വിദ്യാഭ്യാസം ഏഴാംക്ളാസ് മാത്രം; മോഷണത്തില്‍ അതിവിദഗ്ധന്‍
വിദ്യാഭ്യാസം ഏഴാംക്ളാസ് മാത്രം; മോഷണത്തില്‍ അതിവിദഗ്ധന്‍
Monday, October 5, 2015 12:51 AM IST
കാഞ്ഞങ്ങാട്: ഏഴാം ക്ളാസ് മാത്രം വിദ്യാഭ്യാസമുള്ള അബ്ദുള്‍ ലത്തീഫ് കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ അതിവിദഗ്ധന്‍. ഒരു തെളിവും അവശേഷിപ്പിക്കാതെ കവര്‍ച്ച നടത്തി രക്ഷപ്പെടുകയാണു ലത്തീഫിന്റെ പദ്ധതി. വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു സമ്പന്നനാകുക എ ന്നതായിരുന്നു ഈ ചെറുപ്പക്കാരന്റെ ജീവിതലക്ഷ്യം.

ഒരു മനുഷ്യന്‍ ദരിദ്രനായി ജനിക്കുന്നത് അയാളുടെ കുറ്റമല്ല, എന്നാല്‍, ദരിദ്രനായി മരിക്കുന്നത് അയാളുടെ മാത്രം കുറ്റമാണെന്ന ബില്‍ ഗേറ്റ്സി ന്റെ വാക്കുകള്‍ പോലീസ് കണ്െട ടുത്ത ലത്തീഫിന്റെ ഡയറിയിലും വീട്ടുചുമരിലും കുറിച്ചിട്ടുണ്ട്.

നാട്ടില്‍ ജനമൈത്രി പോലീസിന്റെ വിശ്വസ്തനായി വിവരങ്ങള്‍ പോലീസിനു കൈമാറി പോലീസിന്റെ നല്ലപിള്ള ചമഞ്ഞ അബ്ദുള്‍ ലത്തീഫ് രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസില്‍ പിടിയിലാകുന്നതുപോലും നാടകീയമായാണ്. ഓട്ടോഡ്രൈവറായി കഴിഞ്ഞിരുന്ന അബ്ദുള്‍ ലത്തീഫ് പെട്ടെന്നു കോടിക്കണക്കിന് രൂപയുടെ ആഡംബര വീട് പണിയുകയും ലക്ഷ്വറി കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. കുറ്റം സമ്മതിക്കാതിരുന്ന ലത്തീഫ് രാജധാനി കേസില്‍ അറസ്റിലായത് ഇയാളുടെ വീട്ടില്‍നിന്നു കണ്െടത്തിയ സ്വര്‍ണ പണയംവച്ച രസീതുകളുടെ അടിസ്ഥാനത്തിലാണ്.

14 കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ചതില്‍ ഏഴു കിലോഗ്രാം മാത്രമാണു കണ്െടത്താനായത്. നീലേശ്വരത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവച്ചിരിക്കുകയായിരുന്നു ഈ സ്വര്‍ണം.

ഈ കേസില്‍ അറസ്റിലായി മൂന്നു മാസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് അടുത്ത കവര്‍ച്ചയ്ക്കായി ആസൂത്രണം നടത്തിയത്. കുറ്റാന്വേഷണ നോവല്‍ വായനയില്‍ ആകൃഷ്ടനായ ലത്തീഫ് കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരുന്നതു സ്വന്തമായിട്ടായിരുന്നു. കൂട്ടാളികളെ പ്രത്യേകം പ്രത്യേകം ജോലികളേല്‍പ്പിച്ച് അവര്‍ക്കു പ്രതിഫലം നല്‍കുകയാണു രീതി.


ബാങ്കുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മാര്‍ഗനിര്‍ദേശം

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് പോലീസ് 20 ഇന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജി ല്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന കവര്‍ച്ചയും പരാജയപ്പെട്ട കവര്‍ച്ചാശ്രമങ്ങളും വിലയിരുത്തിയാണു പോലീസ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. നിര്‍ദേശങ്ങള്‍ ചുവടെ: ബാങ്കുകളോടു ചേര്‍ന്ന അനധികൃതമായോ കടകളോ മറ്റു കടകളുടെ ചുവരിനോടു ചേര്‍ന്നോ ബാങ്കുകള്‍ ആരംഭിക്കരുത്. ബാങ്കുകളുടെ സമീപം കാടുകള്‍ വെട്ടിത്തെളിച്ചു വൃത്തിയായി സൂക്ഷിക്കണം, പ്രത്യേകിച്ചു പിറകുവശം.

