അധ്യാപക നിയമനപ്രതിസന്ധി പരിഹരിക്കണം: കാഞ്ഞിരപ്പള്ളി രൂപത പാസ്ററല്‍ കൌണ്‍സില്‍
Sunday, October 4, 2015 12:13 AM IST
കാഞ്ഞിരപ്പള്ളി: പൊതുവിദ്യാഭ്യാസരംഗത്തെ തകര്‍ച്ചയ്ക്കു കാരണമാകുന്ന അധ്യാപകനിയമനപ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപത പാസ്ററല്‍ കൌണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പൊതുസമൂഹത്തിലും വിദ്യാഭ്യാസ മേഖലകളിലും ചെയ്ത ത്യാഗനിര്‍ഭരമായ സേവനങ്ങളും നന്മകളും തമസ്കരിക്കുന്ന വിവേചനപരമായ സര്‍ക്കാര്‍ നിലപാടുകള്‍ പൊതുസമൂഹത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികളുടെ ഭാവിയാണ് അപകടത്തിലാക്കുന്നതെന്ന സത്യം അധികാരികള്‍ തിരിച്ചറിയണം.

മനുഷ്യവിഭവശേഷിയാണ് ഏറ്റവും വലിയ സമ്പത്ത്. അതിനായി മുടക്കുന്ന പണം പ്രത്യുത്പാദനപരമാണെന്ന സത്യം അധികാരികള്‍ തിരിച്ചറിഞ്ഞു സത്വരനടപടികള്‍ സ്വീകരിക്കണം.

കന്യാസ്ത്രി മഠങ്ങള്‍ക്കുനേരേ നടക്കുന്ന ആക്രമണങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. റബറിന്റെയും മറ്റു നാണ്യവിളകളുടെയും വിലത്തകര്‍ച്ചയും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്നും നിലനില്‍ക്കുന്ന അവ്യക്തതയും അതുമൂലം കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന നിരാശ്രയത്വവും സുരക്ഷിതമില്ലായ്മയും പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരമായ ഇടപെടലുണ്ടാകണമെന്നു പാസ്ററല്‍ കൌണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


കൃഷിഭൂമിയുടെ അവകാശം കൃഷിക്കാര്‍ക്കു പൂര്‍ണമായി ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഉപാധിരഹിത പട്ടയം നല്‍കി പട്ടയപ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നും വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നു കര്‍ഷകര്‍ക്കും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം ലഭിക്കാനുതകുന്ന നിയമനിര്‍മാണമുണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പാസ്ററല്‍ കൌണ്‍സില്‍ മുന്‍ സെക്രട്ടറി ജോര്‍ജുകുട്ടി ആഗസ്തി പ്രമേയം അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.