കെട്ടിടനികുതി അട്ടിമറി: വീണ്ടും സര്‍ക്കുലര്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
Monday, August 31, 2015 12:51 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചെറിയ വീടുകളെ കെട്ടിടനികുതിയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചില തദ്ദേശ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നതു തടയാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വീണ്ടും സര്‍ക്കുലര്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു കെട്ടിട നികുതി അടയ്ക്കേണ്െടന്നും 2,000 ചതുരശ്ര അടിവരെയുള്ള വീടുകളെ കെട്ടിടനികുതി വര്‍ധനയില്‍നിന്ന് ഒഴിവാക്കിയതായും കാട്ടിയാണു തദ്ദേശ സ്ഥാപനങ്ങള്‍ക്കു വീണ്ടും സര്‍ക്കുലര്‍ അയയ്ക്കുന്നത്. സര്‍ക്കാര്‍ ഉത്തരവു ലംഘിച്ചു നികുതി പിരിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ നിര്‍ദേശിക്കും.

660 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു കെട്ടിടനികുതി അടയ്ക്കേണ്െടന്നു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും തിരുവനന്തപുരം കോര്‍പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഇതു നടപ്പാക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെറിയ വീടുകള്‍ക്കു കെട്ടിടനികുതി ഈടാക്കേണ്െടന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളും ഇപ്പോഴും വീട്ടുടമകളില്‍നിന്നു കെട്ടിട നികുതി (വസ്തുനികുതി) ഈടാക്കുന്നുണ്ട്. 660 ചതരുശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളെ കെട്ടിടനികുതിയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കണമെന്നും 2000 ചതുരശ്ര അടിവരെയുള്ള വീടുകളുടെ വര്‍ധിപ്പിച്ച നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും വീണ്ടും സര്‍ക്കുലര്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ദീപികയോടു പറഞ്ഞു.


തദ്ദേശ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വീണ്ടും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയയ്ക്കും. കെട്ടിടനികുതി ഇളവിന്റെ സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ഏപ്രില്‍ 27ന് എംഎസ് നമ്പര്‍ 144/ 2105 ആയി തദ്ദേശ വകുപ്പു പുറത്തിറക്കിയിരുന്നു.

എന്നാല്‍, കോര്‍പറേഷന്‍ കൌണ്‍സില്‍ യോഗം ചേര്‍ന്നു തീരുമാനിച്ചശേഷം മാത്രമേ സര്‍ക്കാര്‍ ഉത്തരവ് കോര്‍പറേഷനില്‍ നടപ്പാക്കാന്‍ കഴിയുകയുള്ളുവെന്നു തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക പറഞ്ഞു. ചെറിയ വീടുകളെ കെട്ടിട നികുതിയില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് കോര്‍പറേഷനില്‍ ലഭിച്ചിട്ടില്ലെന്ന പഴയ നിലപാടില്‍ മേയര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

കെട്ടിടനികുതി സര്‍ക്കാര്‍ കുറച്ചപ്പോള്‍ അതു നടപ്പാക്കി ജനങ്ങളുടെ അമിത ഭാരം ഒഴിവാക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ വരുമാന നഷ്ടം ഒഴിവാക്കാന്‍ നഗരസഭാ കൌണ്‍സിലും പഞ്ചായത്ത് കമ്മിറ്റിയും ചേരണമെന്നാണു പറയുന്നത്.

എന്നാല്‍, സര്‍ക്കാര്‍ കെട്ടിടനികുതി ഉയര്‍ത്തിയപ്പോള്‍ ഒരു കൌണ്‍സില്‍ യോഗവും പഞ്ചായത്തു സമിതിയും ചേരാതെയാണു മുന്‍കാല പ്രാബല്യത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ വര്‍ധന നടപ്പാക്കിയത്.

സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കേണ്ട ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. ഇത് അട്ടിമറിച്ചാല്‍ വിജിലന്‍സ് പരിശോധന അടക്കമുള്ളവ നടത്തി ക്രമക്കേടു കണ്െടത്താന്‍ സര്‍ക്കാരിനു കഴിയും. വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടു കണ്െടത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.