മുഖപ്രസംഗം: കലാപരാഷ്ട്രീയത്തിന് അവസാനമില്ലേ?
Monday, August 31, 2015 1:11 AM IST
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല ഓര്‍മകളുടെയും ഉത്സവമായ തിരുവോണത്തിന്റെ നാളില്‍ ഇത്തവണ കേരളം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വേദിയായെന്നതു തികച്ചും ദൌര്‍ഭാഗ്യകരമാണ്. കാസര്‍ഗോട്ട് ഒരു സിപിഎം പ്രവര്‍ത്തകനും തൃശൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനും തിരുവോണദിവസം കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. കക്ഷിരാഷ്ട്രീയത്തിന്റെ പേരിലാണ് ഈ രക്തച്ചൊരിച്ചിലൊക്കെയും നടന്നത്. കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിച്ചെന്നു കരുതിയവര്‍ക്കു തെറ്റി. കൂടുതല്‍ ആവേശത്തോടെ ഇരുവിഭാഗങ്ങളും പോര്‍ക്കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഇന്നലെയും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്കു നേരേ ആക്രമണമുണ്ടായി. തൊടുപുഴയിലും കുമരകത്തും സമാന അക്രമങ്ങള്‍ ഈ ദിവസങ്ങളില്‍ അരങ്ങേറിയിരുന്നു. അങ്ങനെ, ഭീതിയുടെ നിഴല്‍ വീഴ്ത്തിയാണ് ഓണനാളുകള്‍ കടന്നുപോകുന്നത്.

നിസാര കാര്യങ്ങളുടെ പേരിലുണ്ടാകുന്ന കശപിശ പിന്നീടു വലിയ സംഘട്ടനത്തിലേക്കു നീങ്ങുകയായിരുന്നു പലയിടത്തും. ഏറ്റുമുട്ടല്‍, കൊലപാതകം, പിന്നെ അതിനുള്ള തിരിച്ചടി- ഈ വിധത്തില്‍ പ്രശ്നങ്ങള്‍ വളരുകയായിരുന്നു. കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്നു കരുതേണ്ടിയിരിക്കുന്നു. ചോരക്കളിയുടെ ഈ തുടര്‍ക്കഥ കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കി മാറ്റും. ഇപ്പോഴത്തെ അക്രമസംഭവങ്ങളില്‍ സിപിഎമ്മും ആര്‍എസ്എസും ബിജെപിയുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ പാരമ്പര്യത്തില്‍നിന്നു മിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നെഞ്ചേറ്റുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ത്തന്നെ ഗ്രൂപ്പുവൈരത്തിന്റെ ഫലമെന്നു പറയപ്പെടുന്ന ഒരു കൊലപാതകത്തെക്കുറിച്ചുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

അക്രമരാഷ്ട്രീയത്തിനെതിരേ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ഗര്‍ഭിണികളെയും കുട്ടികളെയുംപോലും ഒഴിവാക്കാതെ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ അതു ഗുണ്ടാരാഷ്ട്രീയം മാത്രമാണ്. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീവച്ചും എതിരാളിയുടെ ചോരയൊഴുക്കിയും ആക്രമിച്ചവരെ തിരിച്ചാക്രമിച്ചും കണക്കുതീര്‍ക്കല്‍ ഒരിക്കലും തീരാതെ പുരോഗമിക്കുമ്പോള്‍ ജനങ്ങളുടെ മനസില്‍ ഭയവും ഉത്കണ്ഠയും നിറയുകയാണ്. എതിര്‍പാര്‍ട്ടിയുടെ പ്രവര്‍ത്തകനെ വീടിനു മുന്നിലിട്ടു വെട്ടിയും കുത്തിയും വകവരുത്തുന്നവര്‍ എന്തു കണക്കുതീര്‍ക്കലാണു നടത്തുന്നതെങ്കിലും അതിന്റെ മറുപടി അടുത്തദിവസം അതേ നാണയത്തിലാവും ലഭിക്കുക. ഈ കണക്കുതീര്‍ക്കലുകള്‍ ഏതെങ്കിലും പാര്‍ട്ടിക്കു രാഷ്ട്രീയലാഭം ഉണ്ടാക്കിയതായി അനുഭവമില്ല.

