ജാതിമത വ്യത്യാസമില്ലാതെ തുല്യനീതി നടപ്പാക്കണം: സ്പീക്കര്‍
ജാതിമത വ്യത്യാസമില്ലാതെ തുല്യനീതി നടപ്പാക്കണം:  സ്പീക്കര്‍
Sunday, August 30, 2015 12:31 AM IST
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കു നിയമാനുസൃതമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ജാതി- മത വ്യത്യാസമില്ലാതെ രാജ്യത്തു തുല്യനീതി നടപ്പാക്കണമെന്നു സ്പീക്കര്‍ എന്‍.ശക്തന്‍.

ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത് ഇന്ത്യ മതേതര രാജ്യമെന്നാണ്. ജനങ്ങള്‍ക്ക് ഏതു മതത്തിലും വിശ്വസിക്കാം. ചില മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രം ആനുകൂല്യം കിട്ടുന്നു; എന്നാല്‍, മറ്റു ചിലര്‍ക്കു ലഭിക്കുന്നില്ല. ഇതു നീതി നിഷേധമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദളിത് കാത്തലിക് മഹാജന സഭയുടെ (ഡിസിഎംഎസ്) സംസ്ഥാനതല ജസ്റീസ് സണ്‍ഡേ ആചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന സ്പീക്കര്‍.

ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പിന്നോക്കക്കാര്‍ക്കായി മലങ്കര സഭ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങളെ തമ്മില്‍ അടുപ്പിക്കുന്നതില്‍ മലങ്കര സഭ നല്ല പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നത്. ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി രാഷ്ട്രീയ നേതൃത്വവും മതമേലധ്യക്ഷന്മാരും ഒന്നിച്ചു ചേര്‍ന്നു അഭിപ്രായ സ്വരൂപണം നടത്തണമെന്നും അതിനുശേഷം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നും ശക്തന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് ജസ്റീസ് സണ്‍ഡേ സന്ദേശം നല്‍കി. കെസിബിസി പട്ടികജാതി-വര്‍ഗ, പിന്നോക്കവിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ഷാജ് കുമാര്‍ ആമുഖ പ്രസംഗം നടത്തി. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് എ. അംബി കുളത്തൂര്‍ അധ്യക്ഷനായിരുന്നു.


ഡിസിഎംഎസ് തിരുവനന്തപുരം മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ഡിസിഎംഎസ് വിജയപുരം രൂപതാ ഡയറക്ടര്‍ ഫാ.ജോസഫ് കുറ്റിക്കാട്ടില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത അല്‍മായ കമ്മീഷന്‍ ഡയറക്ടര്‍ എം. ആര്‍ക്കേഞ്ചലോ, ഡിസിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്കറിയാ ആന്റണി, ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, ഡിസിഎംഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സെലിന്‍ എന്നിവരും പ്രസംഗിച്ചു.

ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി ജോസഫ് പരമല സ്വാഗതവും ട്രഷറര്‍ ജോര്‍ജ് എസ്. പള്ളിത്തറ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.