കൈക്കൂലി കേസില്‍ കുറ്റപത്രം
Friday, September 4, 2015 12:26 AM IST
കൊച്ചി: ക്വാറി ഉടമകളില്‍നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ മൈന്‍സ് ആന്‍സ് സേഫ്റ്റി ബംഗളൂരു റീജണല്‍ ഡയറക്ടര്‍ക്കെതിരേ സിബിഐ കുറ്റപത്രം നല്‍കി. സെക്കന്ദരാബാദ് സ്വദേശിയായ എം.നരസയ്യക്കെതിരേയാണു സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാളെ സിബിഐസംഘം സൌത്ത് റെയില്‍വേ സ്റേഷന് സമീപത്തെ ആഡംബര ഹോട്ടലില്‍നിന്ന് അറസ്റ് ചെയ്തത്.

ക്വാറി ഉടമകളെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി ലൈസന്‍സ് പുതുക്കുന്നതിനും മറ്റും വന്‍തുക ആവശ്യപ്പെടുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്. പണവും മൊബൈ ല്‍ ഫോണും പിടിച്ചെടുത്ത സിബിഐ സംഘം കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍നിന്നു പിടിച്ചെടുത്തു. ക്വാറി ഉടമകള്‍ വാടകയ്ക്കെടുത്ത ഹോട്ടല്‍ മുറിയിലിരുന്നാണു കൈക്കൂലി വാങ്ങിയത്. അതേസമയം, നേരത്തേ പ്രതിചേര്‍ത്തിരുന്ന ക്വാറി ഉടമകളെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാലര ലക്ഷം രൂപയാണ് ഇയാളുടെ കൈയില്‍നിന്നു സിബിഐ പിടിച്ചെടുത്തത്. കൂടാതെ, ഇയാളുടെ ബംഗളൂരുവിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. പാറമടകളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന വകുപ്പിന്റെ ദക്ഷിണേന്ത്യന്‍ മേധാവിയാണ് നരസയ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.