മന്ത്രിയുടെ ഉറപ്പ് നടപ്പിലായില്ല; ഒറ്റയാള്‍ പ്രതിഷേധവുമായി ജീമോന്‍ വീണ്ടും
മന്ത്രിയുടെ ഉറപ്പ് നടപ്പിലായില്ല; ഒറ്റയാള്‍ പ്രതിഷേധവുമായി ജീമോന്‍ വീണ്ടും
Wednesday, September 2, 2015 11:21 PM IST
ഐബിന്‍ കാണ്ടാവനം

രാമപുരം(പാലാ): പാല്‍വില ചാര്‍ട്ട് പരിഷ്കരിക്കാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് ഒരു വര്‍ഷമായിട്ടും നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചു ക്ഷീരകര്‍ഷകന്‍ ജീമോന്‍ കാരാടി ഒറ്റയാള്‍ പ്രതിഷേധവുമായി വീണ്ടും. രാമപുരത്തു നടന്ന ജില്ലാ ക്ഷീരസംഗമത്തിനിടെയാണു ജീമോന്‍ പശുക്കളുമായി ടൌണ്‍ചുറ്റി പ്രതിഷേധ പ്രകടനം നടത്തിയത്. ക്ഷീരമേഖലയിലൂടെ ഉപജീവനം നടത്തുന്ന അനവധി കര്‍ഷകരുടെ പ്രതിനിധിയായി കഴിഞ്ഞ വര്‍ഷം ഓഗസ്റ് 15 മുതല്‍ തിരുവനന്തപുരം ക്ഷീരഭവന്റെ മുമ്പില്‍ പശുക്കളുമായി ഒറ്റയാള്‍ സമരം ചെയ്ത വ്യക്തിയാണു ജീമോന്‍. സമരത്തില്‍ സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കാത്തതിനാലാണു പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയത്.

മില്‍മയുടെ അശാസ്ത്രീയ പാല്‍വില ചാര്‍ട്ട് പരിഷ്കരിക്കണം എന്ന ആവശ്യവുമായായിരുന്നു ജീമോന്റെ ആദ്യ സമരം. അന്നു സമരത്തിലുന്നയിച്ചിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ നിയമിക്കാമെന്നും അതില്‍ ഒരു കര്‍ഷക പ്രതിനിധിയെ ഉള്‍പ്പെടുത്താമെന്നും മന്ത്രി ഉറപ്പു നല്കിയ ശേഷമാണ് 21 ദിവസത്തെ സമരം ജീമോന്‍ അവസാനിപ്പിച്ചത്. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും മന്ത്രിയുടെ ഉറപ്പ് നടപ്പിലായില്ലെന്നു മാത്രമല്ല കേന്ദ്ര ഏജന്‍സിയായ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡി(എന്‍ഡിഡിബി)നെ ഉപയോഗിച്ചു പഠനം നടത്താമെന്നു സര്‍ക്കാര്‍ കഴിഞ്ഞ കുറേ നാളുകളായി പറയുന്നു. എന്നാല്‍, അതിലും തീരുമാനമില്ല. എന്‍ഡിഡിബി മുമ്പോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളില്‍ പലതും മില്‍മ നടപ്പാക്കുന്നില്ല. അതുകൊണ്ടുതന്നെ എന്‍ഡിഡിബി പഠനം നടത്തിയാലും കര്‍ഷകനു പ്രയോജനമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമാണെന്നാണു ജീമോന്‍ പറയുന്നത്. നിലവില്‍ കേരളത്തില്‍നിന്നുള്ള വിദഗ്ധരടങ്ങിയ കമ്മിറ്റി പഠനം നടത്തിയെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കു. മാത്രമല്ല കര്‍ഷകര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും വേണം.


പാലിലടങ്ങിയിരിക്കുന്ന ഖരപദാര്‍ഥങ്ങളുടെ ശതമാനക്കണക്കനുസരിച്ചു പാലിന്റെ വില നിശ്ചയിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുള്ള ചാര്‍ട്ടാണു പാല്‍വില ചാര്‍ട്ട്. ഇതില്‍ നല്ല പാല്‍ എന്നതിന്റെ അടിസ്ഥാന യോഗ്യതയായി മില്‍മ രേഖപ്പെടുത്തിയിരിക്കുന്ന പാലിലെ കൊഴുപ്പ് 3.5 ശതമാനവും എസ്എന്‍എഫ് 8.5 ശതമാനവുമാണ്. ക്ഷീരവിപ്ളവത്തിന്റെ ഭാഗമായി വിദേശത്തുനിന്നു മുന്തിയ ഇനം പശുക്കളെ ഇറക്കുമതി ചെയ്തെങ്കിലും നാടന്‍ പശുക്കള്‍ ഉണ്ടായിരുന്ന കാലത്തെ ഭക്ഷ്യസുരക്ഷാ നിയമവുമായാണു മില്‍മ മുമ്പോട്ടു പോകുന്നത്. ഇതാണ് പാല്‍വില ചാര്‍ട്ടിലെ പോരായ്മയായി ക്ഷീരകര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

പശുക്കിടാവിന്റെ ജീവിത രീതിയില്‍ ലഭിക്കേണ്ട പാല്‍ അനുസരിച്ചാണു പാലിന്റെ ഗുണനിലവാരം കൂട്ടുന്നത്. ഇതു പ്രകൃതി നിയമമാണ്. പാലിന്റെ സ്റാന്‍ഡേര്‍ഡ് അല്ല പശുക്കിടാങ്ങള്‍ക്കാവശ്യം അവയിലടങ്ങിയിരിക്കുന്ന ഖരപദാര്‍ഥങ്ങളുടെ അളവാണ്. അതുകൊണ്ടുതന്നെ പാലുത്പാദനം കൂടുമ്പോള്‍ അവയിലടങ്ങിയിരിക്കുന്ന ഖരപദാര്‍ഥങ്ങളും വിഭജിച്ചുപോവുകയാണ്. അതനുസരിച്ചു റീഡിംഗില്‍ പാലിലെ കൊഴുപ്പു കുറയും. അതു കര്‍ഷകന്റെയോ പശുവിന്റെയോ കുറ്റമല്ല.

പല ക്ഷീരകര്‍ഷകരും ക്ഷീരമേഖല വിടാന്‍തന്നെ കാരണം അശാസ്ത്രീയമായ പാല്‍വില ചാര്‍ട്ടാണെന്നാണു കര്‍ഷകരുടെ അഭിപ്രായം. ഒരു പക്ഷേ പല കര്‍ഷകരും സമൂഹത്തിനു മുമ്പില്‍ അവഹേളിതരാകാന്‍ ഈ പാല്‍വില ചാര്‍ട്ട് കാരണമായിട്ടുണ്ടാകുമെന്നു തീര്‍ച്ചയാണെന്നും ജീമോന്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.