റബര്‍ വിലസ്ഥിരതാ പദ്ധതി: 2.79 ലക്ഷം കര്‍ഷകര്‍ രജിസ്റര്‍ ചെയ്തു
റബര്‍ വിലസ്ഥിരതാ പദ്ധതി: 2.79 ലക്ഷം കര്‍ഷകര്‍ രജിസ്റര്‍ ചെയ്തു
Wednesday, October 7, 2015 12:37 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിന് 1,868 ആര്‍പിഎസുകളിലൂടെ 2.79 ലക്ഷം കര്‍ഷകര്‍ രജിസ്റര്‍ ചെയ്തു. ഷീറ്റ് വിറ്റതിന്റെ 91,464 ബില്ലുകള്‍ ആര്‍പിഎസുകളില്‍ ലഭിച്ചതില്‍നിന്നു റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ 43,996 ബില്ലുകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂലൈ 31നുള്ളില്‍ ഷീറ്റ് വിറ്റ 22,756 കര്‍ഷകര്‍ക്കു സഹായപദ്ധതിയിലൂടെ പണം അനുവദിച്ചതായി റബര്‍ ബോര്‍ഡ് സാങ്കേതികവിഭാഗം വ്യക്തമാക്കി.

ഇന്നലെ വരെ 5.81 കോടി രൂപയാണ് അനുവദിച്ചത്. ലാറ്റക്സും വിലസ്ഥിരതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ലാറ്റക്സ് വില്ക്കുന്ന കര്‍ഷകരും അപ്ലോഡിംഗ് ആരംഭിച്ചു. ജൂലൈ 27 മുതലുള്ള ലാറ്റക്സിനാണു സബ്സിഡി അനുവദിച്ചതെങ്കിലും ഓഗസ്റ് ഒന്നു മുതലേ കര്‍ഷകര്‍ക്കു ധനസഹായം ലഭിക്കൂ. ഷീറ്റ് റബറിനു കിലോ ഗ്രാമിന് 150 രൂപയ്ക്കു തുല്യമായി ലാറ്റക്സിനു 142 രൂപയാണു അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ലാറ്റക്സിന് ഓഗസ്റ് ഒന്നിനുശേഷമാണു 142 രൂപയില്‍ താഴെ വിലവന്നത്. അതിനാല്‍ ഓഗസ്റ് ഒന്നിനുശേഷം ലാറ്റക്സ് വിറ്റഴിച്ചവര്‍ക്കു സബ്സിഡി തുക ലഭിക്കും.

വിലസ്ഥിരതാ പദ്ധതി തുടങ്ങി മൂന്നരമാസം പിന്നിടുമ്പോഴും റബര്‍ കര്‍ഷകരില്‍ ഒരുവിഭാഗത്തിനുമാത്രമാണ് സഹായം എത്തിക്കാന്‍ കഴിഞ്ഞത്. റബര്‍ ഉത്പാദനം കുറയുകയും കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കെ പദ്ധതിയിലെ തടസങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന്റെ പ്രായോഗിക ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന ആരോപണമുണ്ട്.


ഒരു കിലോ ഷീറ്റിന് 150 രൂപ ഉറപ്പാക്കുന്ന സഹായപദ്ധതിയിലേക്ക് 300 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളത്.

ജൂലൈ നാലു മുതല്‍ 31 വരെ ഷീറ്റ് വിറ്റ് ബില്ലുകള്‍ അപ്ലോഡ് ചെയ്തവര്‍ക്കാണ് സ ഹായം അനുവദിച്ച ത്. ഡിസംബര്‍ വരെ അപ് ലോഡിംഗ് നടത്തുന്നവര്‍ക്കു സഹായം നല്‍കാന്‍ 300 കോടി രൂപകൊണ്ട് ഇപ്പോള്‍ സാധിച്ചേക്കും. വില സ്ഥിരതാ പദ്ധതി നിലവില്‍ വന്നതിനുശേഷം രജിസ്ട്രേഷന്‍, അപ്ലോഡിംഗ് നടപടികള്‍ക്കു മാത്രമായി തയാറാക്കിയ വെബ്സൈറ്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും പിന്നീട് പരിഹരിച്ചു.

സെപ്റ്റംബറില്‍ ലഭിച്ച ബില്ലുകളുടെ സൂക്ഷ്മപരിശോധനയും അപ്ലോഡിംഗും പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചകൂടി വേണ്ടിവരും. ഇതു പൂര്‍ത്തിയായി അധികം താമസിക്കാതെ പണം കര്‍ഷകരുടെ അക്കൌണ്ടുകളില്‍ എത്തുമെന്നാണ് റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. ആഭ്യന്തര വില ഇടിയുകയും നവംബര്‍ മുതല്‍ റബറിന്റെ ഉത്പാദനം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിലസ്ഥിരതാ പദ്ധതിയില്‍ അനുവദിച്ചിക്കുന്ന രൂപ തികയാതെ വരുമെന്നു കര്‍ഷകര്‍ പറയുന്നു.

ലാറ്റക്സ് ഏതു കാലയളവിലേതാണെന്നു രജിസ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ലാറ്റക്സ് വാങ്ങിയവര്‍ നല്‍കിയ ബില്ലാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

ആധാര്‍ ഇല്ലാത്തവര്‍ക്കും രജിസ്ട്രേഷനുകള്‍ നടത്താം. ഫോട്ടോയും ജനനത്തീയതിയുമുള്ള തിരിച്ചറിയല്‍ രേഖ ആവശ്യമാ ണെന്നുമാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.