വടക്കന്‍ ജില്ലകളില്‍ പോലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടാണു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്രമവുമായി മുന്നോട്ടു പോകുന്നത്. ഇത്തരമൊരു സാഹചര്യം ഒരു കാരണവശാലും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കരുത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിയമവാഴ്ച കൈയിലെടുത്താല്‍ അത് അരാജകത്വത്തിലേക്കുള്ള വഴിതുറക്കലാണ്. സര്‍ക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖം നോക്കാതെ നടപടികളെടുക്കണം. പ്രകോപനം സൃഷ്ടിക്കുന്നവരെയും സംഘര്‍ഷം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെയും കര്‍ശനമായി നേരിടണം. നമ്മുടെ പോലീസ് സേനയ്ക്ക് ഇതിനുള്ള കരുത്തുണ്ട്. അവരുടെ കൈകള്‍ ആരും ബന്ധിക്കാതിരുന്നാല്‍ മതി.


സംസ്ഥാനത്ത് അക്രമങ്ങള്‍ നടത്താന്‍ സിപിഎമ്മും ബിജെപിയും ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് ആഭ്യന്തരമന്ത്രി ആരോപിക്കുന്നു. ഇതിനെതിരേ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നുണ്ട്. സിപിഎമ്മും ബിജെപിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും കൊലവിളി നടത്തുകയും ചെയ്യുമ്പോള്‍ ഇരുകൂട്ടരുടെയും അണികളുടെ കുടുംബങ്ങളില്‍നിന്നു ദീനരോദനങ്ങള്‍ ഉയരുന്നതു നേതാക്കള്‍ ശ്രവിക്കണം. കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം ഇങ്ങനെ കരച്ചില്‍ ഉയരുന്നുണ്ട്. അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളുടെ, ഉറ്റവരെ നഷ്ടപ്പെട്ട മനുഷ്യരുടെ രോദനങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു ജനങ്ങളുടെ മതിപ്പു നേടാന്‍ കഴിയുമോ? രക്തസാക്ഷിത്വ ആചരണത്തില്‍ പാര്‍ട്ടികള്‍ക്കു താത്പര്യമുണ്ടായിരിക്കാം. പക്ഷേ ഇക്കാലത്ത് അതു പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയമായി ഒരു മൈലേജും നല്‍കുന്നില്ലെന്നതാണു വാസ്തവം. രക്തസാക്ഷികളുടെ ചുടുനിണം വീണ പ്രസ്ഥാനമെന്നൊക്കെ ആവേശത്തോടെ പറയാം, പക്ഷേ ജനം ആ ആവേശം ഉള്‍ക്കൊണ്ടില്ലെങ്കിലോ? പാര്‍ട്ടി വളര്‍ത്താനും അണികളെ കൂടെ നിര്‍ത്താനും ചോരയൊഴുക്കലിന്റെ പഴയ തന്ത്രമാണ് ഇന്നും പ്രയോഗിക്കുന്നതെങ്കില്‍ വിപരീതഫലമുണ്ടാകാനാണു സാധ്യത.

അടുത്തു നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പായി താഴേത്തട്ടിലുള്ള പ്രവര്‍ത്തനം സജീവമാക്കാന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ജനങ്ങളില്‍ പരസ്പര സ്പര്‍ധ കുത്തിവച്ചും വര്‍ഗീയത പ്രചരിപ്പിച്ചുമൊക്കെ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നത് ആപത്കരമാണ്; അതിനു ശ്രമിക്കുന്ന പാര്‍ട്ടികള്‍ക്കു തന്നെയും. ഇത്തരം കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ വേഗത്തില്‍ മനസിലാകും. രാഷ്ട്രീയശക്തി തെളിയിക്കേണ്ടതു വിദ്വേഷം വളര്‍ത്തിയല്ല. ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ അതല്ല മാര്‍ഗം.

കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ വിലാസം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു. അണികള്‍ ചോരുന്നതിന്റെ ആശങ്ക സിപിഎമ്മിനുണ്ടാകാം. എന്നാല്‍ ഈ അവസ്ഥ സമൂഹത്തില്‍ സംഘര്‍ഷത്തിനും കലാപത്തിനും കാരണമാകരുത്. സ്വസ്ഥമായ ജനജീവിതം വാഗ്ദാനം ചെയ്യാന്‍ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനപിന്തുണ മോഹിക്കേണ്ട. ജനങ്ങളുടെ സുരക്ഷിതത്വബോധം രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്തരവാദിത്വബോധത്തോടെ ഉറപ്പാക്കേണ്ട കാര്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.