നായ കടിച്ചാല്‍ എന്താണിത്ര വാര്‍ത്ത? ജസ്റീസ് നാരായണക്കുറുപ്പ്
നായ കടിച്ചാല്‍ എന്താണിത്ര വാര്‍ത്ത? ജസ്റീസ് നാരായണക്കുറുപ്പ്
Monday, October 5, 2015 12:54 AM IST
കൊച്ചി: പത്രങ്ങളില്‍ കാണുന്നതുപോലെ തെരുവുനായ്ക്കളെ താന്‍ കാണാറില്ലെന്നും മാധ്യമങ്ങള്‍ ഭീതിജനിപ്പിക്കും വിധം ഒരുപക്ഷത്തുനിന്നുള്ള വാര്‍ത്തകള്‍ മാത്രമാണു നല്‍കുന്നതെന്നും കേരള പോലീസ് കംപ്ളെയ്ന്റ്സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റീസ് കെ. നാരായണക്കുറുപ്പ്. തെരുവുനായ്ക്കള്‍ മനുഷ്യനെ കടിച്ചാല്‍ അതിലെന്താണിത്ര വാര്‍ത്തയെന്നും മൃഗസ്നേഹികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം ചോദിച്ചു.

നായ്ക്കള്‍ക്കെതിരേയല്ല, നായ്ക്കളുടെ വന്ധ്യംകരണത്തിനും പ്രതിരോധമരുന്നു നല്‍കുന്നതിനുമുള്‍പ്പെടെ പണം നീക്കിവച്ചിട്ട് ഒന്നുംചെയ്യാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരേയാണു നടപടി എടുക്കേണ്ടത്. കുട്ടികള്‍ക്കുള്‍പ്പെടെ നായ്ക്കളുടെ കടിയേല്‍ക്കുന്നതില്‍ പലവിധത്തിലുള്ള പ്രകോപനത്തിനു നിര്‍ണായക പങ്കുണ്െടന്നും അദ്ദേഹം പറഞ്ഞു.

നായ്ക്കള്‍ മനുഷ്യനെ കടിക്കുന്നതിനു പ്രധാന കാരണം മനുഷ്യന്‍ തന്നെയാണ്. വാഹനങ്ങളുടെ ശബ്ദം അനുവദനീയമായതിന്റെ പത്തിരട്ടിയാക്കിയും കല്ലെറിഞ്ഞും പലവിധത്തില്‍ ശല്യപ്പെടുത്തുമ്പോഴാണു നായ്ക്കള്‍ ആക്രമണകാരികളാകുന്നത്. ഈ വശങ്ങളൊന്നും കാണാതെ ഒരുപക്ഷത്തുനിന്നു മാത്രമാണു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. എവിടെയെങ്കിലും നായ കടിച്ചുവെന്നു കേട്ടാലുടന്‍ കൂട്ടത്തോടെ നായ്ക്കളെ കൊന്നൊടുക്കുകയല്ല വേണ്ടത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതു ഭരണഘടനാലംഘനവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. അതുകൊണ്ടാണു നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നവര്‍ക്കെതിരേ നിയമനടപടി വേണമെന്നു ഡിജിപിയോട് ആവശ്യപ്പെട്ടത്.


കൂട്ടത്തോടെ കൊന്നൊടുക്കുന്നതല്ല തെരുവുനായ ശല്യത്തിനു പരിഹാരം. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും പ്രതിരോധ കുത്തിവയ്പ് നല്‍കുകയുംചെയ്ത ശേഷം വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്കു വിട്ടുകൊടുക്കണം. മാലിന്യം ഭക്ഷണമാക്കി വളരുന്നതാണു തെരുവുനായ്ക്കളുടെ അക്രമസ്വഭാവത്തിനു കാരണമെന്നു പറയപ്പെടുന്നുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിനു തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്ന കാര്യം മൃഗസ്നേഹികള്‍ പരിഗണിക്കണം.

തെരുവുനായ്ക്കളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്േടാ എന്നു സര്‍വേയിലൂടെ കണ്െടത്തി അതു തടയാന്‍ ആവശ്യമായ നടപടി തദ്ദേശസ്ഥാപനങ്ങള്‍ എടുക്കണം. പേവിഷബാധകൊണ്ട് അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതിന് എതിരല്ല. അതിനായി കൂട്ടത്തോടെ നായ്ക്കളെ കൊല്ലരുത്. വീട്ടില്‍ക്കയറി എല്ലാവരെയും കടിച്ചുകീറുന്ന സാഹചര്യമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് അപ്പോള്‍ ആലോചിക്കാം.

മൃഗസ്നേഹികളുടെ സംഘടനകളായ ദയ, മാഡ്ഡോഗ്സ് ട്രസ്റ്, കര്‍മ, എച്ച്എഫ്എ എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കാനും സംഘടനകള്‍ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.