ബിജെപിക്കും എസ്എന്‍ഡിപിക്കും ഒത്തുപോകാനാവില്ല: പി.പി. തങ്കച്ചന്‍
ബിജെപിക്കും എസ്എന്‍ഡിപിക്കും ഒത്തുപോകാനാവില്ല: പി.പി. തങ്കച്ചന്‍
Tuesday, October 6, 2015 12:57 AM IST
കൊച്ചി: ആശയപ്പൊരുത്തമില്ലാത്ത സംഘടനകളായ ബിജെപിക്കും എസ്എന്‍ഡിപിക്കും ഒരിക്കലും ഒത്തുപോകാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.

പരസ്പരവിരുദ്ധമായ ആശയധാരകളെ പ്രതിനിധീകരിക്കുന്ന സംഘടനകളാണ് ബിജെപിയും എസ്എന്‍ഡിപിയും. അവര്‍ക്ക് ഒരിക്കലും സഹവാസം സാധ്യമല്ല. ഇതിനായി നേരത്തേ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടിട്ടേ ഉള്ളൂ. ഇത്തവണത്തെ നീക്കത്തിന്റെ പരിസമാപ്തിയും അതുതന്നെ ആയിരിക്കുമെന്നും തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംവരണ കാര്യത്തില്‍ ബിജെപിയുടെയും എസ്എന്‍ഡിപിയുടെയും നിലപാട് പരസ്പരവിരുദ്ധമാണ്. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എസ്എന്‍ഡിപി കൈക്കൊള്ളുന്നത് എന്നാല്‍ ബിജെപി അതിനെതിരാണ്. ഇങ്ങനെ നോക്കിയാല്‍ ഓരോ കാര്യത്തിലും ഇരു സംഘടനകളുടെയും സമീപനങ്ങളില്‍ വൈരുധ്യം പ്രകടമാണ്. ബിജെപിയുമായി ചേര്‍ന്നിരിക്കുന്നത് വെള്ളാപ്പള്ളി നടേശനാണെന്നും എസ്എന്‍ഡിപി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തിന്റേത് മതേതര മനസാണ്. ഇവിടെ വേരോട്ടം ഉണ്ടാക്കാന്‍ ബിജെപിക്ക് ആവില്ല. അരുവിക്കരയിലും മറ്റും ഉണ്ടായത് സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ഒഴുകിയതാണ്. അതു ചെറുക്കേണ്ടത് സിപിഎമ്മാണ്.

ബിജെപി ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ ഒരു വ്യാകുലതയും ഇല്ല. സിപിഎമ്മില്‍ നിന്നുമുണ്ടാകുന്ന കൊഴിഞ്ഞുപോക്ക് അവര്‍ പരിഹരിക്കട്ടെ. കോണ്‍ഗ്രസ് എന്നും ബിജെപിക്ക് എതിരായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. 1977ല്‍ ബിജെപിയുമായി കൂട്ടുകൂടിയത് സിപിഎമ്മാണെന്നും തങ്കച്ചന്‍ ഓര്‍മിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.