മുഖപ്രസംഗം: പ്രാദേശിക വികസനം മുഖ്യവിഷയമാകണം
Monday, October 5, 2015 12:04 AM IST
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു കളമൊരുങ്ങി. തെരഞ്ഞെടുപ്പു തീയതി സംബന്ധിച്ചു സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും തമ്മിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വളരെ യാഥാര്‍ഥ്യബോധത്തോടെ പരിഹരിക്കുന്നതില്‍ ഇരുകൂട്ടരും ശ്രദ്ധിച്ചു. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായത് ഒഴിവാക്കാമായിരുന്നുവെന്നതു മറ്റൊരു കാര്യം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പു കൃത്യസമയത്തു നടത്താന്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും ഒരുപോലെ കടമയുണ്ട്. ഏതായാലും പ്രതിസന്ധികള്‍ എല്ലാം പരിഹരിച്ചു നവംബര്‍ ആദ്യം രണ്ടു ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പു നടത്താന്‍ പോവുകയാണ്. അതു സുതാര്യമായും പ്രശ്നങ്ങളില്ലാതെയും നടത്തുക എന്നതാണു സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനുമുള്ള വെല്ലുവിളി.

നമ്മുടെ ഭരണക്രമത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നിരവധി വികസന പദ്ധതികള്‍ പഞ്ചായത്തു തലത്തില്‍ നടപ്പാക്കുന്നുണ്ട്. പദ്ധതിവിഹിതവും വര്‍ധിച്ചു. പ്രാദേശികതലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയാതിപ്രസരം ഉണ്ടാകാന്‍ പാടില്ലാത്തതാണെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം കുറെക്കാലമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും പ്രധാനമാണ്. മുന്നണി രാഷ്ട്രീയത്തിന്റെ തന്നെ ബലപരീക്ഷണവേദിയായി തദ്ദേശതെരഞ്ഞെടുപ്പു മാറുന്നതായാണു കണ്ടിട്ടുള്ളത്. അതിനാല്‍ എല്ലാ മുന്നണികളും പാര്‍ട്ടികളും തയാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. മുന്നണികളിലും പാര്‍ട്ടികളിലും തമ്മില്‍ത്തല്ലും സജീവമായിട്ടുണ്ട്. മുന്നണികളില്‍ ഘടകകക്ഷികളുടെ അവകാശവാദങ്ങളും പാര്‍ട്ടികള്‍ക്കുള്ളില്‍ ഗ്രൂപ്പു തര്‍ക്കങ്ങളും ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഉപഗ്രൂപ്പുകളുടെ ചേരിതിരിവുമൊക്കെ ഊര്‍ജം പ്രാപിച്ചിരിക്കുന്നു.

ഈ രാഷ്ട്രീയ സാഹചര്യമൊക്കെ നിലവിലുണ്െടങ്കിലും പ്രാദേശിക വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാവും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങള്‍. സ്വാധീനമുള്ള ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയുണ്െടങ്കില്‍ സ്ഥാനാര്‍ഥി ഏതു കുറ്റിച്ചൂലായാലും ജയിച്ചുകയറുന്ന സാഹചര്യം മാറിപ്പോയെന്നു വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിനുപരിയായി സ്ഥാനാര്‍ഥിയുടെ മികവും പ്രവര്‍ത്തനപാരമ്പര്യവും ജനങ്ങള്‍ക്കുള്ള വിശ്വാസവുമാണു പ്രധാനമെന്ന കാര്യം പൊതുവേ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.

ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിഷയങ്ങളായിത്തീരും. അങ്ങനെയുള്ള വിഷയങ്ങളില്‍ പ്രധാനമാണു മാലിന്യനിര്‍മാര്‍ജന പ്രശ്നം. കേരളത്തിലെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യപ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ കലാപങ്ങള്‍ അരങ്ങേറി. മുമ്പു നഗരങ്ങള്‍ ചെറുതായിരുന്നപ്പോള്‍ നഗരത്തിനു പുറത്തായിരുന്നു മാലിന്യനിര്‍മാര്‍ജനകേന്ദ്രം. ജനസാന്ദ്രത വര്‍ധിക്കുകയും നഗരങ്ങളും ഗ്രാമങ്ങളും വികസിക്കുകയും ചെയ്തപ്പോള്‍ മാലിന്യങ്ങള്‍ വര്‍ധിക്കുകയും അവ നിക്ഷേപിക്കാന്‍ സ്ഥലമില്ലാതാകുകയും ചെയ്തു. മാലിന്യനിര്‍മാര്‍ജനകേന്ദ്രങ്ങള്‍ക്കു സമീപം ജനങ്ങള്‍ക്കു ജീവിക്കാനാവാത്ത അവസ്ഥയുമായി. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തെക്കുറിച്ച് എല്ലാവരും വാതോരാതെ സംസാരിക്കാറുണ്െടങ്കിലും ഇതുവരെ ഫലപ്രദമായൊരു മാര്‍ഗം കണ്െടത്താനായിട്ടില്ല. ഗുരുതരമായിത്തുടരുന്ന മാലിന്യപ്രശ്നം തന്നെയാവും ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഒപ്പം മറ്റൊരു പ്രശ്നവും വളര്‍ന്നുവന്നിട്ടുണ്ട് -തെരുവുനായ്ക്കളുടെ പ്രശ്നം. സമീപകാലത്ത് തെരുവുനായ്ക്കള്‍ ജനജീവിതത്തിനു കടുത്ത ഭീഷണിയായിരിക്കുകയാണല്ലോ.


ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വിഷലിപ്ത ഭക്ഷ്യവസ്തുക്കളില്‍നിന്നു ജനങ്ങളെ രക്ഷിക്കാനുള്ള പ്രാദേശിക കൂട്ടായ്മകളുടെ രൂപവത്കരണം, കുടിവെള്ളക്ഷാമം തുടങ്ങിയ വിഷയങ്ങള്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകും. ഇക്കാര്യങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നിലപാട് വോട്ടര്‍മാര്‍ വിലയിരുത്തും. പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെയല്ല, പ്രശ്നങ്ങള്‍ പരിഹരിക്കുന്നവരെയാണു ജനങ്ങള്‍ക്ക് ആവശ്യം.

കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ചൂടുള്ളതാക്കാന്‍ സാധ്യതയുണ്ട്. ഇരുമുന്നണികള്‍ക്കും പുറമേ മൂന്നാം മുന്നണി കരുനീക്കങ്ങള്‍ നടത്തുന്നുവെന്നത് അവഗണിക്കാന്‍ വയ്യാത്ത രാഷ്ട്രീയസാഹചര്യമാണ്. രാഷ്ട്രീയകക്ഷികളം പൊതുപ്രവര്‍ത്തകരും സാമൂഹ്യ സാമുദായിക സംഘടനകളും തികഞ്ഞ വിവേകവും ആത്മസംയമനവും പാലിക്കാന്‍ തയാറായില്ലെങ്കില്‍ സംഘര്‍ഷങ്ങളുണ്ടാകാം. ആരോഗ്യകരമായ മത്സരമാണു തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കേണ്ടത്. രാഷ്ട്രീയത്തിലുപരിയായി പ്രാദേശികമായ വിഷയങ്ങളിലൂന്നിയതും സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്കു യോജിക്കുന്നതുമായിരിക്കണം തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍.

അമ്പതു ശതമാനം വനിതാ സംവരണം തദ്ദേശതെരഞ്ഞെടുപ്പിലെ സ്ത്രീസാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നു. കൂടുതല്‍ ഫലപ്രദമായ തദ്ദേശവികസനത്തിനു സ്ത്രീപങ്കാളിത്തം പലേടത്തും സഹായകമാകുന്നുണ്ട്. പദ്ധതി വിഹിതം വിനിയോഗിക്കുന്ന കാര്യത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും വളരെ പുറകിലാണ്. പ്രസിഡന്റിന്റെയും ചെയര്‍മാന്റെയും മേയറുടെയും കമ്മിറ്റിയംഗങ്ങളുടെയുമൊക്കെ സ്ഥാനങ്ങള്‍ വീതംവയ്ക്കാനും അതുസംബന്ധിച്ചു കലഹിക്കാനുംവേണ്ടി കാലാവധി വിനിയോഗിക്കുകയാണു പല തദ്ദേശസ്ഥാപനങ്ങളും. വികസനം രണ്ടാംസ്ഥാനത്തേക്കോ അതിനും പിന്നിലേക്കോ തള്ളപ്പെടുന്നു. ആര്‍ജവമുള്ള നേതൃത്വം നമ്മുടെ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകണം. അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാനുള്ള അവസരമാണു വോട്ടര്‍മാര്‍ക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.