പ്രൊപ്പല്ലറില്‍ വല കുടുങ്ങി; മത്സ്യബന്ധനത്തിനിടെ ബോട്ടുമറിഞ്ഞ് ഒരു മരണം
പ്രൊപ്പല്ലറില്‍ വല കുടുങ്ങി; മത്സ്യബന്ധനത്തിനിടെ ബോട്ടുമറിഞ്ഞ് ഒരു മരണം
Monday, October 5, 2015 12:56 AM IST
ചാവക്കാട്: മത്സ്യബന്ധനത്തിനിടെ പ്രൊപ്പല്ലറില്‍ വലക്കുടുങ്ങി ബോട്ടുമറിഞ്ഞ് ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്കു പരിക്കേറ്റു. ചാവക്കാട് അണ്ടത്തോട് തെക്കേക്കാട്ടില്‍ അലി (60)യാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചാലില്‍ മൊയ്തുണ്ണി (46), കുമ്പളത്തായില്‍ മൊയ്തീന്‍ കോയ (33) എന്നിവരാണു രക്ഷപ്പെട്ടത്.

ഇന്നലെ പുലര്‍ച്ചെ 5.30നു ചാവക്കാട് പാപ്പാളി ബീച്ചില്‍നിന്നു മത്സ്യബന്ധനത്തിനു പോയതായിരുന്നു ഇവര്‍. മൂന്നുപേര്‍ക്കു സഞ്ചരിക്കാവുന്ന ചെറിയ ഫൈബര്‍ ബോട്ടിലായിരുന്നു യാത്ര. പരിക്കേറ്റ ചാലില്‍ മൊയ്തുണ്ണിയുടേതാണു ബദര്‍ എന്നു പേരുള്ള ഈ ബോട്ട്. ഇവര്‍ വലനീട്ടിയിട്ടിരുന്നതു ശ്രദ്ധിക്കാതെ അഴീക്കോട് മുനമ്പത്തുനിന്നുവന്ന സെന്റ് ജൂഡ് എന്ന വലിയ മത്സ്യബന്ധന ബോട്ട് കയറിയിറങ്ങുകയും വല പ്രൊപ്പല്ലറില്‍ കുടുങ്ങുകയുമായിരുന്നു. ഇതോടെ വലയുടെ മറ്റേയറ്റം കെട്ടിയിരുന്ന ബദര്‍ ബോട്ട് മറിഞ്ഞു. മൂവരും വെള്ളത്തില്‍ വീണെങ്കിലും ആര്‍ക്കും ബോട്ടില്‍ പിടിത്തം കിട്ടിയില്ല. അപകടത്തില്‍ മരിച്ച അലിക്കു നീന്തല്‍ അറിയില്ലായിരുന്നു. മൊയ്തീന്‍ കോയയും മൊയ്തുണ്ണിയും ചേര്‍ന്ന് അലിയെ പിടിച്ചു മറിഞ്ഞ വള്ളത്തില്‍ പിടിത്തമിട്ടെങ്കിലും അലിയെ രക്ഷിക്കാനായില്ല. ഒരു കിലോമീറ്റര്‍ അപ്പുത്തായിരുന്ന സെന്റ് ജൂഡ് ബോട്ട് വലയെല്ലാംനീക്കി സ്ഥലത്തെത്താന്‍ വളരെ വൈകിയിരുന്നു. ഇതിനിടെ മറ്റിരുവരും കുഴഞ്ഞിരുന്നു. പാപ്പാളി ബീച്ചില്‍നിന്നും 15 നോട്ടിക്കല്‍ മൈല്‍ (27.78 കിലോമീറ്റര്‍) പടിഞ്ഞാറുവശത്തായാണ് അപകടം സംഭവിച്ചത്.

അഴീക്കോട് തീരദേശ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി.വി. ബേബിയുടെ നിര്‍ദേശാനുസരണം എസ്ഐ സജിന്‍ ശശി, കടലോര ജാഗ്രതാസമിതി കോ- ഓര്‍ഡിനേറ്റര്‍കൂടിയായ എസ്ഐ പോള്‍സണ്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ കരമാര്‍ഗവും എഎസ്ഐ പി. മാത്യു കടല്‍മാര്‍ഗവും സ്ഥലത്തെത്തി. സെന്റ് ജൂഡ് ബോട്ടിന്റെ വലുപ്പ ക്കൂടുതല്‍ മൂലം ചാവക്കാട്ടേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ചാവക്കാട് എസ്ഐ എ.പി. അനൂപ ്മോനുമായി ബന്ധപ്പെടുകയും ജാഗ്രതാസമിതി അംഗം കൂടിയായ പോക്കാക്കില്ലത്ത് റസാക്ക് തന്റെ റാഷിഖ എന്ന ബോട്ടുമായി അപകടസ്ഥലത്തെത്തുകയും രക്ഷപ്പെട്ടവരെയും മരിച്ച അലിയെയും തീരത്തെത്തിക്കുകയുമായിരുന്നു. ശക്തമായ തിരയിലും കാറ്റിലുംപെട്ടു രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഈ ബോട്ടിനും കേടുപാടു സംഭവിച്ചു.


ഇതിനിടെ, കരയില്‍നിന്നു ചാവക്കാട് എസ്ഐ അനൂപ്മോന്‍, അഡീഷണല്‍ എസ്ഐ അനില്‍ മാത്യു എന്നിവര്‍ പൊതുപ്രവര്‍ത്തകനായ ടി. കെ. മുബാറക്കിന്റെ നേതൃത്വത്തില്‍ അപകടസ്ഥലത്തേക്കു പുറപ്പെട്ടിരുന്നു. കരയില്‍ സിഐ എ.ജെ. ജോണ്‍സന്‍ എഎസ്ഐമാരായ എം.ഗോവിന്ദന്‍, പ്രസാദ് എന്നിവരുമുണ്ടായിരുന്നു. ലൈഫ്കെയറിന്റെ ആംബുലന്‍സും തയാറാക്കി നിറുത്തിയിരുന്നു.

തീരദേശ എസ്ഐ സജിന്‍ ശശി, അലിയുടെ മൃതദേഹം ഇന്‍ക്വസ്റ് നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. വൈകുന്നേരം മന്ദലാംകുന്ന് ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ അലിയുടെ മൃതദേഹം ഖബറടക്കി.

ഭാര്യ: ആമിന. മക്കള്‍: ഉമര്‍ ഫാറൂഖ്, ബുഷറ, ഫസരിയ്യ, സുലൈമാന്‍, ഫൌസിയ, അബ്ദുല്‍ മുത്തലിബ്, നസീറ. മരുമക്കള്‍: സലീം, നദീറ, ജാഫര്‍, ഹസീന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.