മുഖപ്രസംഗം: അസഹിഷ്ണുതയുടെ അപകടക്കൊടുമുടി
Tuesday, October 6, 2015 11:58 PM IST
അസഹിഷ്ണുതയുടെ കൊടിമുടിയിലേക്കാണോ ഇന്ത്യന്‍ സമൂഹത്തിന്റെ യാത്ര? മതസഹിഷ്ണുതയുടെ കേദാരമായിരുന്ന രാജ്യത്ത് ഇപ്പോള്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും ഒക്കെപ്പേരില്‍ സ്പര്‍ധയും വിദ്വേഷവും തഴയ്ക്കുകയാണ്. ഇതു നാശത്തിലേക്കുള്ള പാതയാണെന്ന് ആര്‍ക്കാണറിയാത്തത്? ഗോമാംസം കഴിച്ചതിന് ഒരാളെ തല്ലിക്കൊന്ന സംഭവം ഏതാനും ദിവസംമുമ്പുണ്ടായപ്പോള്‍, തീരെ വിവരമില്ലാത്തവര്‍ ചെയ്ത മൃഗീയതയായി കണക്കാക്കി ഞെട്ടല്‍ ലഘൂകരിക്കാന്‍ സാധാരണക്കാര്‍ ശ്രമിച്ചു. എന്നാല്‍, ആ സംഭവം ഗോമാംസം കഴിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി പറഞ്ഞുവെന്ന വാര്‍ത്ത കൂടുതല്‍ ഞെട്ടല്‍ ഉണ്ടാക്കുന്നു. ഇത്തരം സംഭവങ്ങളും പ്രതികരണങ്ങളും വര്‍ധിച്ചുവരുന്നതു സമാധാനകാംക്ഷികളില്‍ വലിയ ഭയാശങ്കകളാണു സൃഷ്ടിക്കുന്നത്. സഹിഷ്ണുതയ്ക്കും മാനവികതയ്ക്കും പേരുകേട്ടൊരു സംസ്കൃതിയുടെ ഈ തകര്‍ച്ച ഞെട്ടിക്കുന്നതാണ്.

ഒരാളുടെ ഭക്ഷണം എന്താകണം എന്നു മറ്റുള്ളവര്‍ നിശ്ചയിക്കുന്ന സാഹചര്യം അടിസ്ഥാനപരമായ വ്യക്തിസ്വാതന്ത്യ്രത്തിലേക്കുള്ള കടന്നുകയറ്റമാണ്. സ്വന്തം വിശ്വാസവും ആചാരങ്ങളും വച്ചുപുലര്‍ത്താനും കര്‍മങ്ങള്‍ അനുഷ്ഠിക്കാനും ഓരോ മനുഷ്യനും അവകാശമുണ്ട്. അതുപക്ഷേ മറ്റുള്ളവരുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമാവരുത്. മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ പ്രസ് കൌണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിനെപ്പോലുള്ള ചുരുക്കം പേര്‍ മാത്രം ദാദ്രിയില്‍ നടന്ന കൊലപാതകത്തോടു ശക്തമായി പ്രതികരിച്ചുകണ്ടു. തൊട്ടതിനും പിടിച്ചതിനും പ്രസ്താവനകളുമായി രംഗത്തെത്തുന്ന രാഷ്ട്രീയ, സാംസ്കാരിക നായകര്‍ ഇത്തരം സംഭവങ്ങളോടു പരസ്യമായി പ്രതികരിക്കാത്തതു കഷ്ടംതന്നെ.

പ്രമുഖ കന്നഡ സാഹിത്യകാരനും ഹംപിയിലെ കന്നഡ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ മല്ലേശപ്പ എം. കല്‍ബുര്‍ഗി കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ വെടിയേറ്റു മരിച്ചത് ഓഗസ്റ് അവസാനമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ സാഹിത്യകൃതികളിലൂടെ പോരാടിവന്ന കല്‍ബുര്‍ഗി കര്‍ണാടകത്തിലെ ഒരു പ്രബല സമുദായത്തിനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രതിഷേധത്തിനു കാരണമായിരുന്നു. തുടര്‍ന്ന് ആ സമുദായത്തിലെ സന്യാസിമാരോടു കല്‍ബുര്‍ഗി മാപ്പപേക്ഷ നടത്തി. എന്നിട്ടും തീവ്രവാദികള്‍ അദ്ദേഹത്തിന്റെ ജീവനെടുത്തിട്ടേ തൃപ്തരായുള്ളൂ. എംജി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും ജ്ഞാനപീഠ ജേതാവുമായ ഡോ. യു.ആര്‍. അനന്തമൂര്‍ത്തിക്കും ചില പ്രസ്താവനകളുടെ പേരില്‍ തീവ്രവാദ സംഘടനകളില്‍നിന്നു വലിയ ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട്.

