കൊടുംമഴയത്തും ആവേശവുമായി മൂന്നാര്‍ സമരം
കൊടുംമഴയത്തും ആവേശവുമായി മൂന്നാര്‍ സമരം
Monday, October 5, 2015 12:56 AM IST
മൂന്നാര്‍: തകര്‍ത്തു പെയ്ത മഴയ്ക്കും മൂന്നാറിലെ സമരത്തിന്റെ ആവേശത്തെ തണുപ്പിക്കാനായില്ല. ഏഴുദിനം പിന്നിട്ട ട്രേഡ് യൂണിയന്‍ സമരവും അഞ്ചുദിനം പിന്നിട്ട പൊമ്പിളൈ ഒരുമൈ സമരവും ഇന്നലെയും ശക്തമായി തുടര്‍ന്നു. 500 രൂപ വേതനമെന്ന ആവശ്യത്തില്‍ നാളെ പിഎല്‍സി യോഗം ചേരുന്ന സാഹചര്യത്തില്‍ ഇരുപക്ഷത്തും ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ആലോചനകളുമാണ് നടന്നുവന്നത്. പൊമ്പിളൈ ഒരുമൈ വേദിയില്‍ സ്ത്രീതൊഴിലാളികള്‍ രാപകല്‍ നിരാഹാരം അനുഷ്ഠിക്കുന്നതിനാല്‍ രാവിലെ മുതല്‍ സ്ത്രീ തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരുന്നു. 10.30 ഓടെ കനത്തമഴ പെയ്തു. ഈ മഴയിലൊന്നും കെടാത്ത വീര്യവുമായി സമരപ്പന്തലില്‍ പൊമ്പിളൈ ഒരുമൈ നേതാക്കളും അനുയായായികളും അണിചേര്‍ന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൃത്യതയാര്‍ന്ന മൂന്നൊരുക്കങ്ങളുമായാണ് സ്ത്രീകളെത്തിയത്. ടാറ്റാ ഗ്ളോബല്‍, കണ്ണന്‍ ദേവന്‍ പ്ളാന്റേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് ഒരുദിവസം ലഭിക്കുന്ന ലാഭക്കണക്ക് ചൂണിക്കാണിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. സ്ത്രീതൊഴിലാളികള്‍ പിടിച്ചിരുന്ന ഒരു പ്ളക്കാര്‍ഡില്‍ എഴുതിയിരുന്നതു മനഃസാക്ഷിയുള്ളവര്‍ക്ക് ഇവിടെ വരാം എന്നായിരുന്നു. ഒരുക്കങ്ങളെല്ലാം നടത്തുന്നുണ്െടങ്കിലും സംഘടനാ സംവിധാനത്തിന്റെ അഭാവം എല്ലാ പ്രവര്‍ത്തനങ്ങളിലും നിഴലിക്കുന്നുണ്ടായിരുന്നു. പിഎല്‍സി യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും സ്ത്രീ തൊഴിലാളികള്‍ അറിയിച്ചു.

അതേസമയം, മുന്‍ ദിനങ്ങളെ അപേക്ഷിച്ച് ട്രേഡ് യൂണിയനു ആവേശം നിലനിര്‍ത്താനായില്ല. ഇന്നലെ രാവിലെ അല്പം തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ വളരെ കുറച്ചു തൊഴിലാളികള്‍ മാത്രമേ സമരമുഖത്ത് ഉണ്ടായിരുന്നുള്ളൂ. മുപ്പതോളം സ്ത്രീകള്‍ മാത്രമാണ് ഈ സമയത്തുണ്ടായിരുന്നത്. ആറു പേര്‍ നിരാഹാരം അനുഷിഠിക്കുന്നവരുടെ സമരം ഇന്നലെ മൂന്നുദിനം പിന്നിട്ടു. രാവിലെ സമരപ്പന്തലില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എത്തിയിരുന്നു. ട്രേഡ് യൂണിയന്‍ സമരവേദിയില്‍ അണികളെ അഭിസംബോധന ചെയ്ത അദ്ദേഹം തൊഴിലാളികളുടെ ആവശ്യത്തിന്മേല്‍ അടിയന്തരമായി ഉചിതമായ നടപടി കൊള്ളണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാളെ പിഎല്‍സിയില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഉച്ചകഴിഞ്ഞു ഫോര്‍വേഡ് ബ്ളോക്ക് ദേശീയ നേതാവ് ജി.ദേവരാജന്‍ ട്രേഡ് യൂണിയന്‍ പന്തലിലെത്തി സമരക്കാര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.


