസമയം, ഒരാള്‍ മഠങ്ങളിലെത്തി വൈദികന്‍ ചമഞ്ഞു പണം തട്ടുന്നതായി വാഴപ്പിള്ളി, വാഴക്കാല തുടങ്ങിയ മഠത്തിലെ സിസ്റര്‍മാര്‍ ഇവരെ അറിയിച്ചു. ഇതോടെ സിസ്റര്‍മാര്‍ക്കു സംശയം വര്‍ധിച്ചു.

ബനഡിക്ടന്‍ വൈദികനാണെന്നും ആഫ്രിക്കയില്‍ പാവപ്പെട്ടവരുടെ ഇടയിലാണു പ്രവര്‍ത്തിക്കുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഗ്രിഗോറിയന്‍ കുര്‍ബാന അര്‍പ്പിക്കാന്‍ 6000 രൂപ ആവശ്യമുണ്െടന്നും ഇയാള്‍ അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കരിമണ്ണൂര്‍ പോലീസ് സ്റേഷനില്‍ മഠാധികൃതര്‍ അറിയിച്ചു. ഇനി ഇയാള്‍ എത്തുമ്പോള്‍അറിയിക്കണമെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മഠത്തിലെത്തിയ രാജേഷ്, മദറിനെ അന്വേഷിച്ചു. ഏവരെയും ആകര്‍ഷിക്കുന്ന സൌമ്യതയുള്ള പെരുമാറ്റമാണ് ഇയാളുടേത്. പാന്‍സും ഷര്‍ട്ടുമായിരുന്നു വേഷം.

മദര്‍ സുപ്പീരിയറിനെ തിരിച്ചറിയാന്‍ ഇയാള്‍ക്കു കഴിഞ്ഞില്ല. രാവിലെ കുര്‍ബാന ചൊല്ലിയോ എന്നു മദര്‍ ചോദിച്ചപ്പോള്‍ കുട്ടന്‍പുഴയില്‍ ലാറ്റിന്‍ ഭാഷയില്‍ കുര്‍ബാന ചൊല്ലിയെന്നാണു പറഞ്ഞത്. ഉടന്‍ തന്നെ കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റഡിയിലെടുത്തു സ്റേഷനിലേക്കു കൊണ്ടുപോയി. മഠത്തില്‍നിന്ന് ഉച്ചകഴിഞ്ഞു രണ്ടിനു സ്റേഷനില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചോദ്യംചെയ്യുകയാണെന്നു പറഞ്ഞു. വീണ്ടും രാത്രി ഏഴിനു വിളിച്ചപ്പോള്‍ ഇയാള്‍ വൈദികനല്ലെന്നും ഉപ്പുതറ സ്വദേശിയായ രാജേഷ് എന്നാണ് പേരെന്നും പോലീസ് അറിയിച്ചു. ഇയാള്‍ അനാഥനാണ്, ചെറിയ തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്നവനാണെന്നും ഇവിടെയും കുറച്ച് സുവിശേഷം പ്രസംഗിച്ചതിനാല്‍ തങ്ങള്‍ അയാളെ വിട്ടയച്ചെന്നും മഠാധികൃതരെ പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.