ജീവന്മരണ പോരാട്ടവുമായി ഇടതും വലതും ബിജെപിയും
Sunday, October 4, 2015 11:40 PM IST
സാബു ജോണ്‍

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയം യുഡിഎഫിന് ആവര്‍ത്തിക്കണം. നിലനില്‍പ്പു ഭീഷണി നേരിടുന്ന എല്‍ഡിഎഫിന് എങ്ങനെയും മേല്‍ക്കൈ നേടണം. പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ കേരളത്തില്‍ സ്വന്തം മേല്‍വിലാസം കുറിക്കുമെന്ന അവകാശവാദം പൊള്ളയല്ലെന്നു ബിജെപിക്കും തെളിയിക്കണം.

കലങ്ങി മറിഞ്ഞ സംസ്ഥാന രാഷ്ട്രീയത്തില്‍ മൂന്നു കൂട്ടര്‍ക്കും ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. കാരണം ഈ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശ കാട്ടുന്നതാണ്. യുഡിഎഫിനെ പോലും അമ്പരപ്പിക്കുന്ന വിജയമായിരുന്നു 2010ല്‍ അവര്‍ നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പൊതുവേ എല്‍ഡിഎഫ് മുന്‍തൂക്കമെന്ന പൊതുധാരണ കേരളത്തില്‍ ആദ്യമായി തിരുത്തിക്കുറിക്കപ്പെട്ടത് അന്നായിരുന്നു. ഒരു വര്‍ഷം മുമ്പു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം അതേപടി ആവര്‍ത്തിച്ച യുഡിഎഫ് എല്ലാതലങ്ങളിലും എല്‍ഡിഎഫിനെ കടത്തി വെട്ടി. ഗ്രാമപഞ്ചായത്തുകളില്‍ 565 സ്ഥാപനങ്ങളില്‍ അവര്‍ ഭരണത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫ് ഭരണത്തില്‍ വന്നത് 348 സ്ഥലത്തു മാത്രം. ബ്ളോക്കില്‍ യുഡിഎഫ് 92, എല്‍ഡിഎഫ് 60. മുനിസിപ്പാലിറ്റികളില്‍ 40 ഇടത്ത് യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫിനു കിട്ടിയത് 17 എണ്ണം മാത്രം. അഞ്ചു കോര്‍പറേഷനുകളില്‍ രണ്ടിടത്ത് യുഡിഎഫ്, മൂന്നിടത്ത് എല്‍ഡിഎഫ്. അഞ്ചും എല്‍ഡിഎഫ് ഭരിച്ചിരുന്ന സ്ഥാനത്താണു രണ്െടണ്ണം യുഡിഎഫ് പിടിച്ചെടുത്തത്.

ജില്ലാ പഞ്ചായത്തില്‍ എട്ടിടത്തു യുഡിഎഫ് ഭരണം പിടിച്ചപ്പോള്‍ എല്‍ഡിഎഫ് മുന്‍തൂക്കം ആറിടത്തൊതുങ്ങി. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെയും കൂറു മാറ്റങ്ങളിലൂടെയും ചില പഞ്ചായത്തുകളില്‍ ഭരണം മാറി മറിഞ്ഞിരുന്നു. എങ്കിലും പൊതുചിത്രത്തില്‍ വലിയ മാറ്റം വന്നില്ല.

മധ്യതിരുവിതാംകൂര്‍ യുഡിഎഫ് തൂത്തുവാരിയതായിരുന്നു കഴിഞ്ഞ തവണത്തെ പ്രത്യേകത. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യുഡിഎഫ് വ്യക്തമായ മുന്‍തൂക്കം നേടിയപ്പോള്‍ കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ എല്‍ഡിഎഫ് മേധാവിത്വം പുലര്‍ത്തി.

എല്‍ഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ്- ജെയും സോഷ്യലിസ്റ് ജനതയും യുഡിഎഫിലെത്തിയത് അവരുടെ രാഷ്ട്രീയശക്തി വര്‍ധിപ്പിച്ച ഘടകമായിരുന്നു. മൊത്തം വോട്ടുനിലയില്‍ യുഡിഎഫ് നാലു ശതമാനത്തോളം അധികവോട്ട് നേടി. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോഴായിരുന്നു യുഡിഎഫ് ഈ വിജയം നേടിയത്. അഞ്ചു വര്‍ഷത്തിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷത്തിനു മുന്‍തൂക്കം ലഭിക്കേണ്ടതാണ്. എന്നാല്‍, ഇടതുമുന്നണി പോലും ഇപ്പോള്‍ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെടുമെന്നു തോന്നുന്നില്ല. സമീപകാല രാഷ്ട്രീയ സ്ഥിതിഗതി അവരുടെ ശക്തി വല്ലാതെ ശോഷിപ്പിച്ചിരിക്കുന്നു.