സമീപത്തെ ഡ്യൂട്ടിയിലുണ്ടാവുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു ബാങ്കിന്റെ പുറകുവശം കാടുള്ളതു കാരണം പരിശോധിക്കാന്‍ സാധിക്കുന്നില്ലെന്നു പോലീസ് മേധാവി പറഞ്ഞു. അതോടൊപ്പം നല്ല വെളിച്ചവും ബാങ്ക് പരിസരത്തുണ്ടായിരിക്കണം. ബാങ്കുകളില്‍ ഗുണമേന്മയുള്ള വ്യക്തതയുള്ള കാമറ സ്ഥാപിക്കണം. ഇതു പരിശോധിക്കാന്‍ ബാങ്കുകളില്‍ കൃത്യമായ സംവിധാനങ്ങളുണ്ടാകണം. ഇതിനായി പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കണം. ബാങ്കുകളുടെയും ജ്വല്ലറികളുടെയും സ്ട്രോംഗ് റൂമുകളുടെ ചുവരും മേല്‍ക്കൂരകളും റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. ചുവരുകള്‍ ശക്തവും ഗ്യാസ് കട്ടറുകള്‍കൊണ്ടു മുറിക്കാനാവാത്ത രീതിയിലുമായിരിക്കണം. ബാങ്കുകളിലെ താക്കോല്‍ കൃത്യമായി കൈകാര്യം ചെയ്യണം. ഇതു കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണം.

ബാങ്കുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ വാതിലുകളും ജനലുകളും മുഴുവനായി തുറന്നിടാന്‍ പാടില്ല. വാതിലുകളും ജനലുകളും മുഴുവനായി തുറന്നിടുന്നതു ക വര്‍ച്ച എളുപ്പമാക്കുന്നതായി കുഡ്ലു ബാങ്ക് കവര്‍ച്ച തെളിയിച്ചതായി പോലീസ് മേധാവി പറഞ്ഞു.

മിക്ക ബാങ്കുകളിലും പ്രായമേറെയുള്ളവരെയാണു സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നത്. ബാങ്കുകളില്‍ എട്ടു മണിക്കൂര്‍ വീതം ഷിഫ്റ്റില്‍ മൂന്ന് ആരോഗ്യമുള്ള ജീവനക്കാരെ സെക്യൂരിറ്റിക്കായി നിയമിക്കണം. ഇ വരുടെ പശ്ചാത്തലം പോലീസ് പരിശോധനയ്ക്കു വിധേയമാക്കണം.

അതോടൊപ്പം ബാങ്ക് ജീ വനക്കാരുടെ പശ്ചാത്തലം പോലീസ് പരിശോധനയ്ക്കു വിധേയമാക്കണം. മുഴുവന്‍ ബാങ്കുകളിലും അപ്രൈസര്‍മാരെ നിയമിക്കണം. കവര്‍ച്ച നടന്ന കുഡ്ലു ബാങ്കില്‍ അപ്രൈസര്‍ നിലവിലുണ്ടായിരുന്നില്ലെന്നു പോലീസ് മേധാവി പറഞ്ഞു. കാലാവധി കഴിഞ്ഞാല്‍ പണയസ്വര്‍ണം ലേലം ചെയ്യാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം, ബാങ്കുകള്‍ക്കു ദീര്‍ഘ അവധി ഉള്ള ദിവസങ്ങളിലും രണ്ടാം ശനിയും നാലാം ശനിയും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. ബാങ്കുകളില്‍ പ്രത്യേക സുരക്ഷാ നിര്‍ദേശകരെ നിയമിക്കണം. ഇത് സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്ഐഎസ്എഫ്) ശമ്പള മാനദണ്ഡത്തിനനുസരിച്ചായിരിക്കണം. എല്ലാ ബാങ്കുകളിലും അലാറം ഘടിപ്പിക്കണം. അതോടൊപ്പം ഇതില്‍നിന്നുള്ള സന്ദേശം ലഭിക്കാന്‍ വേണ്ട സംവിധാനങ്ങളും ഒരുക്കണം.

