കുറവിലങ്ങാട് പള്ളിയില്‍ അഖണ്ഡപ്രാര്‍ഥനയ്ക്കു തുടക്കമായി
Wednesday, September 2, 2015 11:23 PM IST
കുറവിലങ്ങാട്: ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ മൂവായിരത്തിലേറെ വരുന്ന കുടുംബങ്ങളും ലക്ഷോപലക്ഷങ്ങളായ മുത്തിയമ്മ ഭക്തരും ചേര്‍ന്നുള്ള അഖണ്ഡ പ്രാര്‍ഥനയ്ക്കു തുടക്കമായി. എട്ടുനോമ്പിന്റെ മുഴുവന്‍ ദിനരാത്രങ്ങളിലും ഇടമുറിയാതെ പ്രാര്‍ഥന നടത്തിയാണ് ഇടവക ഇക്കുറി പുതിയ ചരിത്രമെഴുതുന്നത്.

രാജ്യത്തുതന്നെ ഇതാദ്യമായാണ് ഒരു ഇടവകയുടെ നേതൃത്വത്തില്‍ എട്ടുനോമ്പിനോടനുബന്ധിച്ച് ഇടമുറിയാതെ എട്ടുദിനരാത്രങ്ങള്‍ പ്രാര്‍ഥന നടത്തുന്നത്. എട്ടുനോമ്പ് നാളുകളില്‍ പൂര്‍വികര്‍ പ്രാര്‍ഥനയും ഉപവാസവുമായി ദേവാലയങ്ങളില്‍ ചെലവഴിച്ചിരുന്ന പാരമ്പര്യത്തോട് ചേര്‍ത്ത് ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തില്‍ ഉയര്‍ത്തിയ ആശയത്തെ പതിനയ്യായിരത്തിലേറെ വരുന്ന ഇടവകജനം ഏറ്റുവാങ്ങി നടപ്പിലാക്കുകയായിരുന്നു. ഇടവകയിലെ 81 കുടുംബക്കൂട്ടായ്മ യൂണിറ്റുകളാണ് നിശ്ചിത സമയങ്ങളില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.


ഇന്നലെ പുലര്‍ച്ചെ 5.30ന് നടന്ന വിശുദ്ധ കുര്‍ബാനയിലൂടെയാണ് ഇടവക സമൂഹം അഖണ്ഡപ്രാര്‍ഥനയിലേയ്ക്കു പ്രവേശിച്ചത്. മാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ എട്ടിന് പാതിരാത്രിയോടെയാകും ഇനി ദേവാലയം അടയ്ക്കുക.

എട്ട്നോമ്പാചരണം കണക്കിലെടുത്ത് ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കില്‍ നിന്ന് കുറവിലങ്ങാട് മേഖലയെ ഒഴിവാക്കിയിട്ടുണ്ട്. എട്ടുദിവസങ്ങളിലും വൈദിക മേലധ്യക്ഷന്മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തിരുകര്‍മങ്ങളും നടക്കുന്നുണ്ട്. എല്ലാ ദിനങ്ങളിലും പ്രത്യേക സംഗമങ്ങളും ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.