മുഖപ്രസംഗം: രാജ്യം നിശ്ചലമാക്കി പ്രതിഷേധിക്കുമ്പോള്‍
Wednesday, September 2, 2015 9:33 PM IST
രാജ്യം ഇരുപത്തിനാലു മണിക്കൂര്‍ നേരത്തേക്കു നിശ്ചലമായിരിക്കുകയാണ്. ഐഎന്‍ടിയുസി, സിഐടിയു എന്നിവ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളാണ് അഖിലേന്ത്യാ പണിമുടക്കു പ്രഖ്യാപിച്ചു ജനജീവിതം സ്തംഭിപ്പിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭാരതീയ മസ്ദൂര്‍ സംഘ് മാത്രമാണു പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കുന്ന പ്രമുഖ തൊഴിലാളി സംഘടന. പണിമുടക്കിനോടും ഹര്‍ത്താലിനോടുമൊക്കെ പ്രത്യേക ആഭിമുഖ്യമുള്ള കേരളത്തില്‍ ഈ ഇരുപത്തിനാലു മണിക്കൂര്‍ പണിമുടക്ക് ഒരു ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചേക്കും. കേരളത്തിനുമാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ടതാണീ ദുര്യോഗം. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ടു ശമ്പളം നഷ്ടപ്പെടരുതെന്നുള്ളവര്‍ എങ്ങനെയും ജോലിക്ക് എത്തേണ്ടിവരും.

പണിമുടക്കു വളരെ നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് മിന്നല്‍ പണിമുടക്കും ഓര്‍ക്കാപ്പുറത്തെ ഹര്‍ത്താലും ഉണ്ടാക്കുന്നത്ര ക്ളേശം ഇതു ജനങ്ങള്‍ക്ക് ഉണ്ടാക്കില്ലെന്നു കരുതാം. എന്നാല്‍, മുന്നറിയിപ്പുണ്ടായാലും ഇല്ലെങ്കിലും അത്യാവശ്യക്കാരും രോഗികളും മറ്റും കഷ്ടത്തിലായതുതന്നെ. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നു സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ സാധാരണക്കാര്‍, എന്തെങ്കിലും നിവൃത്തിയുണ്െടങ്കില്‍ അതിനു മുതിരില്ല. ഇറക്കിയാല്‍ വിവരമറിയും എന്ന സൂചന പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്േടാ എന്നറിയില്ലല്ലോ. ജനങ്ങളുടെ നിവൃത്തികേടു സമരനേതാക്കള്‍ക്ക് അറിയേണ്ടതില്ല.

കടകമ്പോളങ്ങള്‍ തുറക്കാന്‍ തടസമില്ലെങ്കിലും എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു പ്രതിഷേധത്തില്‍ പങ്കുചേരണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു പ്രധാന വ്യാപാരസ്ഥാപനങ്ങളൊന്നും തുറക്കാനിടയില്ല. സമരക്കാരല്ലെങ്കിലും ഏതെങ്കിലുമൊരു സാമൂഹ്യവിരുദ്ധനു ദുര്‍ബുദ്ധി തോന്നിയാല്‍ വ്യാപാരിക്കുണ്ടാകുന്ന നഷ്ടം വലുതായിരിക്കും. അതുകൊണ്ടുതന്നെ അധികമാരും റിസ്ക് എടുക്കില്ല. ഈ മനോഭാവമാണു കേരളത്തില്‍ ഈര്‍ക്കില്‍ പാര്‍ട്ടികളോ പ്രാദേശിക ഗ്രൂപ്പുകളോ പോലും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലും പണിമുടക്കുമൊക്കെ വന്‍വിജയമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളെയോ ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളെയോ ഇത്തരം പണിമുടക്കുകള്‍ കാര്യമായി ബാധിക്കാറില്ല. ആരു പണിമുടക്കു പ്രഖ്യാപിച്ചാലും അവിടെയൊക്കെ ജനജീവിതം ഏറെക്കുറെ സാധാരണനിലയില്‍ മുന്നോട്ടുപോകുന്നതായാണു കാണാറുള്ളത്.