സദാചാര കാവല്‍ക്കാരായി ചമയുന്ന ചിലരുടെ അതിക്രമങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചുവരുകയാണ്. മംഗളൂരുവില്‍ ഇതര സമുദായത്തില്‍പ്പെട്ട യുവതിയോടു സംസാരിച്ചതിന്റെ പേരില്‍ യുവാവിനെ ബജ്രംഗ്ദള്‍പ്രവര്‍ത്തകര്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ശാസ്ത്ര-സാങ്കേതികവിദ്യാപരമായും അദ്ഭുതകരമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇത്തരം അപരിഷ്കൃതമായ സംഭവങ്ങള്‍ നടക്കുന്നുവെന്നതു വലിയൊരു വൈരുധ്യംതന്നെ.


ഒരുവശത്തു രാജ്യം പുരോഗമിക്കുമ്പോള്‍ മറുവശത്തു യാഥാസ്ഥിതികതയും വര്‍ഗീയതയും സങ്കുചിതത്വവും വളരുന്നു. സാഹോദര്യത്തിലും പരസ്പര സഹിഷ്ണുതയിലും കഴിയുന്ന ജനങ്ങളുടെ ഇടയില്‍പ്പോലും വിഭാഗീയത വളര്‍ത്തിയെടുക്കാന്‍ ചിലര്‍ ബോധപൂര്‍വമായശ്രമം നടത്തുന്നു. തികച്ചും അടിസ്ഥാനരഹിതമായ അപവാദ പ്രചാരണങ്ങള്‍ നടത്തി കലാപം ഇളക്കിവിടുന്നവരുമുണ്ട്. നിര്‍ദോഷമായിരുന്ന ആചാരങ്ങളില്‍പ്പോലും വര്‍ഗീയതയും ജാതീയതയും കലര്‍ത്തപ്പെടുന്നു. രാജ്യത്തെ ഈ പ്രവണതകളെല്ലാം വിദ്യാസമ്പന്നമായ കേരളത്തിലും ശക്തമായിത്തന്നെയുണ്ട്. സംസ്കാരസമ്പന്നരുടെ നാടെന്ന പേര് കളഞ്ഞുകുളിച്ചാല്‍ കേരളത്തിനു പിന്നെ അഭിമാനിക്കാന്‍ ഒന്നുമില്ല.

രാജസ്ഥാനിലെ ജോധ്പൂരിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ ദളിത് ബാലന് ഈയടുത്തദിവസം അധ്യാപകന്റെ മര്‍ദനം ഏല്‍ക്കേണ്ടിവന്നു. അധ്യാപകന്റെ ഉച്ചഭക്ഷണം വച്ചിരുന്ന പാത്രത്തില്‍ തൊട്ടതാണത്രേ കുറ്റം. ക്ഷേത്രത്തിലേക്കു കടക്കാന്‍ ശ്രമിച്ച തൊണ്ണൂറു വയസുള്ള ദളിത് വൃദ്ധനെ ഉത്തര്‍പ്രദേശില്‍ ചുട്ടുകൊന്ന സംഭവത്തിനു തൊട്ടുപിന്നാലെയായിരുന്നു അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും ഈ ദുരനുഭവം.

രാജ്യത്തു മാധ്യമങ്ങള്‍ കൂടുതല്‍ വ്യാപകമായതോടെയാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി വാര്‍ത്തകളില്‍ വരുന്നതെന്നൊരു വാദമുണ്ട്. അതില്‍ കുറെ വസ്തുതയുണ്ടായിരിക്കാം. എന്നിരുന്നാലും നാനാവിധമായ വളര്‍ച്ചയുടെ പേരില്‍ ഊറ്റംകൊള്ളുന്ന ഒരു സമൂഹത്തിന് അന്താരാഷ്ട്ര വേദികളില്‍ അപമാനിതമാവാന്‍ ഇത്തരം സംഭവങ്ങള്‍ ധാരാളം. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവിടെ രക്ഷയില്ലാതായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒരു പ്രാദേശിക വാര്‍ത്താചാനലിലെ ജീവനക്കാരനെ കഴിഞ്ഞദിവസം ആരോ വെടിവച്ചുകൊന്നു. നാലുമാസത്തിനിടെ ഇതു മൂന്നാം പ്രാവശ്യമാണു യുപിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു.

ലോകസമൂഹത്തിനുമുന്നില്‍ ഇന്ത്യയുടെ തിളക്കം വര്‍ധിക്കുന്നതായി വീമ്പു പറയുന്നവര്‍ ഇത്തരം പ്രാകൃതവും അപമാനകരവുമായ സംഭവങ്ങക്കുെറിച്ച് എന്തു പറയുന്നു? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ എന്തു ചെയ്യുന്നുണ്ട്? സ്വന്തമായ മുതലെടുപ്പുമാത്രം ലക്ഷ്യമിട്ട് അനങ്ങാതിരിക്കുന്ന ഭരണാധികാരികള്‍ രാജ്യം ഏത് അപകടത്തിലേക്കാണു നീങ്ങുന്നതെന്നു ചിന്തിക്കുന്നില്ല. വിദ്വേഷം വളര്‍ത്തുന്നവരെ നിയന്ത്രിക്കാതിരുന്നാല്‍ ആപത്ത് അധികാരികള്‍ക്കുമുണ്ടാകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.