വെള്ളാപ്പള്ളിക്കെതിരേ ഗോകുലം ഗോപാലന്‍
വെള്ളാപ്പള്ളിക്കെതിരേ ഗോകുലം ഗോപാലന്‍
Wednesday, October 7, 2015 12:49 AM IST
തലശേരി: വെള്ളാപ്പള്ളി നടേശനുമായി കൂട്ടുചേരുന്നതിലൂടെ ബിജെപിക്ക് നിലവിലുള്ള ജനപിന്തുണ കൂടി ഇല്ലാതാകുമെന്ന് ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. 500 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഗുണ്ടകളെ അണിനിരത്തിയാണു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന തീരുമാനം വെള്ളാപ്പള്ളി എടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
വെള്ളാപ്പള്ളിയുടെ താത്പര്യത്തിനു വിരുദ്ധമായി അഭിപ്രായം പറയുന്നവനെ അവിടെവച്ചു തന്നെ കൈകാര്യം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എസ്എന്‍ഡിപി സാസ്കാരിക-സാമൂഹ്യ സംഘടനയാണ്. അതിനാല്‍ ആ പ്രസ്ഥാനത്തെ രാഷ്ട്രീയ സംഘടനയാക്കാന്‍ പാടില്ല. യോഗം സെക്രട്ടറിയായിരുന്ന ആര്‍.ശങ്കര്‍ മുഖ്യമന്ത്രി പദത്തിലെത്തിയിട്ടും പ്രസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

അഞ്ചുവര്‍ഷം മുമ്പുതന്നെ വെള്ളാപ്പള്ളി നടേശനെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അഴിമതിക്കഥകള്‍ ഞങ്ങള്‍ പുറത്തുപറഞ്ഞിരുന്നു.

എന്നാല്‍, അന്നു രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അതേക്കുറിച്ചു പ്രതികരിച്ചില്ല. ഇപ്പോഴാണ് ഇടതു-വലതു മുന്നണി നേതാക്കള്‍ക്കു വെള്ളാപ്പള്ളിയെ മനസിലായത്. കുറച്ചു കഴിഞ്ഞാല്‍ ബിജെപിക്കും വെള്ളാപ്പള്ളിയുടെ യഥാര്‍ഥ സ്വഭാവം മനസിലാകും.

എസ്എന്‍ഡിപി ട്രസ്റിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന കോടിക്കണക്കിനു രൂപയുടെ അഴിമതിയെക്കുറിച്ചാണു ഞങ്ങള്‍ പറയുന്നത്. അല്ലാതെ വെള്ളാപ്പള്ളിയുടെ സ്വന്തം കോളജില്‍ പണം വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്നില്ല. അത് അദ്ദേഹത്തിന്റെ ബിസിനസ്.

യോഗത്തിന്റെ പേരില്‍ വാങ്ങുന്ന കോടിക്കണക്കിനു രൂപയുടെ സംഭാവനകളുടെയും നിയമനത്തിനു വാങ്ങുന്ന കോടിക്കണക്കിനു രൂപയുടെയും കണക്കുകള്‍ പുറത്തുവരണം. നിയമനത്തിനു കോഴ നല്‍കിയവര്‍ അതു പുറത്തുപറഞ്ഞാല്‍ അവരെ സ്ഥലംമാറ്റമുള്‍പ്പെടെയുള്ള നടപടികളിലൂടെ പീഡിപ്പിക്കുമെന്ന ഭയത്തിലാണ് ആരും ഒന്നും പുറത്തുപറയാത്തതെന്നും ഗോപാലന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ ഉടമസ്ഥതയില്‍ കൊല്ലത്തു വാങ്ങിയ ഒരേക്കര്‍ 40 സെന്റ് സ്ഥലത്തു കെട്ടിടം നിര്‍മിച്ച ശേഷം 25 വര്‍ഷത്തേക്കു സ്വകാര്യ വ്യക്തിക്കു വാടകയ്ക്കു നല്‍കി. ഇതില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണു നടന്നത്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഗള്‍ഫില്‍വച്ചാണു നടന്നത്. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വെള്ളാപ്പള്ളിയുടെ പണം പിരിക്കുന്ന ഏജന്റാണ്. സീറ്റുകള്‍ നല്ല വിലയ്ക്കു വില്‍ക്കുകയാണ് ഇയാളുടെ ജോലി.


സമുദായത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഒരുവിഭാഗം മാത്രമാണ് ഇന്നു വെള്ളാപ്പള്ളിക്കൊപ്പമുള്ളത്. എസ്എന്‍ഡിപി യോഗം സെക്രട്ടറിയെന്ന നിലയ്ക്കുള്ള ബഹുമാനംകൊണ്ടാ ണു പല നേതാക്കളും വെള്ളാപ്പള്ളിയെ കാണാന്‍ പോകുന്നത്. തന്നെ കാണാനെത്തുന്ന നേതാക്കള്‍ക്കൊപ്പം ഫോട്ടോയെടുത്തു പ്രസിദ്ധീകരിച്ചു പ്രശസ്തിയുണ്ടാക്കലാണ് അദ്ദേഹം ചെയ്യുന്നത്.

പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കാന്‍ വിവാദങ്ങളുണ്ടാക്കുന്ന വെള്ളാപ്പള്ളി തന്റെ കുടുംബത്തിനു വേണ്ടി ഇടതു-വലതു മുന്നണികളില്‍നിന്നും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അംഗത്വമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു തെളിവാണ്. ബിജെപിയുള്‍പ്പെടെ ഒരു പ്രസ്ഥാനത്തോടും തനിക്കു വെറുപ്പില്ലെന്നും എല്ലാവരുമായി സഹകരിച്ചാണ് പോകുന്നതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.