ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കല്‍: കേരളത്തിന് എന്‍എച്ച് അഥോറിറ്റിയുടെ മുന്നറിയിപ്പ്
ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കല്‍: കേരളത്തിന് എന്‍എച്ച് അഥോറിറ്റിയുടെ മുന്നറിയിപ്പ്
Monday, October 5, 2015 12:40 AM IST
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: ദേശീയപാത വികസനത്തിനായി 45 മീറ്ററില്‍ സ്ഥലമേറ്റെടുത്തു നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന ദേശീയപാത അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. സര്‍വേ പൂര്‍ത്തിയാക്കി ഉടന്‍ സ്ഥലമേറ്റെടുക്കണമെന്നു കാണിച്ചു നാഷണല്‍ ഹൈവേ അഥോറിറ്റി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു യോഗം.

തിരുവനന്തപുരത്തു ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ രാവിലെ 11നാണ് യോഗം. പൊതുമരാമത്ത് സെക്രട്ടറി, റവന്യു സെക്രട്ടറി, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍, പാത കടന്നുപോകുന്ന ജില്ലയിലെ കളക്ടര്‍മാര്‍, എന്‍എച്ച് അക്വസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍, എന്‍എച്ച് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സമയബന്ധിതമായി സ്ഥലമേറ്റെടുത്തു നല്‍കുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ ദേശീയപാത വികസനം കേരളത്തില്‍ ഉപേക്ഷിക്കുമെന്നാണ് എന്‍എച്ച് അഥോറിറ്റിയുടെ മുന്നറിയിപ്പ്. പുതുതായി ചുമതലയേറ്റ ദേശീയപാത അഥോറിറ്റി ചെയര്‍മാന്‍ രാഘവ് ചന്ദ്രയുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരമാണു മുഖ്യമന്ത്രിക്കടക്കം കത്തു നല്‍കിയത്.

കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു കേരളത്തിലെ ദേശീയപാത വികസനവുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ തീരുമാനിച്ചത്. 45 മീറ്ററില്‍ സ്ഥലമേറ്റെടുത്തു നല്‍കുമെന്നു മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.


തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണു സ്ഥലം ഏറ്റെടുക്കുന്നതിനു പിന്നിലെ സര്‍ക്കാര്‍ അലംഭാവത്തിനു കാരണമെന്ന ആരോപണവും ശക്തമാണ്. തിരുവനന്തപുരം കഴക്കൂട്ടം-മുക്കോല റോഡ് നിര്‍മാണം ആരംഭിച്ചതാണു കേരളത്തിലുണ്ടായ ഏക നടപടി. ദേശീയപാത17ല്‍ കാസര്‍ഗോഡിനും ഇടപ്പള്ളിക്കും ഇടയില്‍ പല സ്ഥലങ്ങളിലും സര്‍വേ പോലും നടന്നിട്ടില്ല. വെങ്ങളം-രാമനാട്ടുകര പാതയ്ക്ക് 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചു. എന്നാല്‍, കുറ്റിപ്പുറം വരെയുള്ള സര്‍വേ പോലും പൂര്‍ത്തിയായിട്ടില്ല.

അരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള റോഡ് വികസനവും തദ്ദേശവാസികളുടെ എതിര്‍പ്പില്‍ കുരുങ്ങിയിരിക്കുകയാണ്. ദേശീയപാത 47ല്‍ വാളയാര്‍-വടക്കാഞ്ചേരി ഭാഗത്ത് വലിയ പ്രശ്നങ്ങളില്ല. മഴ കഴിഞ്ഞാലുടന്‍ ഇവിടെ നിര്‍മാണം തുടങ്ങുമെന്നാണു പ്രതീക്ഷ. മണ്ണുത്തി -അങ്കമാലി -ആലുവ ഭാഗത്തു സര്‍വീസ് റോഡ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. ദേശീയപാത 17ല്‍ ബിഒടിക്കാരെ ഒഴിവാക്കി കരാറുകാരെ വച്ചാകും റോഡ് നിര്‍മിക്കുക. ഇതിനുള്ള തുക പിന്നീടു ടോളായി പിരിച്ചെടുക്കാനാണ് ആലോചിക്കുന്നത്.

തിരുവനന്തപുരത്തു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ച 34,000 കോടിയുടെ കേരള വികസന പദ്ധതികളില്‍ പ്രധാനം ദേശീയപാത വികസനമാണ്. ഇതിനിടെ, സംസ്ഥാനത്തു നിര്‍ത്തിവച്ച ദേശീയപാത വികസനപദ്ധതികള്‍ക്കായി വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ പുതിയ കണ്‍സള്‍ട്ടന്റിനായി ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഈ മാസം പകുതിയോടെ കണ്‍സള്‍ട്ടന്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണു സൂചന. സ്ഥലമേറ്റെടുപ്പ് നടക്കാത്ത പക്ഷം കേന്ദ്രഫണ്ട് സംസ്ഥാനത്തിനു നഷ്ടമാകും. ഇക്കാര്യങ്ങളെല്ലാം നാളെ നടക്കുന്ന യോഗം വിശദമായി ചര്‍ച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.