ഏലത്തിന്റെ വില കൂപ്പുകുത്തി
ഏലത്തിന്റെ വില കൂപ്പുകുത്തി
Wednesday, September 2, 2015 11:14 PM IST
നെടുങ്കണ്ടം: ഏലം കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയിലാക്കി ഏലക്കാവില കൂപ്പുകുത്തി. കൃഷിച്ചെലവിനുപോലും തികയാത്ത രീതിയിലാണ് ഏലക്കായുടെ വില താഴ്ന്നിരിക്കുന്നത്. ശരാശരിവില 550 ലേക്ക് താഴ്ന്നതോടെ ഇതിലും താഴ്ത്തിയാണ് കച്ചവടക്കാര്‍ വ്യാപാരം നടത്തുന്നത്.

അഞ്ചുവര്‍ഷത്തിനിടെ ശരാശരി വിലയിലുണ്ടായ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. ഏഴുമാസം മുമ്പ് 900 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ കുത്തനെ കുറഞ്ഞിരിക്കുന്നത്. കൃഷി സംരക്ഷണം നഷ്ടത്തിലാകുന്നതോടെ ഇനിയെങ്ങനെ ജോലികള്‍ ചെയ്യും എന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിളവെടുപ്പിനും കീടനാശിനി, വളപ്രയോഗങ്ങള്‍ക്കും തൊഴിലാളികളെ പണിക്ക് നിര്‍ത്താനും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓണം സീസണില്‍ 750-800 ആയിരുന്നു ശരാശരി വില. എന്നാല്‍ ഈവര്‍ഷം തുടക്കത്തിലുണ്ടായിരുന്ന വിലപോലും ലഭിക്കുന്നില്ല. 1000 രൂപയെങ്കിലും ഏലക്കായ്ക്ക് വില ലഭിച്ചെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ.

ഇന്നലെ ഏറ്റവും കൂടിയ ഏലക്ക 640 രൂപയ്ക്കാണ് കച്ചവടക്കാര്‍ വാങ്ങിയത്. ചെറുകിട കര്‍ഷകര്‍ കൂടുതലായും ടൌണുകളിലുള്ള വ്യാപാരികളെയാണ് ആശ്രയിക്കുന്നത്. വന്‍കിടക്കാര്‍ മാത്രമാണ് ഓക്ഷന്‍ സെന്ററുക ളില്‍ ഏലക്ക എത്തിക്കുന്നത്. ഇന്നലെ 500-നും 600-നും ഇടയിലാണ് വ്യാപാരികള്‍ ഏലക്ക കര്‍ഷക രില്‍ നിന്നും വാങ്ങിയത്. ലേലകേ ന്ദ്രങ്ങളില്‍ ഗ്രേഡ് തിരിച്ച് ഓക്ഷന് വെച്ചാല്‍ ഏറ്റവും നല്ല ഏലക്കാ യ്ക്ക് 900 രൂപവരെ ലഭിക്കും. ചെറുകിട കര്‍ഷകരെ സംബന്ധിച്ച് ലേലകേന്ദ്രങ്ങളിലെ നൂലാമാലകള്‍മൂലം കായ് പതിപ്പിക്കാന്‍ കഴിയാറില്ല. ഇതിനാല്‍ ഓപ്പണ്‍ മാര്‍ക്കറ്റിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്.


ഒരുകിലോ എലക്ക വിപണിയില്‍ എത്തുമ്പോള്‍ കര്‍ഷകന് എഴുന്നൂറ്റിയമ്പതോളം രൂപ ചെലവുവരുന്നുണ്ട്. ഇവയാണ് നഷ്ടം സഹിച്ച് 500നും 600നും വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നത്.

രാജ്യത്തിനു കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഏലത്തിനോട് കേന്ദ്രസര്‍ക്കാരും സ്പൈസസ് ബോ ര്‍ഡും അവഗണന തുടരുകയാണ്. ഓപ്പണ്‍ മാര്‍ക്കറ്റും ലേലവ്യവസ്ഥയും കൂടുതല്‍ സുതാര്യമാക്കുകയും ആയിരം രൂപയെങ്കിലും തറവില നിശ്ചയിക്കുകയും ചെയ്താല്‍ മാത്രമേ ഏലം മേഖല പ്രതിസന്ധിയില്‍നിന്നും കരകയറൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.