മന്ത്രി കെ. ബാബുവിന്റെ പ്രസ്താവന നിരുത്തരവാദപരം: കെസിബിസി
Thursday, September 3, 2015 12:48 AM IST
കൊച്ചി: മദ്യത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിനെതിരേ നിശബ്ദത പാലിക്കുന്നുവെന്ന എക്സൈസ് മന്ത്രി കെ. ബാബുവിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഡപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കെസിബിസി മദ്യവിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടവക, ഗ്രാമതലപ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിനെതിരേ സംസാരിക്കുന്നവരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം മദ്യനയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥത തെളിയിക്കുന്ന നടപടികളാണു പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തേക്കു വന്‍ തോതില്‍ മയക്കുമരുന്നു കടത്തുന്നതായും ഈ ശൃംഖല ഭീകരസംഘടനകള്‍ വരെ എത്തുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് അടുത്ത കാലത്താണ്. കൊച്ചി അന്താരാഷ്ട്ര മയക്കുമരുന്നു ഹബായി മാറിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതൊന്നും ഭരണാധികാരികള്‍ അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. സ്വര്‍ണ- മയക്കുമരുന്നു കടത്തു ലോബിക്കു സുരക്ഷിതപാതയും സംരക്ഷണവുമൊരുക്കുന്നതും നിയമത്തിന്റെ പഴുതുപയോഗിച്ചും പൊതുസമൂഹത്തിന്റെ കണ്ണില്‍പ്പെടാതെയും അവരെ രക്ഷപ്പെടാന്‍ സഹായിക്കുന്നതും ആരൊക്കെയാണെന്നു ഭരണകര്‍ത്താക്കള്‍ വെളിപ്പെടുത്തേണ്ടതാണ്.


കേരളത്തില്‍ മയക്കുമരുന്ന് വ്യാപിക്കുന്നെങ്കില്‍ അതിന് ഉത്തരവാദികള്‍ മദ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരല്ല; മദ്യലോബിക്കും സ്വര്‍ണക്കടത്തുകാര്‍ക്കും മയക്കുമരുന്നു മാഫിയയ്ക്കും അനുകൂല സാഹചര്യമൊരുക്കുന്നവരാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളും തുറമുഖനഗരങ്ങളുമാണു മയക്കുമരുന്ന്, സ്വര്‍ണക്കടത്ത്, ഭീകരപ്രവര്‍ത്തന ശൃംഖലയ്ക്കു സുരക്ഷിത പാതയൊരുക്കുന്നതെന്നാണു മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്. ഇവയൊന്നും നിയന്ത്രിക്കുന്നതു കേരളത്തിലെ മദ്യവിരുദ്ധ സമിതികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.