സമരക്കാര്‍ പുറത്തുവിട്ടതു കമ്പനിയുടെ ഭീമന്‍ ലാഭക്കണക്ക്

പൊമ്പിളൈ ഒരുമൈ സമരവേദിയില്‍ ഇന്നലെ പ്രദര്‍ശിച്ചതു ടാറ്റാ കമ്പനിക്കും കണ്ണന്‍ ദേവന്‍ പ്ളാന്റേഷന്‍ കമ്പനിക്കും ലഭിക്കുന്ന ഭീമന്‍ ലാഭത്തിന്റെ കണക്ക്. ഇതില്‍ ഒരു ദിവസം ഒരു തൊഴിലാളി 150 കിലോ കൊളുന്ത് എടുക്കുകയാണെങ്കില്‍ അതില്‍നിന്ന് 37.5 കിലോഗ്രാം വരെ തേയില ഉത്്പാദനമുണ്ടാകുമെന്നും അവര്‍ അവകാശപ്പെടുന്നു. കമ്പനി നല്‍കുന്ന വില 84 രൂപയാണ്. അങ്ങനെ ഒരു തൊഴിലാളി ഒരു ദിവസം 3,150 രൂപ കമ്പനിക്കു ലാഭമുണ്ടാക്കിക്കൊടുക്കുന്നു. എന്നാല്‍, തൊഴിലാളിക്ക് ലഭിക്കുന്നത് 231 രൂപ. ഒരു ദിവസം ഉണ്ടാകുന്ന ചെലവുകള്‍ കുറച്ചാല്‍ക്കൂടി ഒരു തൊഴിലാളി വഴി 900 രൂപയുടെ ലാഭമാണു കമ്പനിക്കുണ്ടാകുന്നത്. 12,000ത്തിലധികം തൊഴിലാളികള്‍ ഉള്ള കമ്പനിയില്‍ ശരാശരി 8,000 തൊഴിലാളികള്‍ തോട്ടങ്ങളിലെത്തുന്നു. അപ്രകാരം ഈ തൊഴിലാളികള്‍ അധ്വാനിച്ചാല്‍ അവരുടെ അധ്വാനത്തിലൂടെ കമ്പനിക്കു ലഭിക്കുന്ന ഒരു ദിവസത്തെ ലാഭം 72 ലക്ഷം രൂപയാണ്. ഒരു വര്‍ഷം 310 ദിവസം ജോലി ചെയ്താല്‍ കമ്പനിക്ക് ഉണ്ടാകുന്ന ലാഭം 223.20 കോടി രൂപയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യമായാണു കമ്പനിയുടെ ലാഭക്കണക്കിന്റെ പരസ്യപ്രദര്‍ശനവുമായി ഇവരെത്തിയത്.



പൊമ്പിളൈ ഒരുമൈയില്‍ രാഷ്ട്രീയക്കാര്‍ക്കു വീണ്ടും നിരോധനം

തലേദിവസം രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ഇരുകരം നീട്ടി സ്വീകരിച്ച പൊമ്പിളൈ ഒരുമൈ സമരവേദി വീണ്ടും പഴയനിലയിലായി. കഴിഞ്ഞ ദിവസം സമരപ്പന്തലിലെത്തിയ പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍, സിപിഐ സംസ്ഥാന നേതാവ് കെ.പി. രാജേന്ദ്രന്‍ എന്നിവരെ ഇരുകരം നീട്ടി സ്വീകരിച്ചിരുന്നു. കൂടാതെ ബിജെപിയുടെ ഭാഗമായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നേതാക്കളായ അഡ്വ. സിന്ധുമോള്‍, ആശാമോള്‍, ജില്ലാ സെക്രട്ടറി എന്‍.വി.ശശിധരന്‍ എന്നിവരെ സമര വേദിയിലിരുത്താന്‍ അനുവദിച്ചിരുന്നു. ഇത് അണികളില്‍ അഭിപ്രായ വ്യത്യാസം സൃഷ്ടിച്ചതോടെയാണു പൊമ്പിളൈ ഒരുമൈയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട എന്നു തീരുമാനമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.