മുഖപ്രസംഗം: ചെറുകിട എണ്ണപ്പാടങ്ങള്‍ തീറെഴുതുമ്പോള്‍
Friday, September 4, 2015 11:43 PM IST
പൊതുമേഖലയിലെ 69 ചെറുകിട എണ്ണപ്പാടങ്ങള്‍ വിദേശകമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യമേഖലയ്ക്കു ലേലത്തില്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രധാനമായൊരു സാമ്പത്തിക നീക്കമാണ്. ഈ എണ്ണപ്പാടങ്ങള്‍ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില നിശ്ചയിക്കാനും വിപണനം നടത്താനുമുള്ള പൂര്‍ണ അവകാശമുണ്ടായിരിക്കും.'കുറഞ്ഞ സര്‍ക്കാര്‍ ഇടപെടലും പരമാവധി മേല്‍നോട്ടവും' എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ടു പോകുന്നത്. എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനത്തിലോ എണ്ണവിപണനത്തിലോ സര്‍ക്കാര്‍ ഇടപെടില്ലെന്ന നയം ഈ മേഖലയില്‍ കൂടുതല്‍ വിപുലമായ പര്യവേക്ഷണത്തിനും എണ്ണ ഉത്പാദനത്തിനും കാരണമാകുമെങ്കില്‍ അതു രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്കു താങ്ങാകുമെന്നു മാത്രമല്ല, സാമ്പത്തികരംഗത്തു ഗുണഫലങ്ങള്‍ ഉളവാക്കുകയും ചെയ്യും.

ഇപ്പോള്‍ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞുനില്‍ക്കുന്നതിന്റെ നേട്ടം ഏറെ കൊയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, സ്വദേശത്തെയും വിദേശത്തെയും മൂലധന ശക്തികള്‍ക്ക് ഇത്തരം നിര്‍ണായക മേഖലകള്‍ കൂടുതല്‍ ഉദാരമായി തുറന്നുകൊടുക്കുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. മത്സരലേലത്തിലൂടെ ഇന്ത്യയിലെയോ വിദേശത്തെയോ ഏതു സ്വകാര്യ കമ്പനിക്കും കണ്‍സോര്‍ഷ്യത്തിനും എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാം. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും തങ്ങളുടെ ഉടമസ്ഥതയിലായിരുന്ന ഈ എണ്ണപ്പാടങ്ങള്‍ ലാഭകരമാകില്ലെന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിനു മടക്കിനല്‍കിയിരുന്നു. ഉത്പാദനം സര്‍ക്കാരുമായി പങ്കിടുന്ന രീതിയാണ് ഇവയുടെ കാര്യത്തില്‍ നേരത്തേ ഉണ്ടായിരുന്നത്. ഇത് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിശിത വിമര്‍ശനത്തിനു കാരണമായി. ഈ രീതി മാറ്റി വരുമാനം പങ്കിടുന്ന രീതി സ്വീകരിക്കാനാണു കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം. നിലവിലെ എണ്ണ, പ്രകൃതിവാതക വില കണക്കിലെടുത്താലും എഴുപതിനായിരം കോടി രൂപ ഈ എണ്ണപ്പാടങ്ങളുടെ ലേലത്തിലൂടെ പൊതുഖജനാവിലെത്തുമെന്നാണു കണക്കുകൂട്ടുന്നത്.

എണ്ണ ഉത്പാദനത്തില്‍ ഏറെ പിന്നിലാണെങ്കിലും ഉപയോഗത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിരവധി എണ്ണ പര്യവേക്ഷണങ്ങളില്‍ രാജ്യം ഏര്‍പ്പെട്ടിട്ടുണ്ട്. പലതും വിജയിച്ചില്ല. ഭാരിച്ച ചെലവുമൂലമാണു പല പര്യവേക്ഷണ പദ്ധതികളും പാതിവഴിയില്‍ നിലച്ചത്. എന്നിരുന്നാലും വര്‍ധിച്ചുവരുന്ന ഇന്ധനാവശ്യവും വിദേശനാണ്യ നഷ്ടവും കണക്കിലെടുത്ത് കൂടുതല്‍ പര്യവേക്ഷണത്തിനുള്ള നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു. ഇതിനുമുമ്പും ഇതുപോലെ എണ്ണപ്പാടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്. എന്നാല്‍, ലാഭവിഹിതം പങ്കുവയ്ക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളുമായി പലവിധ തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോള്‍ സംയുക്ത ലൈസന്‍സ് നല്‍കാനുള്ള നീക്കം എണ്ണ, പ്രകൃതിവാതകം, ഷെയ്ല്‍ ഗ്യാസ്, ഷെയ്ല്‍ എണ്ണ തുടങ്ങി എല്ലാ ഹൈഡ്രോ കാര്‍ബണുകള്‍ക്കുംവേണ്ടി പര്യവേക്ഷണം നടത്തുന്നതിനു സൌകര്യമൊരുക്കും. നിലവിലെ സമ്പ്രദായമനുസരിച്ച് ഓരോന്നിനും പ്രത്യേകം ലൈസന്‍സ് വേണ്ടിയിരുന്നു.