ചെറുവത്തൂര്‍ വിജയബാങ്ക് ക വര്‍ച്ച സംഭവത്തില്‍ അലാറം അടിച്ചെങ്കിലും ഇതില്‍നിന്നു സന്ദേശം ബാങ്ക് അധികൃതര്‍ക്കു പോകാനോ അലാറം അടിച്ചാല്‍ പിന്നീട് എന്തു ചെയ്യണമെന്നോ ബാങ്ക് അധികൃതര്‍ക്ക് ഒരു പിടിപാടുമില്ലാത്ത സ്ഥിതിയായിരുന്നു. ജീവനക്കാര്‍ ബാങ്കിലെ താക്കോല്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം, ഇവരുടെ അശ്രദ്ധ ബാങ്ക് കവര്‍ച്ചയ്ക്കു സഹായകമാകുന്നുണ്െടന്നാണു കുഡ്ലു ബാങ്ക് കവര്‍ച്ചയും ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചയും കാണിച്ചുതന്നത്. ബാങ്കു മായി ബന്ധപ്പെട്ട രഹസ്യവി വരങ്ങള്‍ പൊതുജനവുമായി പങ്കിടുന്നത് ഒഴിവാക്കണം, ബാങ്കുകളില്‍ ഇന്‍ഷ്വറന്‍സ് ഉറപ്പുവരുത്താനും അധികമായി സ്വര്‍ണം പണയം വയ്ക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനും ശ്രദ്ധിക്കണം. കുറഞ്ഞത് ബാങ്ക് ആസ്തിയുടെ രണ്ടു ശതമാനമെങ്കിലും ബാങ്ക് സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.


പത്രസമ്മേളനം പൊതുസമ്മേളനമായി

കാഞ്ഞങ്ങാട്: വിജയ ബാങ്ക് കവര്‍ച്ചയെ സംബന്ധിച്ചു പോലീസ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനം പൊതുസമ്മേളനമായി. അന്വേഷണമികവ് കാട്ടാന്‍ ജില്ലാ പോലീസ് മേധാവി സ്റേഷനു മുന്നിലുള്ള വരാന്തയിലാണു പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. സ്ത്രീകളും കുട്ടികളുമടക്കം നൂറില്‍പരം പേരാണു സ്റേഷന്‍ കോമ്പൌണ്ടില്‍ തടിച്ചുകൂടിയത്.

ആളുകള്‍ കൂടിയതു പോലീസിനു ഹരമായതോടെ എല്ലാവര്‍ക്കും കേള്‍ക്കാവുന്ന രീതിയിലായിരുന്നു പത്രസമ്മേളനം. പോലീസ് മേധാവി മോഷ്ടാക്കളെ പിടികൂടിയ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ കൈയടികളോടെയാണു നാട്ടുകാര്‍ ഇതു ശ്രവിച്ചത്. നഗരത്തില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തവര്‍ കൂടി ഇരച്ചുകയറിയതോടെ പോലീസ് കോമ്പൌണ്ട് അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായി മാറി.

കേരള പോലീസിനു വീണ്ടുമൊരു പൊന്‍തൂവല്‍

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ 20 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളെ പിടികൂടാനായതു പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണ മികവ്. ഒപ്പം കേരള പോലീസിന്റെ അന്വേഷണ മികവ് വീണ്ടുമൊരിക്കല്‍ക്കൂടി വെളിവാകുകയും ചെയ്തിരിക്കുന്നു.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു ചെറുവത്തൂര്‍ ബാങ്കിലെ കവര്‍ച്ച. കേസിലെ ഏഴു പ്രതികള്‍ക്കും പ്രത്യേകം പ്രത്യേകം ജോലി ഏല്‍പ്പിച്ചു നല്‍കി ഒരിക്കലും അന്വേഷണസംഘത്തിനു പിടികൂടാനാകാത്ത രീതിയിലാണ് അബ്ദുള്‍ ലത്തീഫ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കഴിഞ്ഞ 26ന് കവര്‍ച്ച നടത്തുന്നതിനു ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ആറു മുറികള്‍ വാടകയ്ക്കെടുത്തത്. ഇതു വാടകയ്ക്കെടുക്കാന്‍ ഏല്‍പ്പിച്ചതാകട്ടെ ചെറുവത്തൂരുകാര്‍ക്കു പരിചയമില്ലാത്ത കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന കുടക് സ്വദേശി സുലൈമാനെ. മഞ്ചേശ്വരം സ്വദേശിയായ ഇസ്മയില്‍ എന്ന വ്യാജ പേരിലാണു ചെരിപ്പുകട തുടങ്ങാനെന്നു പറഞ്ഞു മുറികള്‍ വാടകയ്ക്കെടുത്തത്. ബാങ്കിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് മുറിക്കാന്‍ നിയോഗിച്ചതാകട്ടെ ഇതില്‍ അതിവിദഗ്ധനായ ഇടുക്കി സ്വദേശി രാജേഷ് മുരളിയെയാണ്. ഇയാളെ ജയിലില്‍നിന്നാണു ലത്തീഫ് പരിചയപ്പെടുന്നത്.