ഉള്‍പാര്‍ട്ടി പ്രശ്നങ്ങളില്‍ ആടിയുലഞ്ഞിരുന്ന സിപിഎമ്മിനു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധിച്ചില്ല. യുഡിഎഫ് സര്‍ക്കാര്‍ ആരോപണങ്ങളില്‍ ആണ്ടു കിടന്ന സമയത്തായിട്ടു പോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടാന്‍ അവര്‍ക്കു കഴിഞ്ഞില്ല.


സമീപകാലത്ത് എസ്എന്‍ഡിപി, ബിജെപിയോട് അടുക്കാന്‍ തീരുമാനിച്ചതോടെ ഇടതുപക്ഷത്തിന്റെ അടിത്തറയില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്കയിലാണ് അവര്‍. അതിനിടെ നിലവിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും ഇടതുമുന്നണിക്ക് അതു നേട്ടമായിരിക്കും. അതിനപ്പുറം നേട്ടമുണ്ടാക്കാനുള്ള ശേഷി ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്കുണ്േടാ എന്നു സംശയിക്കണം. എസ്എന്‍ഡിപി ഉള്‍പ്പെടെ വിവിധ സാമുദായിക സംഘടനകളുമായി കൈകോര്‍ത്തു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഒരുങ്ങുമ്പോള്‍ യുഡിഎഫിനും കാര്യങ്ങള്‍ ഭദ്രമല്ല. മാത്രമല്ല, കഴിഞ്ഞ തവണത്തെ വമ്പന്‍ വിജയം നിലനിര്‍ത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാപ്യമായ ലക്ഷ്യമാണെന്നും സംശയിക്കണം.

ബിജെപി- എസ്എന്‍ഡിപി ധാരണ അവരുടെ വോട്ട് പങ്കില്‍ കാര്യമായ വര്‍ധന വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, കുറെയേറെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്തുക എന്ന അവരുടെ ലക്ഷ്യം എത്രമാത്രം ഫലപ്രാപ്തിയിലെത്തുമെന്നു കണ്ടറിയേണ്ടതുണ്ട്. നിലവില്‍ കാസര്‍ഗോഡ് ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ബിജെപി ഭരണം കൈയാളുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ അവര്‍ക്ക് 384 ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഏഴു ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളും 79 മുനിസിപ്പല്‍ കൌണ്‍സിലര്‍മാരും ഒമ്പതു കോര്‍പറേഷന്‍ കൌണ്‍സിലര്‍മാരുമുണ്ട്. അന്നു സംസ്ഥാനത്ത് 6.26 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്കു നേടാനായത്. കാര്യമായ നേട്ടമുണ്ടായതു കാസര്‍ഗോഡ് ജില്ലയില്‍ മാത്രവും. എന്നാല്‍, ഇക്കുറി വന്‍കുതിപ്പുണ്ടാക്കുമെന്നാണു ബിജെപി അവകാശപ്പെടുന്നത്.

ബിജെപിയുടെ മുന്നേറ്റം നിരവധി തദ്ദേശസ്ഥാപനങ്ങളില്‍ തൂക്കുകൌണ്‍സിലുകളുണ്ടാക്കും. യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ഒന്നുകില്‍ ബിജെപിയുമായി ധാരണയിലെത്തുകയോ അതല്ലെങ്കില്‍ ഇരുമുന്നണികളും ഒരുമിക്കുകയോ ചെയ്യേണ്ട സ്ഥിതി പലേടങ്ങളിലുമുണ്ടാകും.

വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും ബിജെപി- എസ്എന്‍ഡിപി ധാരണയുടെ കരുത്ത് തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോള്‍ കണ്ടറിയേണ്ടതാണ്. സഖ്യത്തില്‍ എസ്എന്‍ഡിപിക്കു കിട്ടുന്ന മേധാവിത്വം നിലവില്‍ ബിജെപിയിലുള്ള സവര്‍ണ വിഭാഗത്തിന് എന്തു മാത്രം അംഗീകരിക്കാന്‍ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ സഖ്യത്തിന്റെ വിജയം. ആ നിലയ്ക്കു ബിജെപിക്കും എസ്എന്‍ഡിപിക്കും ഈ തെരഞ്ഞെടുപ്പ് അതീവനിര്‍ണായകമാണ്.

തുടര്‍ഭരണം പ്രതീക്ഷിക്കുന്ന യുഡിഎഫിനും നിലനില്‍പ്പിനായി പൊരുതുന്ന എല്‍ഡിഎഫിനും കേരളത്തില്‍ മാന്യമായ പ്രാതിനിധ്യമില്ലെന്ന പേരുദോഷം പേറുന്ന ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.