സുപ്രീംകോടതിയിലെ കേസ് കര്‍ഷകര്‍ക്കെതിരായേക്കും
Tuesday, October 6, 2015 12:49 AM IST
കെ.എസ്. ഫ്രാന്‍സിസ്

കട്ടപ്പന:ഏലമലക്കാടുകള്‍ (സിഎച്ച്ആര്‍) വനഭൂമിയല്ലെന്നു സംസ്ഥാന മുഖ്യമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ സിഎച്ച്ആര്‍ വനഭൂമിതന്നെ. ഹൈക്കോടതിയില്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പ്രകൃതി സംഘടനയുടെ ഹര്‍ജിയില്‍ കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണു ചീഫ് സെക്രട്ടറി സിഎച്ച്ആറിനെ വനഭൂമിയാണെന്ന് എടുത്തുപറഞ്ഞിരിക്കുന്നത്.

2001-ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനു കടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സിഎച്ച്ആര്‍ വനഭൂമിയാണെന്ന് അവകാശപ്പെട്ടു വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്‍കിയ ഹര്‍ജിയിലായിരുന്നു 2001-ലെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് ഹൈക്കോടതിയില്‍ സിഎച്ച്ആര്‍ വനഭൂമിയല്ലെന്നുകാട്ടി സത്യവാങ്മൂലം നല്‍കിയത്. ഇതേ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണു പാറഖനനവുമായി ബന്ധപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് തന്നെ നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സിഎച്ച്ആര്‍ വനഭൂമിയാണെന്നു സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ പരാതിക്കാരന്‍ ആയുധമാക്കിയാല്‍ സിഎച്ച്ആര്‍ വനമാണെന്നു പ്രഖ്യാപിക്കാന്‍ സുപ്രീംകോടതിക്കു വകയാകും. സിഎച്ച്ആറിനെ ഇഎസ്എയാക്കി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും, ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇഎസ്എയുമായി ബന്ധപ്പെട്ട് വനംവകുപ്പ് നല്‍കിയ ഭൂപടവും പരിസ്ഥിതിലോല മേഖലയില്‍ ജനവാസ മേഖലകളെ ഉള്‍പ്പെടുത്തിയതും ചേര്‍ത്തുവായിക്കുന്നവരുമുണ്ട്.

1993-ലെ ഭൂപതിവ് സ്പെഷല്‍ റൂള്‍ പ്രകാരം പട്ടയം നല്‍കിയിരിക്കുന്ന പ്രദേശം വനഭൂമിയില്‍നിന്നും വിടുതല്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ ഇത് ഇപ്പോഴും വനഭൂമിയായി തുടരുകയാണെന്നുമാണ് സത്യവാങ്മൂലത്തിലെ ഒന്നാംപേജില്‍ മൂന്നാം ഖണ്ഡികയില്‍ മൂന്നാമത്തെ വാചകമായി എഴുതിയിരിക്കുന്നത്.

1993-ലെ വനഭൂമി കൈയേറ്റം ക്രമീകരിക്കല്‍ പ്രത്യേക ചട്ടപ്രകാരം 28588 ഹെക്ടര്‍ ഭൂമിക്കു പട്ടയം നല്‍കാനാണ് കേന്ദ്ര പരി സ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇത് 2009-ല്‍ സുപ്രീം കോടതി ശരിവയ്ക്കുകയും പട്ടയനടപടികള്‍ സാധുവാക്കുകയും ചെയ്തതാണ്.

അഞ്ചു ജില്ലകളിലായുള്ള 28588 ഹെക്ടര്‍ ഭൂമിയില്‍ 25556 ഹെക്ടര്‍ ഇടുക്കി ജില്ലയിലാണ്. ഇതില്‍ 20000 ഹെക്ടര്‍ ഭൂമിയും കാര്‍ഡമം ഹില്‍ റിസര്‍വില്‍പെട്ടതുമാണ്. ഈ പ്രദേശം ഇപ്പോഴും വനഭൂമിയുടെ അന്തസില്‍തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി കേരള ഹൈക്കോടതിയെ അറിയിക്കുമ്പോള്‍ ഇതുവരെ റവന്യൂ വകുപ്പും കേരള സര്‍ക്കാരും നല്‍കിയ പട്ടയങ്ങളും വാഗ്ദാനങ്ങളും അസാധുവാക്കപ്പെട്ടേക്കാം.


സ്വകാര്യവ്യക്തിക്കോ സ്ഥാപനത്തിനോ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുനല്‍കുന്ന രേഖയാണു പട്ടയം. വനഭൂമിയില്‍ പട്ടയം നല്‍കാന്‍ 1980-ലെ വനനിയമം അനുവദിക്കുന്നില്ല. 1.1.77-നു മുമ്പുള്ള കൈവശഭൂമിക്കു പട്ടയം നല്‍കാന്‍ അനുമതി നല്‍കിയത് 1980-നു മുമ്പു സര്‍ക്കാരെടുത്ത നയപരമായ തീരുമാനമെന്ന നിലയിലാണ്. ഇപ്പോഴും ഇവിടം വനഭൂമിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ പട്ടയ നടപടികളും നിയമക്കുരുക്കിലായേക്കും.

2015 സെപ്റ്റംബര്‍ 25-ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൌണ്ടര്‍സൈന്‍ ചെയ്തിരിക്കുന്നത് വനംവകുപ്പ് സെക്രട്ടറി രമ പി. നായരാണ്. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സംഘടന നല്‍കിയ പരാതിയില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഒന്നാം എതിര്‍കക്ഷിയും കേരള സര്‍ക്കാര്‍ രണ്ടാം എതിര്‍കക്ഷിയുമാണ്. 1993-ലെ സ്പെഷല്‍ റൂള്‍ അനുസരിച്ചു നല്‍കിയ പട്ടയഭൂമികളില്‍ പാറഖനനം നടക്കുന്നതിനെതിരേയാണു വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്. 1993-ലെ സ്പെഷല്‍ റൂള്‍ മൂന്ന് അനുസരിച്ച് കൃഷിക്കും അനുബന്ധ നിര്‍മാണങ്ങള്‍ക്കുമായാണ് ഭൂമിക്കു പട്ടയം നല്‍കിയിരിക്കുന്നതെന്നു പറയുന്നതിനൊപ്പം ഭൂമി ഇപ്പോള്‍ വനഭൂമിയായി തുടരുന്നു എന്നു പ്രത്യേകം പറയുന്നതില്‍ അനൌചിത്യം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലത്തില്‍ നാലാം പേജില്‍ ഒന്‍പതാം ഖണ്ഡികയില്‍ പട്ടയഭൂമിയില്‍ ഉള്ളതും പുതുതായി ഉണ്ടാകുന്നതുമായ മരങ്ങള്‍ വനംവകുപ്പിന്റേതാണെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ സംരക്ഷിക്കാന്‍ പട്ടയക്കാരനു ബാധ്യതയുണ്െടന്നും വ്യക്തമാക്കുന്നു. ഇത് അംഗീകരിച്ചാല്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍പോലും കര്‍ഷകര്‍ക്കു മുറിക്കാന്‍ കഴിയാതെവരും. മനഃപൂര്‍വമായി ചേര്‍ത്തിരിക്കുന്ന സത്യപ്രസ്താവനകളുടെ യുക്തി ചോദ്യംചെയ്യപ്പെട്ടേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.