പ്രീമെട്രിക് സ്കോളര്‍ഷിപ് : അധ്യാപകരും രക്ഷിതാക്കളും വലയുന്നു
Thursday, September 3, 2015 12:50 AM IST
ബിജോ സില്‍വറി

കൊച്ചി: സ്കൂളുകളിലെ പ്രീമെട്രിക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പണം അധ്യാപകരെയും രക്ഷിതാക്കളെയും വലയ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് പല കുട്ടികള്‍ക്കും ഇതുവരെ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അവസാന തീയതി നീട്ടിയിട്ടുണ്െടങ്കിലും അധ്യയനം മുടക്കി പല അധ്യാപകരും ഓണ്‍ലൈനായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട സ്ഥിതിയാണ്.

ഓണാവധി കഴിഞ്ഞു പരീക്ഷ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ഒക്ടോബര്‍ 15ന് ആണ് അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ ട്രാഫിക് മൂലം മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഓരോ കുട്ടിയുടെയും വിവരം വെബ്സൈറ്റില്‍ രേഖപ്പെടുത്താന്‍ കഴിയുന്നത്. പകല്‍ സമയത്തു പലപ്പോഴും ഈ വെബ്സൈറ്റ് തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

2013 വരെ കുട്ടികള്‍ നല്‍കുന്ന അപേക്ഷ സ്കൂള്‍ അധികാരികള്‍ പരിഗണിച്ച് അടിസ്ഥാന വിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ ഓണ്‍ലൈനായി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, ഈ വര്‍ഷം മുതല്‍ കുട്ടികള്‍ അപേക്ഷയോടൊപ്പം ഏഴു രേഖ കൂടി സമര്‍പ്പിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെയും പാസ്ബുക്കിന്റെയും കോപ്പികള്‍, അപേക്ഷകന്റെ ഫോട്ടോ തുടങ്ങിയവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. കുട്ടികളില്‍നിന്ന് ഈ അപേക്ഷകള്‍ സ്വീകരിക്കുന്ന സ്കൂള്‍ അധികാരികള്‍ ഓരോ കുട്ടിയുടെ പേരിലും വിശദമായ വിവരങ്ങള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഓരോ കുട്ടിയുടെയും രേഖകളും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. കുട്ടികള്‍ സമര്‍പ്പിച്ച രേഖകളുടെ കൃത്യത ഉറപ്പുവരുത്തണം. അക്ഷയ സെന്റര്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ശ്രമവും ഓണ്‍ലൈന്‍ പ്രശ്നം മൂലം തടസപ്പെട്ടു.

ന്യൂനപക്ഷ, ഒബിസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കാണ് 1,000 രൂപ വീതം സര്‍ക്കാര്‍ സ്കോളര്‍ഷിപ് നല്‍കുന്നത്. ഈ വിഭാഗങ്ങളിലുള്ള കുട്ടികള്‍ കൂടുതലായി പഠിക്കുന്ന വിദ്യാലയങ്ങളിലാണു പ്രശ്നം സങ്കീര്‍ണമായത്. തൊണ്ണൂറു ശതമാനം കുട്ടികള്‍ വരെ ന്യൂനപക്ഷ, ഒബിസി വിഭാഗങ്ങളില്‍ പെടുന്ന സ്കൂളുകളുണ്ട്. ഒരു ക്ളാസില്‍ ഇരുപതിലധികം കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരുമായിരിക്കും. ഇവരുടെ വിശദവിവരം ഓണ്‍ലൈനായി ചേര്‍ക്കാന്‍ അധ്യാപകര്‍ പെടാപ്പെടാണു പെടുന്നത്.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് (അംഗീകൃതം) അഫിലിയേഷനുള്ള സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമത, പാഴ്സി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്കുമാണു സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും മുന്‍ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക്, ഗ്രേഡ് കരസ്ഥമാക്കിയവരുമായ കുട്ടികളാണ് അപേക്ഷകര്‍. ഒന്നാം ക്ളാസിലെ കുട്ടികള്‍ക്കു മാര്‍ക്ക് നിബന്ധനയില്ല. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കാണു പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹത.


