ജാതി രാഷ്ട്രീയപാര്‍ട്ടി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കെഎല്‍സിഎ
ജാതി രാഷ്ട്രീയപാര്‍ട്ടി  ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കെഎല്‍സിഎ
Sunday, October 4, 2015 11:59 PM IST
കൊച്ചി: ജാതിയടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നു കെഎല്‍സിഎ നേതൃശിബിരം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമൂഹ്യഘടനയില്‍ ജാതി ഒരു പ്രധാന ഘടകമാണെങ്കിലും ജാതി അടിസ്ഥാനമാക്കി രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം മതേതരത്വത്തിനു ഭീഷണിയാണ്. സാമൂഹ്യനീതിക്കും രാഷ്ട്രീയ അധികാരത്തിനും സാമുദായിക പങ്കാളിത്തത്തിനുംവേണ്ടി സമുദായ സംഘടനകള്‍ നിലനില്‍ക്കുകയും വാദിക്കുകയും ചെയ്യുന്നതില്‍ അപകാതകളില്ല. എന്നാല്‍, ഓരോ ജാതിക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം രാജ്യത്തു വര്‍ഗീയത വര്‍ധിക്കാനും വിഭാഗീയത വളര്‍ത്താനും കാരണമാകും. ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയാധികാരം അമിതമായി നേടിയെടുക്കുന്നുവെന്നവാദം തെറ്റാണെന്നും പ്രമേയം പറയുന്നു.

പിന്നോക്കസമുദായങ്ങളുടെ ഏകീകരണത്തിനും സാമൂഹികനീതി സാധ്യമാക്കാനുള്ള ശ്രമങ്ങളിലും കെഎല്‍സിഎ പങ്കുചേരും. സാമ്പത്തിക സംവരണം ഭരണഘടനയുടെ പ്രഖ്യാപിത ആശയങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ജാതിവ്യവസ്ഥകൊണ്ടു സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു ഭരണഘടന നല്കിയ സാമൂഹ്യപരിരക്ഷയാണു സംവരണം. സംവരണത്തിന്റെ യഥാര്‍ഥ നേട്ടം ഇന്നും പിന്നോക്ക സമുദായങ്ങള്‍ക്കു ലഭ്യമായിട്ടില്ല.

എറണാകുളം ആശീര്‍ഭവനില്‍ നടന്ന നേതൃശിബിരം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.ജോസഫ് പടിയാരംപറമ്പില്‍ ഉദ്ഘാടനംചെയ്തു. കെ.എല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമുദായത്തിലെ ഉദ്യോഗസ്ഥ പ്രമുഖരെ ആദരിച്ചു. വനസംരക്ഷണ ഫോഴ്സിന്റെ തലവന്‍ ഡോ. ബ്രാന്‍സ്ഡന്‍ കോറി, കേരള ഫിഷറീസ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. വിക്ടര്‍ ജോര്‍ജ്, ഇന്ത്യയിലെ മികച്ച മറൈന്‍ എന്‍ജിനിയര്‍ക്കുള്ള പുരസ്കാരം നേടിയ കുഞ്ഞാലിമരയ്ക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനിയറിംഗ് ഡയറക്ടര്‍ ഡോ. സൈമണ്‍ കൂമ്പയില്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ബി.ജെ. ആന്റണി, മോട്ടോര്‍ വെഹിക്കള്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജേബി ഐ. ചെറിയാന്‍ എന്നിവരെയാണ് ആദരിച്ചത്. കെഎല്‍സിഎ എക്ളേസിയാസ്റിക്കല്‍ അഡ്വൈസര്‍ ഫാ.ജോയി ചക്കാലക്കല്‍, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കേച്ചേരി, ഭാരവാഹികളായ പി.ജെ. തോമസ്, രതീഷ് ആന്റണി, ജോര്‍ജ് നാനാട്ട്, ജോയി സി. കമ്പക്കാരന്‍, മൈക്കിള്‍ പി. ജോണ്‍, ലില്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.


വിവിധ വിഷയങ്ങളില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, മുന്‍മേയര്‍ കെ.ജെ. സോഹന്‍, ഫാ. തോമസ് തറയില്‍, ബിനോയ് മഠത്തില്‍, ഫാ.ജോഷി മയ്യാറ്റില്‍, ജോയി ഗോതുരുത്ത് എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ.ആന്റണി വിപിന്‍ വേലിക്കകത്ത് മുഖ്യാതിഥി ആയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.