മദ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് മയക്കുമരുന്നിനോടു മൌനം: മന്ത്രി
മദ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് മയക്കുമരുന്നിനോടു മൌനം: മന്ത്രി
Wednesday, September 2, 2015 11:21 PM IST
തിരുവനന്തപുരം: പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ക്കു മദ്യത്തെക്കാള്‍ മയക്കുമരുന്നാണു കാരണമെന്നും മദ്യത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിനെതിരെ നിശബ്ദത പാലിക്കുകയാണെന്നും എക്സൈസ് മന്ത്രി കെ. ബാബു. സര്‍ക്കാരിന്റെ സമഗ്ര ലഹരിവിരുദ്ധ പദ്ധതിയായ സുബോധത്തിന്റെ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞെട്ടിക്കുന്ന തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗമാണു കേരളത്തിലുള്ളതെന്നു മന്ത്രി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ബാറുകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിമിതികളെ നേരിട്ടുകൊണ്ടാണ് കേരളത്തില്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. വകുപ്പിന്റെ കീഴില്‍ വരുന്ന പ്രചാരണമല്ലെങ്കില്‍ കൂടി സാമൂഹിക നന്മ ലക്ഷ്യമാക്കിയാണ് സൂബോധം പദ്ധതി നടപ്പിലാക്കുന്നതെന്നും പദ്ധതിയുടെ ചെയര്‍മാന്‍ കൂടിയായ മന്ത്രി പറഞ്ഞു.

94.79 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റഴിഞ്ഞതെങ്കിലും അളവില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം മദ്യഉപഭോഗം 18 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് ആവശ്യമായിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. വീടുകള്‍ ബാറുകളാകുന്ന സാഹചര്യം ഏറിവരുന്നുണ്ട്. ഇത് പുതിയ തലമുറയെ മദ്യവിപത്തിലേയ്ക്ക് നയിക്കുന്നതിന് കാരണമാകും. മദ്യവിമുക്ത കേരളത്തിനായി യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിക്കൊണ്ടുള്ള ഉചിതമായ നടപടികളാണ് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു.

എക്സൈസ് കമ്മിഷണര്‍ എക്സ്. അനില്‍, ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡബ്ള്യൂ.ആര്‍. റെഡ്ഡി, എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ ജീവന്‍ ബാബു, കെയ്സ് എംഡി ആര്‍. രാഹുല്‍, തിരുവനന്തപുരം നഗരസഭാ കൌണ്‍സിലര്‍ ലീലാമ്മ ഐസക്്, സുബോധം പദ്ധതി ഡയറക്ടര്‍ ഡോ.കെ. അമ്പാടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.