കേരളത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ള പതിനേഴു തൊഴിലാളി സംഘടനകളുടെ സംയുക്തസമിതി പതിവുപോലെ പാല്‍, പത്രം, വിവാഹപാര്‍ട്ടികള്‍, ആശുപത്രി, മരണം, ഹജ്ജ്, ചില പ്രാദേശിക ആഘോഷങ്ങള്‍ എന്നിവയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെയില്‍വേയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമായേക്കും. എന്നിരുന്നാലും റെയില്‍വേസ്റേഷനില്‍ കുത്തിയിരുന്നു ദിവസം കടത്തിവിടേണ്ട അവസ്ഥ ചില യാത്രക്കാര്‍ക്കെങ്കിലുമുണ്ടാകും.


കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണു സംഘടനകളുടെ സമരം. കരാര്‍ വ്യവസ്ഥ പ്രകാരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കു വേതനകാര്യത്തിലും മറ്റുമുള്ള സുരക്ഷിതത്വമില്ലായ്മ, പുതിയ തൊഴില്‍ നിയമത്തിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന നയങ്ങളുടെ ജനവിരുദ്ധത തുടങ്ങി സമരത്തിലേര്‍പ്പെടുന്നവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗൌരവമുള്ളതും പരിഹാരം കണ്െടത്തേണ്ടതുമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സമരം ഒഴിവാക്കാനുള്ള ഒരു ഫോര്‍മുല അതിലൊന്നും ഉരുത്തിരിഞ്ഞില്ല.

പണിമുടക്കിന്റെ ന്യായാന്യായങ്ങള്‍ തലനാരിഴകീറി പരിശോധിക്കുന്നതിലും പ്രധാനം സമാധാനപരമായി ഈ പണിമുടക്ക് കടന്നുപോകണമെന്നതാണ്. വാഹനങ്ങളൊന്നും നിരത്തിലിറക്കാതെ രാജ്യത്തെ നിശ്ചലമാക്കാനുള്ള തീരുമാനം കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം വിജയിച്ചേക്കാം. ജനജീവിതം സ്തംഭിപ്പിക്കുന്നതുപോലുള്ള സമരപരിപാടികളോടു പൊതുവേ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള വിരക്തി ട്രേഡ് യൂണിയനുകള്‍ മനസിലാക്കേണ്ടതുണ്ട്. പണിമുടക്ക് നടത്തി അവകാശങ്ങള്‍ നേടിയെടുക്കുന്ന രീതി എത്രമാത്രം ആശാസ്യമാണെന്ന കാര്യത്തില്‍ ഒരു പുനര്‍ചിന്ത വേണ്ടിയിരിക്കുന്നു.

മിനിമം വേതനം പതിനയ്യായിരം രൂപയാക്കണമെന്നതാണു പണിമുടക്കുന്ന തൊഴിലാളികളുടെ പന്ത്രണ്ടിന ആവശ്യങ്ങളിലൊന്ന്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് ന്യായമായൊരു ആവശ്യമാകാം. എന്നാല്‍, ഈയിടെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വേയിലെ ചില കണക്കുകള്‍ ഈയവസരത്തില്‍ പണിമുടക്കുന്നവരുടെ ശ്രദ്ധയില്‍ വരേണ്ടതുണ്ട്. പൊതുവേ ജീവിതനിലവാരം ഉയര്‍ന്ന സംസ്ഥാനമെന്നറിയപ്പെടുന്ന കേരളത്തില്‍പ്പോലും 70 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസ വരുമാനം അയ്യായിരം രൂപയില്‍ താഴെയാണെന്നാണു സര്‍വേ വ്യക്തമാക്കുന്നത്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം രാജ്യത്ത് ഇപ്പോഴും 25 ശതമാനത്തിലേറെയാണ്. രാജ്യത്തെ 90.3 ശതമാനം ജനങ്ങളും നിശ്ചിത ശമ്പളവരുമാനം ഇല്ലാത്തവരാണ്. ഇത്തരം സാമൂഹ്യ, സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍കൂടി സമരക്കാര്‍ കണക്കിലെടുക്കേണ്ടതുണ്ട്. സംഘടിതശക്തിയുടെ ബലത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ അസംഘടിതരും അശരണരുമായ ജനകോടികളെ ആരും വിസ്മരിക്കരുത്. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ അതു ചെയ്യുന്നതു മറ്റുള്ളവരുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാകരുത്. പണിമുടക്കു സമാധാനപരമായും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും നടക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.