അല്മായ മഹാസമ്മേളനവും റാലിയും ആറിനു പാലായില്‍
Friday, September 4, 2015 12:28 AM IST
പാലാ: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലാ രൂപത അല്മായ മഹാസമ്മേളനവും റാലിയും ആറിനു പാലായില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കിഴതടിയൂര്‍പള്ളി അങ്കണത്തില്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. റാലിയില്‍ ഇടവകകളുടെ ബാനറുകള്‍ക്കു പിന്നില്‍ ആളുകള്‍ അണിനിരന്ന് മെയിന്‍ റോഡിലൂടെ സമ്മേളന നഗരിയായ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് എത്തിച്ചേരും. മൂന്നിന് ആരംഭിക്കുന്ന മഹാസമ്മേളനം സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനി മുഖ്യ പ്രഭാഷണം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശം നല്‍കും.

കത്തോലിക്കാ കോണ്‍ഗ്രസ് പാല രൂപത പ്രസിഡന്റ് സാജു അലക്സ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍, ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, സാബു പൂണ്ടിക്കുളം, ഇമ്മാനുവല്‍ നിധീരി എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ പ്രമേയ അവതരണത്തിനുശേഷം കര്‍ഷകഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കും.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണന അവസാനിപ്പിക്കുക, റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, അധിക നികുതിഭാരം ഒഴിവാക്കുക, തീവ്രമതനിലപാടുകള്‍ക്കെതിരേ സമൂഹമനഃസാക്ഷി ഉണര്‍ത്തുക, വിദ്യാഭ്യാസമേഖലയിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ദളിത് ക്രൈസ്തവര്‍ക്കനുകൂലമായി നിലപാട് സ്വീകരിക്കുകയും അര്‍ഹമായ സംവരണം ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലിയും സമ്മേളനവും നടത്തുന്നത്.

വിവിധ ഇടവകകളില്‍നിന്നുള്ള ഫ്ളോട്ടുകളും വാദ്യമേളങ്ങളും റാലിക്ക് കൊഴുപ്പേകും. പരിപാടികള്‍ക്ക് മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ജോണ്‍ കച്ചിറമറ്റം, ബേബിച്ചന്‍ അഴിയാത്ത്, ബെന്നി പാലയ്ക്കാത്തടം, ചാക്കോ കുടകല്ലുങ്കല്‍, ജോസഫ് പരുത്തിയില്‍, ജോയി കണിപറമ്പില്‍, ജോസ് വട്ടുകുളം, ജോസ് പുത്തന്‍കാലാ, ജസ്റിന്‍ കുന്നുംപുറത്ത്, അലക്സ് കാവുകാട്ട്, മാഗി മേനാംപറമ്പില്‍, പ്രസാദ് കുരുവിള, തോമസ് വടക്കേല്‍, ജോബിന്‍ ഒട്ടലാങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.