സിപിഎമ്മും ബിജെപിയും കേരളസമൂഹത്തിനു തീരാശാപം: യൂത്ത് കോണ്‍ഗ്രസ്
സിപിഎമ്മും ബിജെപിയും കേരളസമൂഹത്തിനു തീരാശാപം: യൂത്ത് കോണ്‍ഗ്രസ്
Friday, September 4, 2015 12:29 AM IST
കാഞ്ഞങ്ങാട്: സിപിഎമ്മും ബിജെപിയും കേരള സമൂഹത്തിനു തീരാശാപമായി മാറിയെന്നു യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ബേക്കല്‍ കോട്ടയില്‍ നടന്ന സംസ്ഥാന നേതൃത്വ ക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണു സിപിഎമ്മിനും ബിജെപിക്കുമെതിരേ വിമര്‍ശനമുള്ളത്.

വര്‍ഗീയ പ്രീണനത്തില്‍ ചുവപ്പും കാവിയും തമ്മിലുണ്ടായ മത്സരമാണു കണ്ണൂരിനെയും കാസര്‍ഗോഡിനെയും കലാപഭൂമിയാക്കി മാറ്റിയത്. ആരാധനാലയങ്ങളും ഗ്രന്ഥശാലകളും ആയുധപ്പുരകളാക്കി മാറ്റി കൊലപാതകങ്ങളുടെ എണ്ണത്തില്‍ മുന്നിലെത്താന്‍ മത്സരിക്കുമ്പോള്‍ അവിടെ പ്രത്യയശാസ്ത്ര വിജയമല്ല ഉണ്ടാവുന്നത്, വൈവിധ്യവും അനാഥത്വവും അരാജകത്വവുമാണെന്നു കാലമേറെയായിട്ടും ഇവര്‍ തിരിച്ചറിയാത്തത് അപലപനീയമാണെന്നും പ്രമേയം പറഞ്ഞു.

ക്യാമ്പിന്റെ സമാപന സമ്മേളനം എഐസിസി സെക്രട്ടറി സൂരജ് ഹെഗ്ഡെ ഉദ്ഘാടനംചെയ്തു. ഭൂമിയേറ്റടുക്കല്‍ നിയമം നടപ്പിലാക്കാനുള്ള ശ്രമത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയതു യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ തലത്തില്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ വിപണനം ചെയ്ത് അധികാരത്തിലേറിയ മോദി വാഗ്ദാന ലംഘനത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച് ആര്‍എസ്എസിന്റെ രഹസ്യ അജന്‍ഡയുമായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി മണ്‍വിള രാധകൃഷ്ണന്‍, ദേശീയ ജനറല്‍ സെക്രട്ടറി എസ്.എസ്.കെ.അര്‍ധനാരി, സി.ആര്‍ മഹേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.