ആദിവാസിക്കുടിയിലെ കൊലപാതകം: ആറുപ്രതികള്‍ പിടിയില്‍; തോക്ക് കണ്െടടുത്തു
ആദിവാസിക്കുടിയിലെ കൊലപാതകം: ആറുപ്രതികള്‍ പിടിയില്‍; തോക്ക് കണ്െടടുത്തു
Tuesday, October 6, 2015 12:46 AM IST
മറയൂര്‍: മറയൂരിനുസമീപം ആദിവാസിക്കുടിയില്‍ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ പോലീസ് പിടികൂടി. തീര്‍ഥമല ആദിവാസികോളനിയിലെ തങ്കസ്വാമിയുടെ മക്കളായ ശ്രീനിവാസന്‍(29), അന്നാസ്വാമി(39), വിജയകുമാര്‍(25), പരശുരാമന്‍(23) എന്നിവരെ ഞായറാഴ്ച്ച രാത്രി പതിനൊന്നോടെ പാമ്പന്‍മല ഭാഗത്തുനിന്നും ഇതേ കോളനിയിലെതന്നെ ദൊരരാജിന്റെ മകന്‍ കാശി പാണ്ടി (26), രാജിന്റെ മകന്‍ വെള്ളസ്വാമി(30) എന്നിവരെ തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ കോവില്‍കടവ് സഹായഗിരി ആശുപത്രിക്കു മുന്‍വശത്തുള്ള വെയിറ്റിംഗ് ഷെഡില്‍നിന്നുമാണു പോലീസ് പിടികൂടിയത്.

പോലീസ് പ്രതികളുമായി തീര്‍ഥമല കോളനിയിലെത്തി തെളിവെടുപ്പ് നടത്തി. കോളനിക്കുസമീപം തീര്‍ഥമല ആറിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വാറ്റുപുല്ലിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന നാടന്‍തോക്കും പോലീസ് കണ്െടത്തി. ബോസിനെ അടിച്ചുവീഴ്ത്താനായി ഉപയോഗിച്ച കാപ്പിവടി അന്നാസ്വാമിയുടെ വീടിനു പിന്‍വശത്തുനിന്നും കണ്െടത്തി. ഗൂഢാലോചന, ആയുധം കൈവശംവച്ച് ഉപയോഗിക്കുക, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വെടിയേറ്റ് കൊല്ലപ്പെട്ട ബോസും പ്രതികളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിയുള്ളതാണ്. പണം ആവശ്യപ്പെട്ട് ബോസും മകനും ചേര്‍ന്നു തങ്കസ്വാമിയെയും മക്കളെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ബോസിന്റെയും മകന്റെയും ഭീഷണിയെത്തുടര്‍ന്നു പ്രതികള്‍ മൂന്നുമാസത്തോളം വിവിധ ആദിവാസികോളനിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ കോളനിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇവരുടെ പറമ്പില്‍നിന്ന് ഏലക്കായ് എടുത്ത് ബോസ് വിറ്റിരുന്നു.


ഇതിനെത്തുടര്‍ന്ന് ഇവര്‍ മൂന്നാര്‍ ഡിവൈഎസ്പി, മൂന്നാര്‍ സിഐ എന്നിവര്‍ക്ക് തങ്ങള്‍ ബോസിന്റെ വധഭീഷണിയെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്നതിനെക്കുറിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറയൂര്‍ അഡീഷണല്‍ എസ്ഐ ലോറന്‍സ്, ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ എത്തി ഇവരെ കോളനിയില്‍ വീണ്ടും താമസിപ്പിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 30നാണ് കോളനിയില്‍നിന്നും ഒളിവില്‍പോയ ഇവരെ തിരികെയെത്തിച്ചത്. പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചക്കായി ബോസിനെ വിളിപ്പിച്ചെങ്കിലും ഇയാള്‍ സഹകരിച്ചില്ല. തങ്കസ്വാമിയും മക്കളും കോളനിയില്‍ എത്തിയ വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ ഏഴരയോടെ ബോസ് കോളനിയിലെത്തി. അന്നാസ്വാമിയുടെ വീടിന്റെ മുന്‍പിലെത്തി പ്രശ്നമുണ്ടാക്കി. തങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ വീണ്ടും ഉപദ്രവത്തിനെത്തിയാല്‍ ബോസിനെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ കരുതിയിരിക്കുകയായിരുന്നു തങ്കസ്വാമിയും സംഘവും. ഇവരില്‍ ശ്രീനിവാസന്‍ തോക്കെടുത്തു പിന്നില്‍നിന്നും ബോസിനെ വെടിവച്ചുവീഴ്ത്തി. താഴെവീണ ബോസിനെ തോക്കിന്റെ പാത്തിക്ക് തലയ്ക്കടിച്ചു. അന്നാസ്വാമി കാപ്പിവടികൊണ്ട് ബോസിന്റെ വലതുകൈ തല്ലിയൊടിച്ചു. വിജയ കുമാറും വെള്ളസ്വാമിയും ചേര്‍ന്നു കൈകാലുകളും കഴുത്തും ചേര്‍ത്ത് കൂട്ടിക്കെട്ടി വലിച്ചിഴച്ചും ചുമന്നും കൊണ്ടുപോയി പൊന്തകാട്ടില്‍ തള്ളി. ശ്രീനിവാസന്‍ ഹോസ് ഉപയോഗിച്ച് വെടിയേറ്റുവീണ സ്ഥലത്തെ രക്തം കഴുകിക്കളഞ്ഞശേഷം തോക്ക് ഒളിപ്പിച്ചു. പിന്നീട് സംഘം ഒളിവില്‍പ്പോവുകയാ യിരുന്നു.

മുന്നാര്‍ സിഐ എ.ആര്‍. ഷാനിഹാന്‍, മറയൂര്‍ എസ്ഐ ജി.എസ് ഹരി എന്നിവരൂടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.