ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്
ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്
Monday, August 31, 2015 1:20 AM IST
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്നു നടക്കും. എ, ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങള്‍ വള്ളംകളിയില്‍ പങ്കെടുക്കും. ക്ഷേത്രക്കടവില്‍നിന്ന് ഉച്ചകഴിഞ്ഞ് 1.30ന് ബി ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്രയോടെയാണു ജലോത്സവത്തിനു തുടക്കമാകുന്നത്. ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും എ ബാച്ചില്‍ 34 പള്ളിയോടങ്ങളുമാണുള്ളത്. വലുപ്പം കൂടിയ പള്ളിയോടങ്ങളാണ് എ ബാച്ചിലുള്ളത്.

പള്ളിയോടങ്ങളെ ഗ്രൂപ്പുകളായി തിരിച്ചാണു ജലഘോഷയാത്രയ്ക്ക് അയയ്ക്കുന്നത്. സത്രക്കടവ് മുതല്‍ പരപ്പുഴക്കടവ് വരെയുള്ള ജലഘോഷയാത്രയിലെ പ്രകടനവും പിന്നീട് പരപ്പുഴക്കടവില്‍നിന്നു സത്രക്കടവിലേക്കു ഗ്രൂപ്പുകളായി തിരിഞ്ഞു വഞ്ചിപ്പാട്ട് പാടിയുള്ള പള്ളിയോടങ്ങളുടെ വരവും അടിസ്ഥാനമാക്കി രണ്ട് ബാച്ചുകളില്‍നിന്നും ഓരോ ഗ്രൂപ്പിനെ ഫൈനലിലെത്തിച്ചു മത്സര വള്ളംകളി നടത്തും. വിജയികള്‍ക്കു മന്നം ട്രോഫി സമ്മാനിക്കും. പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഡാമുകള്‍ തുറന്നു വെള്ളം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ജലമേള കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ ഉദ്ഘാടനംചെയ്യും. മന്ത്രി രമേശ് ചെന്നിത്തല സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. മത്സര വള്ളംകളി മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനംചെയ്യും. മന്ത്രി എ.പി. അനില്‍കുമാര്‍ സുവനീര്‍ പ്രകാശനംചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വഞ്ചിപ്പാട്ട് ആചാര്യന്‍ ഇടപ്പാവൂര്‍ ദാമോദരന്‍ നായരെ അഡ്വ.കെ. ശിവദാസന്‍ നായര്‍ എംഎല്‍എ ആദരിക്കും. പള്ളിയോട ശില്‍പി അയിരൂര്‍ ചെല്ലപ്പനാചാരിയെ കുമ്മനം രാജശേഖരന്‍ ആദരിക്കും. സമ്മാനദാനം എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായരും രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ളയും നിര്‍വഹിക്കും.


എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രാജു ഏബ്രഹാം, മാത്യു ടി. തോമസ്, പി.സി. വിഷ്ണുനാഥ്, ആര്‍. രാജേഷ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, മെമ്പര്‍മാരായ സുഭാഷ് വാസു, പി.കെ. കുമാരന്‍, കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍. ഹരിദാസ് ഇടത്തിട്ട, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി. ശശിധരന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.