ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: രണ്ടു പേര്‍കൂടി അറസ്റില്‍
Tuesday, October 6, 2015 12:43 AM IST
ചെറുവത്തൂര്‍: വിജയാ ബാങ്ക് ശാഖയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റിലായി. ഇടുക്കി സ്വദേശി രാജേഷ് മുരളി(40), കുടക് സ്വദേശി അബ്ദുള്‍ഖാദര്‍(50) എന്നിവരാണ് അറസ്റിലായത്. ഇരുവരെയും ഹൊസ്ദുര്‍ഗ് ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് കോടതി(ഒന്ന്) രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.

രാജേഷിനെ ഞായറാഴ്ച രാത്രി വൈകിയും അബ്ദുള്‍ഖാദറിനെ ഇന്നലെ ഉച്ചയ്ക്കുശേഷവുമാണ് അറസ്റ് ചെയ്തത്. കേസില്‍ കുടക് സ്വദേശിയായ അബ്ദുള്‍ അഷറഫ് പിടിയിലാകാനുണ്ട്. കവര്‍ച്ചാസംഘത്തില്‍ ഏഴു പേരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ ഞായറാഴ്ച അറസ്റ് ചെയ്തിരുന്നു.

കവര്‍ച്ച ആസൂത്രണം ചെയ്ത കാസര്‍ഗോഡ് സന്തോഷ്നഗറിലെ താമസക്കാരനും അഞ്ചുവര്‍ഷം മുമ്പു നടന്ന കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതിയുമായ ബളാല്‍ കല്ലഞ്ചിറ സ്വദേശി അബ്ദുള്‍ ലത്തീഫ്(35)ന്റെ നിര്‍ദേശപ്രകാരമാണ് രാജേഷ് മുരളി കവര്‍ച്ചയില്‍ പങ്കാളിയാകുന്നത്. 2013ല്‍ കഞ്ചാവു കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുമ്പോഴാണ് സഹതടവുകാരായ അബ്ദുള്‍ ലത്തീഫ് ഇയാളുമായി പരിചയപ്പെടുന്നത്. ബാങ്കിന്റെ സ്ട്രോങ് റൂമിലേക്ക് കടക്കാന്‍ കോണ്‍ക്രീറ്റ് തുരുന്നത് ഇയാളായിരുന്നു. പ്രതിഫലമായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നതായും വെളിപ്പെടുത്തി.


സെപ്റ്റംബര്‍ 26ന് രാവിലെ 10നും 11.15നും ഇടയിലാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റേഷന്‍ റോഡിലെ വിജയാ ബാങ്ക് കൊള്ളയടിച്ചത്. ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തുരന്ന് അകത്തുകടന്ന കവര്‍ച്ചാ സംഘം 20 കിലോഗ്രാം സ്വര്‍ണവും 2.95ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ചെര്‍ക്കള ബേര്‍ക്കയിലെ കിണറ്റില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ 8.7കിലോഗ്രാം സ്വര്‍ണവും ബാക്കി സ്വര്‍ണം ചെങ്കള ചേരൂര്‍കടവിലെ വീടിന്റെ തട്ടിന്‍പുറത്തു നിന്നും പോലീസ് കണ്െടടുത്തു. എന്നാല്‍ പണം ഇതുവരെ കിട്ടിയിട്ടില്ല.

മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെ മൂന്നു ലോക്കറുകളിലായി 7.50 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്. ലോക്കറില്‍ ഒന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചു തുറക്കുകയും അലമാര കുത്തിപ്പൊളിക്കുകയുമായിരുന്നു. ബാങ്കില്‍ സിസിടിവി കാമറയുള്‍പ്പെടെ ഉണ്ടായിരുന്നെങ്കിലും സ്ട്രോംഗ് റൂമില്‍ കാമറ സംവിധാനം ഉണ്ടായിരുന്നില്ല. സമീപത്തെ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന്റെ ശാസ്ത്രീയ പരിശോധനകളുമാണ് പ്രതികളെ കുടുക്കാന്‍ പോലീസിനു സഹായകമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.