ആഗോള വിപണിയില്‍ എണ്ണവില ബാരലിന് അമ്പതു ഡോളറിലും താഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍പ്പോലും ഈ എണ്ണപ്പാടങ്ങളില്‍നിന്നായി പ്രതിവര്‍ഷം 3500 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോ കാര്‍ബണ്‍ ഉത്പന്നങ്ങള്‍ ശേഖരിക്കാനാവുമെന്നാണു കണക്കുകൂട്ടുന്നത്. ഇതൊക്കെയാണെങ്കിലും സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ സുതാര്യതയെക്കുറിച്ചു പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോര്‍പറേറ്റുകള്‍ക്കും വിദേശ മൂലധന ശക്തികള്‍ക്കും രാജ്യത്തെ ഉത്പാദന, വിതരണ മേഖലകള്‍ കൂടുതലായി തുറന്നു കൊടുക്കുന്ന നയമാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും ഭാഗമായി വിദേശ മൂലധനപ്രവാഹം കുറെ ഉണ്ടാകുന്നുണ്െടങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു നേട്ടമാണോ എന്നു ചിന്തിക്കേണ്ടതുണ്ട്.

വിദേശ മൂലധന നിക്ഷേപകര്‍ക്കും സ്വദേശി കോര്‍പറേറ്റുകള്‍ക്കും വലിയ തോതിലുള്ള ഇളവുകളും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അമിതാവേശമാണെന്ന് ആരോപണമുണ്ട്. വിദേശ കമ്പനികളുടെ വന്‍ നികുതിബാധ്യത സര്‍ക്കാര്‍ ഈയിടെ ഇളവു ചെയ്തുകൊടുത്തിരുന്നു. ഓഹരി വിപണിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് വിദേശ കമ്പനികളെ തൃപ്തിപ്പെടുത്താനാണു വിദേശ സ്ഥാപന നിക്ഷേപകരുടെ മൂലധന നേട്ടത്തിനു ബദല്‍ മിനിമം നികുതി ഈടാക്കേണ്ടതില്ലെന്നു മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ തീരുമാനിച്ചത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ മുന്‍നിലപാടിനു വിരുദ്ധമായിരുന്നു ഈ തീരുമാനം. നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനാണ് ഇത്തരമൊരു ഇളവു നല്‍കിയതെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

കൊച്ചി തീരത്തു 16 ലക്ഷം കോടി രൂപയുടെ എണ്ണ പ്രകൃതിവാതക ശേഖരം ഉണ്െടന്നു 2007ല്‍ ഒഎന്‍ജിസി വെളിപ്പെടുത്തിയിരുന്നു. കുറഞ്ഞത് അമ്പതു വര്‍ഷം കൊച്ചി തീരം മുതല്‍ കൊങ്കണ്‍ വരെ പെട്രോളിയവും പ്രകൃതിവാതകവും തുടര്‍ച്ചയായി കുഴിച്ചെടുക്കാനാവുമെന്നും മൂന്നു വര്‍ഷത്തോളം നീണ്ട പര്യവേക്ഷണത്തിനൊടുവില്‍ കണ്െടത്തിയതാണ്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സാന്നിധ്യം കണ്െടത്താനും അതു കാര്യക്ഷമതയോടെ ഉത്പാദിപ്പിക്കാനും വിപുലമായ സംവിധാനങ്ങള്‍ വേണം. അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് പരമാവധി ഉത്പാദനം നടത്താന്‍ പൊതുമേഖലയ്ക്ക് എന്തുകൊണ്ടു സാധിക്കുന്നില്ല എന്നു ചിന്തിച്ചേ തീരൂ. സ്വകാര്യമേഖലയ്ക്കും വിദേശ കുത്തകകള്‍ക്കും എണ്ണപ്പാടങ്ങള്‍ തീറെഴുതി നല്‍കുമ്പോള്‍, രാജ്യത്തിന്റെ വിശാലമായ താത്പര്യങ്ങള്‍ അടിയറ വയ്ക്കാന്‍ പാടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.