സിപിഎമ്മുകാരന്റെ കൊലപാതകം: രണ്ടു ബിജെപിക്കാര്‍ക്കെതിരേ കേസ്
സിപിഎമ്മുകാരന്റെ കൊലപാതകം: രണ്ടു ബിജെപിക്കാര്‍ക്കെതിരേ കേസ്
Sunday, August 30, 2015 12:07 AM IST
രാജപുരം (കാസര്‍ഗോഡ്): ഓണനാളില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതു കാസര്‍ഗോഡ് ജില്ലയില്‍ സംഘര്‍ഷത്തിനിടയാക്കി. കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണങ്കയത്തെ പരേതനായ മാധവന്റെ മകന്‍ സി. നാരായണന്‍ (42) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കാലിച്ചാനടുക്കം എരളാലിലെ ബിജെപി പ്രവര്‍ത്തകരായ ശ്രീനാഥ്(24), പുഷ്പന്‍(30) എന്നിവര്‍ക്കെതിരേയാണു കേസ്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: സിപിഎം ശക്തികേന്ദ്രമായ കായക്കുന്ന് പ്രദേശത്തു പതിവായി പാര്‍ട്ടിയുടെ കൊടിമരം മോഷണം പോയിരുന്നതു സംബന്ധിച്ചു പ്രതികളുടെ ബന്ധുവുമായി നാരായണന്‍ സംസാരിച്ചിരുന്നു. ഇതു ചോദ്യംചെയ്യാന്‍ തിരുവോണനാളില്‍ ഉച്ചയ്ക്കു രണ്ടരയോടെ കാലിച്ചാനടുക്കം കായക്കുന്നിലെ നാരായണന്റെ കൃഷിയിടത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരായ ശ്രീനാഥ്, പുഷ്പന്‍ എന്നിവര്‍ നാരായണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ശ്രീനാഥ് അരയില്‍ കരുതിയ കഠാര ഉപയോഗിച്ചു നാരായണനെ കുത്തുകയായിരുന്നു. സംഭവം കണ്ട് ഇവര്‍ക്കിടയില്‍ ഓടിക്കയറിയ നാരായണന്റെ സഹോദരന്‍ അരവിന്ദനും(30) കുത്തേറ്റു. ഇദ്ദേഹത്തെ സാരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പരിക്കേറ്റ പ്രതികളിലൊരാളായ പുഷ്പന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീഷണത്തിലാണ്. മറ്റൊരു പ്രതിയായ ശ്രീനാഥിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ശാന്തകുമാരിയാണു മരിച്ച നാരായണന്റെ മാതാവ്. ഭാര്യ: ബിന്ദു. അഭിജിത്, പാര്‍വതി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഉമേഷ്. ഉമ. ഹോസ്ദുര്‍ഗ് സിഐ യു.പ്രേമനാണ് അന്വേഷണ ചുമതല.

സംഭവവുമായി ബന്ധപ്പെട്ടു കോടോം ബേളൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമം അരങ്ങേറി. ബിജെപി പ്രവര്‍ത്തകരുടെ ഏതാനും വീടുകള്‍ക്കു നേരേ അക്രമമുണ്ടായി. കൊടിമരങ്ങളും നശിപ്പിച്ചു. ജില്ലാ പോലീസ് ചീഫ് ഡോ.എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ഹോസ്ദുര്‍ഗ് ഡിവൈഎസ്പി കെ. ഹരിശ്ചന്ദ്രനായിക്കും സംഘവും പ്രദേശത്ത് എത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ചു സിപിഎം കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വൈകുന്നേരം ആറു വരെയായിരുന്നു ഹര്‍ത്താല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.