അപേക്ഷയോടൊപ്പം കുട്ടിയുടെ മതം തെളിയിക്കാന്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന നിബന്ധന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി. മതം തെളിയിക്കാന്‍ വില്ലേജ് ഓഫീസുകളിലും ജനനത്തീയതി ശരിയാക്കാനായി തദ്ദേശ സ്ഥാപനങ്ങളിലും രക്ഷിതാക്കള്‍ കയറിയിറങ്ങുകയായിരുന്നു. പിന്നീടിതു രക്ഷാകര്‍ത്താവിന്റെ സത്യവാങ്മൂലം മതിയെന്നാക്കി.

അപേക്ഷകളിലെ വരുമാനം, മതം, മാര്‍ക്ക്, ഗ്രേഡ് എന്നിവയുടെ കൃത്യത ബന്ധപ്പെട്ട സ്കൂള്‍ അധികാരി അധ്യാപകരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പാക്കണം. സ്കൂള്‍ മാറി പുതിയ സ്കൂളിലെത്തിയ കുട്ടികളുടെ മാര്‍ക്ക്, ഗ്രേഡ് എന്നിവ മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍നിന്നു നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കണം. മുന്‍ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ് തുക ലഭിച്ച വിദ്യാര്‍ഥിയുടെ അപേക്ഷയില്‍ റിന്യൂവല്‍ കോളം മാര്‍ക്കു ചെയ്തിട്ടുണ്െടന്നും ഉറപ്പാക്കണം. അപേക്ഷകരുടെ ആധാര്‍, യുഐഡി നമ്പര്‍ എന്നിവയും ദേശസാല്‍കൃത ബാങ്കുകളിലെ അക്കൌണ്ട് നമ്പറും രേഖപ്പെടുത്തണം. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ പൂര്‍ണ ഉത്തരവാദിത്വം സ്കൂള്‍ അധികാരികള്‍ക്കാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വഴിയാണു സ്കോളര്‍ഷിപ് തുക നല്‍കിവരുന്നത്. ഈ വര്‍ഷം പത്താം ക്ളാസ് കഴിഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെ പലര്‍ക്കും ഇപ്പോഴും അക്കൌണ്ടില്‍ പണമെത്തിയിട്ടില്ല. കുട്ടികളുടെ ബാങ്ക് അക്കൌണ്ടില്‍ പണമെത്തിയാല്‍ അതു സ്കൂളില്‍ അറിയിച്ചു പാസ്ബുക്കില്‍ തുക രേഖപ്പെടുത്തിയ ഭാഗം ഫോട്ടോസ്റാറ്റെടുത്ത് അതതു ക്ളാസ് അധ്യാപകരെ ഏല്‍പ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്കൂളില്‍ തെളിവായി ഇതു സൂക്ഷിച്ചുവയ്ക്കും. എന്നാല്‍, പത്താം ക്ളാസ് കഴിഞ്ഞു പോയ കുട്ടികള്‍ പലരും ഇത്തരത്തില്‍ വിവരമറിയിക്കാതിരിക്കുന്നതും ബുദ്ധിമുട്ടായിട്ടുണ്ട്. പണം അയച്ചതായി ഡിപിഐയില്‍നിന്ന് അറിയിപ്പ് ലഭിച്ച് ഏറെ കാലമായിട്ടും അക്കൌണ്ടില്‍ പണമെത്താത്തവരും ഉണ്ട്. ഓരോ വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കുന്ന ചുമതലയും അധ്യാപകര്‍ക്കാണ്.

പ്രശ്നങ്ങളുടെ സങ്കീര്‍ണത ഒഴിവാക്കാന്‍ സ്കോളര്‍ഷിപ് അപേക്ഷകരെ പരമാവധി ചുരുക്കാനായിരിക്കും അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ അധികൃതര്‍ ശ്രമിക്കുക എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കു നേടിയിരിക്കണമെന്ന നിബന്ധന അധ്യാപകര്‍ കര്‍ശനമായി പാലിച്ചാല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവരുടെ എണ്ണം കുറയുമെന്നാണു പറയുന്നത്. ഇതു പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.