വെള്ളാപ്പള്ളിക്കെതിരേ പടയൊരുക്കം
വെള്ളാപ്പള്ളിക്കെതിരേ പടയൊരുക്കം
Tuesday, October 6, 2015 12:52 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ബിജെപി ബാന്ധവനീക്കവുമായി മുന്നോട്ടു പോകുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍നിന്നു നീക്കം ചെയ്യുന്നതിനു നിയമപരവും അല്ലാത്തതുമായ പോരാട്ടങ്ങള്‍ നടത്താന്‍ വെള്ളാപ്പള്ളി വിരുദ്ധരുടെ യോഗത്തില്‍ ധാരണ. എസ്എന്‍ഡിപി യോഗത്തിലെയും എസ്എന്‍ ട്രസ്റിലെയും വെള്ളാപ്പള്ളിവിരുദ്ധ നിലപാടുകള്‍ ഉള്ള മുന്‍ഭാരവാഹികള്‍ അടക്കമുള്ളവരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊച്ചിയില്‍ ശിക്ഷക് സദനില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 20 അംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

ശ്രീനാരായണ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങളും വ്യവഹാരങ്ങളും നടന്നുവരുന്നുണ്ട്. ഈ വ്യവഹാരങ്ങളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇടപെട്ടു വെള്ളാപ്പള്ളിക്കെതിരായ നിയമപോരാട്ടം ശക്തമാക്കും. ഇതോടൊപ്പം വ്യാപകമായ ജനകീയ പ്രക്ഷോഭവും സംഘടിപ്പിക്കും. വെള്ളാപ്പള്ളി വിരുദ്ധ നിലപാടുകള്‍ ഉള്ള എല്ലാവരുമായും കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന തലത്തില്‍ വിപുലമായ പ്രസ്ഥാനം ഇതിനായി കെട്ടിപ്പടുക്കും. ഒരു മാസത്തിനുള്ളില്‍ ഈ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം ഉണ്ടാകും. അടിയന്തരമായി എസ്എന്‍ഡിപിയുടെ ശാഖാതലം വരെയുള്ള യോഗം ചേര്‍ന്നു വിപുലമായ ആശയവിനിമയം നടത്തും. ബിജെപിയുമായി ചേര്‍ന്ന് എസ്എന്‍ഡിപി യോഗം മത്സരിപ്പിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളെയും തോല്‍പ്പിക്കുന്നതിനും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രംഗത്തിറങ്ങും.


വെള്ളാപ്പള്ളി നടേശനെതിരേ ഉയര്‍ന്നിട്ടുള്ള കോഴ ആരോപണങ്ങള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 1996 മുതല്‍ ഇതുവരെ നടത്തിയയിട്ടുള്ള എല്ലാ നിയമനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്ത ണം. സംഘപരിവാര്‍ സംഘടന യില്‍ ചേര്‍ന്നുള്ള വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണെന്നു യോഗം വിലയിരുത്തി.

എസ്എന്‍ഡിപിയില്‍ അധികാരം വെള്ളാപ്പള്ളിയില്‍ മാത്രം കേന്ദ്രീകരിക്കുകയാണ്. ഇതിനെതിരേ യോജിക്കാവുന്നവരുമായി കൈകോര്‍ക്കും. വെള്ളാപ്പള്ളിക്കെതിരായ സമരത്തില്‍ മുഴുവന്‍ രാഷ്ട്രീ യ പാര്‍ട്ടികളുടെയും പിന്തുണ തേടാനും തീരുമാനിച്ചു. ഇതിനായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ നേരില്‍ കണ്ടു ചര്‍ച്ച നടത്തും. വെളളാപ്പള്ളി നടേശന്റെ ശൈലി സംഘടനയെ തകര്‍ക്കുകയാണെന്നും യോഗം വിലയിരുത്തി.

എറണാകുളം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗം എസ്എന്‍ഡിപിയുടെ മുന്‍ സെക്രട്ടറി കെ. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ദേവസ്വം സെക്രട്ടറി കാവിയാട് മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. രത്നാകരന്‍, പി.എം. ബാലന്‍. ഷാജി വെട്ടൂരാന്‍, അഡ്വ. എസ്. ചന്ദ്രസേനന്‍, അഡ്വ. ചെറിന്നിയൂര്‍ ജയപ്രകാശ്, പ്രഫ. സുധീഷ് തുടങ്ങിയവരും വിവിധ ജില്ലകളില്‍നിന്നുള്ള എഴുപതിലേറെ പ്രവര്‍ത്തകരും പങ്കെടുത്തു. പലഘട്ടങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരും യോഗത്തില്‍ സംബന്ധിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹത്തില്‍ വലിയ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറ പ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.