രാഷ്ട്രീയത്തിനില്ല: എന്‍എസ്എസ്
രാഷ്ട്രീയത്തിനില്ല: എന്‍എസ്എസ്
Sunday, October 4, 2015 11:31 PM IST
ചങ്ങനാശേരി: അടിസ്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകാനോ വിശാലഹിന്ദു ഐക്യത്തില്‍ പങ്കുചേരാനോ എന്‍എസ്എസ് ഒരിക്കലും തയാറല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പുവരുത്തുക, സമുദായപുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുക, സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുക എന്നീ അടിസ്ഥാനമൂല്യങ്ങള്‍ കൈവിടാതെയുള്ള പ്രവര്‍ത്തനമാണു നായര്‍ സര്‍വീസ് സൊസൈറ്റി നിര്‍വഹിക്കുന്നത്. അതിന് ഒരു നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമാണുള്ളത്. എന്‍എസ്എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടാണു സ്വീകരിച്ചുവരുന്നത്.

രാഷ്ട്രീയപാര്‍ട്ടികളെല്ലാം ശക്തമാകണമെന്ന അഭിപ്രായമാണ് എന്‍എസ്എസിനുള്ളത്. എങ്കില്‍മാത്രമേ ശക്തമായ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടാവുകയുള്ളൂ. ഇതിലൂടെയെ ജനാധിപത്യം വിജയിക്കുകയുള്ളൂ. എന്നാല്‍, ഗവണ്‍മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ സാമൂഹികനീതിക്കുവേണ്ടി പ്രതികരിക്കുക എന്നത് എന്‍എസ്എസിന്റെ നയമാണ്. ഇതു കൃത്യമായും എന്‍എസ്എസ് നിര്‍വഹിക്കുന്നുണ്ട്. നല്ല കാര്യങ്ങളെ നല്ലതായിത്തന്നെ കാണുന്നുമുണ്ട്.


അതുകൊണ്ട് എന്‍എസ്എസ് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് എതിരാണെന്നോ പ്രത്യേകിച്ച് ആരോടെങ്കിലും അടുപ്പമുണ്െടന്നോ അര്‍ഥമില്ല.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്നങ്ങളില്‍ എന്‍എസ്എസ് ഇടപെടാറുമില്ല. അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തിന് ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനോ ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാകാനോ സാധ്യമല്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

എന്‍എസ്എസ് പിന്തുണയോടുകൂടി എന്‍ഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപംനല്‍കി ഭരണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ഇടയായെങ്കിലും അതു തികഞ്ഞ ഒരു പരാജയമായിരുന്നുവെന്ന മുന്‍കാല അനുഭവവും ഇപ്പോഴത്തെ തീരുമാനത്തിന് ബലമേകുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.