കുറ്റകൃത്യത്തിലുള്‍പ്പെട്ട ഒരാളെ പിടിച്ചാല്‍ പോലും തെളിയിക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു കവര്‍ച്ചയുടെ ആസൂത്രണം. കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ച നടത്തിയതിനു സമാനമായ രീതിയില്‍ നടന്ന കവര്‍ച്ചയായതിനാലാണു പോലീസ് അന്വേഷണം ആ വഴിക്കു നീങ്ങിയത്. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ ലത്തീഫ് മാസങ്ങളോളം നിരീക്ഷണം നടത്തിയാണു രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയത്. ജ്വല്ലറിയുടെ സമീപമുണ്ടായ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമയെ ഇന്‍വെര്‍ട്ടര്‍ ഫിറ്റ് ചെയ്യാനെന്ന വ്യാജേന ബദിയഡുക്കയിലേക്കു വരുത്തി 2010 ഏപ്രില്‍ 16നു വെള്ളിയാഴ്ച ജ്വല്ലറി ജീവനക്കാര്‍ ജുമ നിസ്കാരത്തിനു പോയ സമയത്തായിരുന്നു കവര്‍ച്ച. ഏപ്രില്‍ 15ന് വിഷുദിനത്തില്‍ ജ്വല്ലറി അവധിയായതിനാല്‍ ആ ദിവസം ഇലക്ട്രിക്കല്‍ ഷോപ്പില്‍ കയറി സ്ളാബ് തുരക്കുകയും അടുത്ത ദിവസം ഉച്ചയ്ക്കു കവര്‍ച്ച നടത്തുകയുമായിരുന്നു. ഇതുപോലെ ബാങ്ക് അവധിയായ ശനി, ഞായര്‍ ദിവസങ്ങളിലാണു വിജയാ ബാങ്കിലെ മോഷണത്തിനും തെരഞ്ഞെടുത്തത്.

ലത്തീഫിനെ പിടികൂടിയിട്ടും കവര്‍ച്ച നടത്തിയതു സമ്മതിക്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. എന്നാല്‍, മുറി വാടകയ്ക്കെടുത്ത സുലൈമാനെ വിശദമായി ചോദ്യംചെയ്തപ്പോഴാണു കവര്‍ച്ചയെക്കുറിച്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചത്. ഇയാള്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെനില വാടകയ്ക്കെടുക്കാന്‍ ശ്രമിച്ചിരുന്നു. ഈ കെട്ടിടത്തിന്റെ ഉടമസ്ഥനെ വിളിച്ച ഫോണ്‍ കോളാണ് അന്വേഷണത്തിനു വഴിത്തിരിവായത്. ചെറുവത്തൂര്‍ ഫാര്‍മേഴ്സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിനു സഹായകമായി. കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ലത്തീഫ് ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, സൈബര്‍ സെല്ലിന്റെയും കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്പെടെ മികച്ച പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം കവര്‍ച്ച നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പ്രതികളെ പിടികൂടാന്‍ സഹായിച്ചു.

കവര്‍ച്ച നടന്ന ദിവസം ചെറുവ ത്തൂര്‍ ടൌണ്‍ പരിധിയില്‍നിന്നു പോയതും വന്നതുമായ 4,000 ത്തോളം ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ നാലു നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്‍ണായകമായി. ഈ നാലു ഫോണ്‍ നമ്പറുകളിലൊന്ന് അബ്ദു ള്‍ ലത്തീഫിന്റേതായിരുന്നു.

ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടു മുഴുവന്‍ പേരെയും പിടികൂടിയ അന്വേഷണ സംഘത്തെയും അതിനു നേതൃത്വം നല്‍കിയ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസനെ ഫോണില്‍ വിളിച്ചാണു മന്ത്രി അഭിനന്ദനം അറിയിച്ചത്. കുഡ്ലു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികളെയും പോലീസ് നേരത്തെ അറസ്റ് ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.