സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണം: സംയുക്ത ട്രേഡ് യൂണിയന്‍
Monday, October 5, 2015 1:02 AM IST
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു തോട്ടംതൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന ട്രേഡ് യൂണിയന്‍ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 500 രൂപ കൂലി നല്‍കാന്‍ കഴിയില്ല എന്നു പറയുന്നതു വിചിത്രമാണെന്നു യോഗം വിലയിരുത്തി. നിലവിലെ കരാറിലെ വ്യവസ്ഥപ്രകാരം കൂലി കൂട്ടി നല്കാന്‍ കെഡിഎച്ച്പി മാനേജ്മെന്റ് ഉള്‍പ്പെടെ എല്ലാ തോട്ടമുടമകളും ബാധ്യസ്ഥരാണ്.

സര്‍ക്കാര്‍ പിഎല്‍സി മീറ്റിംഗില്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടണം. തൊഴിലാളികള്‍ ആരംഭിച്ചിട്ടുള്ള പണിമുടക്കിന്റെ ഫലമായി തൊഴിലാളികളുടെ കുറ്റം കൊണ്ടല്ലാതെ തേയിലത്തോട്ടങ്ങള്‍ നശിച്ചു പോകാനും കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാകാനും ഇടവരും. ആ നഷ്ടം കണക്കിലെടുക്കുമ്പോള്‍ അതിന്റെ എത്രയോ ചെറിയ ഒരു അംശം മാത്രമാണ് 500 രൂപ കൂലി. ദുരിതം നേരിടുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്ഐ ബാധകമാക്കണം. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ പുതുക്കിപ്പണിതു സൌകര്യപ്രദമാക്കണം. ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഐക്യദാര്‍ഢ്യമായി സംസ്ഥാന വ്യാപക പണിമുടക്ക് നടത്തേണ്ടിവരുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതിയോഗം അംഗീകരിച്ച പ്രമേയം പറയുന്നു.


എറണാകുളം ഗസ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം അധ്യക്ഷത വഹിച്ചു. എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, കെ. ചന്ദ്രന്‍പിള്ള (സിഐടിയു), കെ.കെ. ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി), ഉദയഭാനു (എഐടിയുസി), ചാള്‍സ് ജോര്‍ജ്(ടിയുസിഐ സംസ്ഥാന സെക്രട്ടറി), കെ.എന്‍. ഗോപിനാഥ് (സിഐടിയു), എ.എസ്. രാധാകൃഷ്ണന്‍ (എച്ച്എംഎസ്), എം.പി. ഭാനു (കെടിയുസി-ജെ), എസ്.സത്യപാലന്‍ (യുടിയുസി), പി. കൃഷ്ണമ്മാള്‍ (എന്‍ടിയുഐ), കെ.ടി. വിമലന്‍ (യുടിയുസി), മൈജോ കെ.അഗസ്റിന്‍ (ഐഎന്‍ടിയുസി), സി.പി. ജോയി (കെടിയുസി-എം) തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.