സംസ്ഥാനത്തു സിപിഎം-കോണ്‍ഗ്രസ് അച്ചുതണ്ട്: വി. മുരളീധരന്‍
സംസ്ഥാനത്തു സിപിഎം-കോണ്‍ഗ്രസ് അച്ചുതണ്ട്: വി. മുരളീധരന്‍
Tuesday, October 6, 2015 12:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സിപിഎം-കോണ്‍ഗ്രസ് അച്ചുതണ്െടന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. അധഃസ്ഥിതവര്‍ഗത്തിനുവേണ്ടിയും പിന്നോക്കക്കാര്‍ക്കുവേണ്ടിയും ബിജെപി ശബ്ദമുയര്‍ത്തുമ്പോള്‍ അതിനെ വര്‍ഗീയതയായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗീയശക്തികളെ താലോലിച്ചവരാണു ബിജെപിയെ വര്‍ഗീയകക്ഷിയെന്നു വിളിക്കുന്നത്. മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് വര്‍ഗീയപാര്‍ട്ടിയായ മുസ്ലിം ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കണം. എന്നിട്ടു വേണം മതേതരത്വം പ്രസംഗിക്കാന്‍.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ പടംവച്ചു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ സിപിഎമ്മിന്റെ മുഖമാണു വര്‍ഗീയവാദത്തിന്റേതെന്നും വി. മുരളീധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷണം സിബിഐക്കു വിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം അഴിമതിക്കാരെ സംരക്ഷിക്കാനാണ്.

വിജിലന്‍സ് അന്വേഷിക്കുമെന്നു പറയുന്നതു അപഹാസ്യമാണ്. വിജിലന്‍സ് അന്വേഷിച്ച ബാര്‍ കോഴ കേസ് ഇതിനു തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു. നവരാത്രിയുമായി ബന്ധപ്പെട്ടു ഈ മാസം 21-നു സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.