പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ക്കായുള്ള വിവരാവകാശ അസംബ്ളി ഇന്ന്
Sunday, October 4, 2015 1:05 AM IST
കൊച്ചി: കേരള പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെയും ന്യൂഡല്‍ഹി ആസ്ഥാനമായ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന വിവരാവകാശ വൈജ്ഞാനിക സമ്മേളനവും അസംബ്ളിയും ഇന്ന് 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ ബോള്‍ഗാട്ടി പാലസില്‍ നടക്കും.

സംസ്ഥാനത്തെ മുഴുവന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും വേണ്ടി നടത്തുന്ന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റീസ് ഡി. ശേഷാദ്രി നായിഡു ഉദ്ഘാടനംചെയ്യും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി അധ്യക്ഷത വഹിക്കും. ബംഗളൂരു നാഷണല്‍ ലോ സ്കൂള്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ.സായിറാം ഭട്ട് വിവരാവകാശ നിയമം സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തും. ന്യൂഡല്‍ഹി സിഎച്ച്ആര്‍ഐ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വെങ്കടേഷ് നായ്ക് പ്രത്യേക പ്രഭാഷണം നടത്തും.


ഉച്ചയ്ക്കു ശേഷം നടക്കുന്ന വിവരാവകാശ പ്രോസിക്യൂട്ടര്‍ അസംബ്ളി വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.നിവേദിത പി. ഹരന്‍ മുഖ്യപ്രഭാഷണം നടത്തും.

സെഷന്‍സ് കോടതികളിലെയും മജിസ്ട്രേറ്റ് കോടതികളിലെയും പ്രത്യേക കോടതികളിലേയുമടക്കം മുന്നൂറോളം പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ പങ്കെടുക്കും. കുറ്റവിചാരണയെ സംബന്ധിച്ചും കേസന്വേഷണത്തെ സംബന്ധിച്ചും സാധാരണ ജനങ്ങള്‍ക്കു വിവരാവകാശ നിയമമനുസരിച്ചു ലഭിക്കാന്‍ അവകാശപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാവശ്യമായ വിപുല പരിപാടിക്കു രൂപംനല്‍കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.