കുറവിലങ്ങാട്ടേക്ക് ഭക്തജനപ്രവാഹം
കുറവിലങ്ങാട്ടേക്ക് ഭക്തജനപ്രവാഹം
Thursday, September 3, 2015 12:53 AM IST
കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മാതാവിന്റെ ജനനത്തിരുനാളിനു കൊടിയേറിയതോടെ ഭക്തജനപ്രവാഹമേറി. നോമ്പിനൊപ്പം ആരംഭിച്ച അഖണ്ഡപ്രാര്‍ഥന ഇന്നു രാവിലെ 50 മണിക്കൂര്‍ പിന്നിട്ടു. ചൊവ്വാഴ്ച രാവിലെ 5.30നുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് അഖണ്ഡപ്രാര്‍ഥനയ്ക്കു തുടക്കമായത്. മാതാവിന്റെ പിറവിത്തിരുനാള്‍ ദിനമായ എട്ടിന് വൈകുന്നേരം അഖണ്ഡപ്രാര്‍ഥന അവസാനിക്കും.

ഇന്നലെ വൈകുന്നേരം വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു നടന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നോമ്പിന്റെ രണ്ടാംദിനമായ ഇന്നലെ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ദൈവമാതാവിനോടുള്ള ഭക്തിയുടെ പ്രചാരകരായി സമൂഹം മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അഞ്ചിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും നാളെ അഞ്ചിന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.


ആഗോളമരിയന്‍ തീര്‍ഥാടനകേന്ദ്രമെന്ന നിലയില്‍ വിദേശത്തുനിന്നും വിശ്വാസികളെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് വികാരി റവ.ഡോ. ജോസഫ് തടത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.