എസ്എന്‍ഡിപി യോഗം നിലപാട് മാറിയിട്ടില്ലെന്നു വെള്ളാപ്പള്ളി
എസ്എന്‍ഡിപി യോഗം നിലപാട് മാറിയിട്ടില്ലെന്നു വെള്ളാപ്പള്ളി
Wednesday, September 2, 2015 11:02 PM IST
വി.എസ്. രതീഷ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റമില്ലെന്നു ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്ക് എല്ലാ പാര്‍ട്ടിയും ഒരുപോലെയാണ്. ഒരു പാര്‍ട്ടിയോടും പ്രത്യേക മമതയോ വിധേയത്വമോ ഇല്ല. രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ അവരുമായി യോഗത്തിന് അടുപ്പവും അകല്‍ച്ചയുമുണ്ടാകും. ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയത് എസ്എന്‍ഡിപിയല്ല. മറ്റു പാര്‍ട്ടികളുടെ കൈയിലിരിപ്പുകൊണ്ടാണ് അവര്‍ വളര്‍ന്നത്. ഇടതുപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനത്തിനായി മത്സരിക്കുമ്പോള്‍ ഭൂരിപക്ഷം ബിജെപിയിലേക്ക് പോകുകയാണ്. ഇടതുപാര്‍ട്ടികളില്‍ 99 ശതമാനവും ഹിന്ദുക്കളാണ്. ബാക്കിയുള്ള ന്യൂനപക്ഷമാകട്ടെ പാര്‍ട്ടി നേതാക്കളുമാണ്. ന്യൂന പക്ഷപ്രീണനം കൂടിയതോടെ ജനങ്ങള്‍ ഇടതുപക്ഷത്തുനിന്ന് അകന്നുതുടങ്ങിയിരിക്കുന്നു. ഇതാണ് അരുവിക്കരയില്‍ അടക്കമുള്ള തോല്‍വിക്കു കാരണം.

ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുമോയെന്നതല്ല പ്രശ്നമെന്നും അവര്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരുവിക്കരയില്‍ എന്‍എസ്എസ് ബിജെപിയുടെ കെണിയില്‍ വീണില്ലായെന്ന സിപിഎം നേതാവിന്റെ പ്രസ്താവന ശരിയായിരുന്നെങ്കില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജയിക്കേണ്ടതായിരുന്നു. എസ്എന്‍ഡിപിയോഗം ഈഴവരുടെ സംഘടന തന്നെയാണ്. അതു സംഘടനയ്ക്ക് ലഭിച്ചിരിക്കുന്ന ലൈസന്‍സില്‍ നിന്നുതന്നെ വ്യക്തമാകും.


അച്യുതാനന്ദന്‍ ഗുരുവിനെക്കുറിച്ച് ആദ്യംമുതല്‍ പഠിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഇടയ്ക്കുവച്ചല്ല പഠിക്കാന്‍ തുടങ്ങേണ്ടത്. എകെജി സെന്ററില്‍ നിന്നും എഴുതിനല്കുന്ന പ്രസംഗങ്ങള്‍ വായിക്കുന്ന വി.എസ് ചരിത്രപുസ്തകങ്ങള്‍ വായിക്കാറില്ല. ഈഴവര്‍ക്കെതിരേ ചില കോണുകളില്‍ നിന്ന് പരാമര്‍ശമുണ്ടായപ്പോള്‍ അടിസ്ഥാന വര്‍ഗ സ്നേഹം പറയുന്ന ഒരാളെയും പ്രതിരോധിക്കാന്‍ കണ്ടില്ല.

കേരളത്തിലെ അക്രമരാഷ്ട്രീയത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇതിന് അവസാനം വരുത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. ഭൂരിപക്ഷ സമുദായ ഐക്യത്തിനുവേണ്ടി ആരുമായും ചേരാന്‍ എസ്എന്‍ഡിപി യോഗം തയാറാണ്. ഇതിന് ആരുമായും അയിത്തമില്ല. ഇതിനായി കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ആദ്യമെത്തുന്നതെങ്കില്‍ അവരുമായും കൈകോര്‍ക്കുമെന്നും വെള്ളാപ്പള്ളി ദീപികയോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.