വിശുദ്ധ എവുപ്രാസ്യമ്മ: മറഞ്ഞിരുന്നവള്‍ മഹത്വത്തില്‍
വിശുദ്ധ എവുപ്രാസ്യമ്മ: മറഞ്ഞിരുന്നവള്‍ മഹത്വത്തില്‍
Sunday, August 30, 2015 12:25 AM IST
മദര്‍ സാങ്റ്റ സിഎംസി

ഒക്ടോബര്‍ 17നു തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് എവുപ്രാസ്യമ്മയുടെ ജനനം. അന്നു നല്‍കിയ പേര് റോസ. കുഞ്ഞുറോസ ലീമായിലെ വിശുദ്ധ റോസയെപ്പോലെ ഒരു വിശുദ്ധയാകണമെന്ന് ദൃഢനിശ്ചയവും രഹസ്യതീരുമാനവും എടുത്തു. ചേര്‍പ്പുകാരന്‍ എലുവത്തിങ്കല്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകള്‍ അപ്പനെപ്പോലെ തന്നെ തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനിന്നു. എല്ലാ സ്വപ്നങ്ങളും ദൈവതിരുമുമ്പില്‍ അടിയറവച്ച്, ദൈവമേ കാക്കണേ എന്ന പ്രാര്‍ഥനയോടെ, ആ പിതാവ് തന്റെ പൊന്നോമനയെ വിശുദ്ധ ചാവറപ്പിതാവ് സ്ഥാപിച്ച കേരളത്തിലെ ആദ്യ കന്യകാമഠമായ കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലേക്ക് 1888 ജൂലൈ മൂന്നിനു പറിച്ചു നട്ടു.

വിശുദ്ധജീവിതങ്ങളെന്നും സ്വര്‍ണ്ണം അഗ്നിയില്‍ എന്നതുപോലെ ഉരുകിത്തെളിഞ്ഞതാണ്. മഠത്തില്‍ റോസയ്ക്ക് പലവിധത്തിലുള്ള ശാരീരികവും മാനസികവുമായ പീഡകള്‍ നേരിടേണ്ടി വന്നു. സന്യാസം അസാധ്യമാകുന്ന വിധത്തില്‍ പലവട്ടം അവള്‍ക്ക് ഗൌരവമായ രോഗം ബാധിച്ച് വീട്ടിലേക്ക് തിരികെ പോകേണ്ടി വന്നു. എങ്കിലും പരിശുദ്ധ അമ്മയുടെ സാന്ത്വനത്താലും പ്രചോദനത്താലും വീണ്ടും അവള്‍ മടങ്ങിവന്നു. തൃശൂരിന്റെ പ്രഥമ സ്വദേശി മെത്രാനായ മാര്‍ ജോണ്‍ മേനാച്ചേരിയുടെ ക്ഷണപ്രകാരം റോസയും തൃശൂര്‍ക്കാരയ മറ്റു കൂട്ടുകാരും കൂനമ്മാവില്‍നിന്നും തൃശൂരിലേക്കു വന്നു. അന്നത്തെ കൂനമ്മാവ് മഠാധിപ സിസ്റര്‍ ആഞ്ഞസ് രൂപതാധ്യക്ഷനെ ഏല്‍പ്പിക്കാന്‍ കൊടുത്തയച്ച കത്തിലെ ഉള്ളടക്കമാണ് റോസയുടെ ജീവിതത്തിലെ വിശുദ്ധവഴികളെ പുറം ലോകത്തേക്കു കൊണ്ടുവന്നത്. ബോര്‍ഡിംഗില്‍ വച്ച് റോസ മരണാസന്നയായപ്പോള്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനം വഴി അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിന്റെ വിവരണം അതിലുണ്ടായിരുന്നു.

1898-ല്‍ അമ്പഴക്കാട്ട് മഠത്തില്‍വച്ച് റോസ മേനാച്ചേരി പിതാവില്‍നിന്നും കര്‍മലവസ്ത്രം സ്വീകരിച്ച് ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ ആയി.

എവുപ്രാസ്യമ്മയ്ക്കുണ്ടായ ദര്‍ശനങ്ങളും വെളിപാടുകളും മാനസികവികല്പങ്ങളാണെന്ന് പറഞ്ഞവരുടെ വായ് അടയ്ക്കുവാന്‍ തോന്നിയിട്ടും അവള്‍ നിശബ്ദയായി, ആത്മനാഥനോട് പ്രാര്‍ത്ഥിക്കുകയേ ചെയ്തുള്ളു. മനുഷ്യരെ ബലപ്പെടുത്താനും സ്നേഹത്തില്‍ വളര്‍ത്താനും ദൈവം നല്‍കുന്ന മാര്‍ഗമാണു സഹനമെന്നും ഈ സഹനവഴികള്‍ കൃപാപൂര്‍ണമാക്കാന്‍ ദൈവം കാണിച്ചുതരുന്ന വഴിയാണ് പ്രാര്‍ത്ഥനയെന്നും മനസിലാക്കിയ ഈ കന്യക അനിതരസാധാരണമായ പ്രാര്‍ത്ഥനാചൈതന്യത്താല്‍ ഉജ്വലിച്ചു. 1900-ല്‍ ഒല്ലൂര്‍ മഠത്തില്‍ നിത്യസമര്‍പ്പണം നടത്തിയ ഈ കന്യകയ്ക്ക് ഏകസ്നേഹവിഷയം ഈശോ മാത്രമായിരുന്നു,


കര്‍മലസഭയില്‍ ആദ്യത്തെ നവസന്യാസഗുരുനാഥയായി എവുപ്രാസ്യമ്മയെ നിയമിച്ചപ്പോഴും, ഒല്ലൂര്‍ മഠത്തിന്റെ സുപ്പീരിയറായി നിയമിച്ചപ്പോഴും ആ ഉത്തരവാദിത്വങ്ങള്‍ ഈശോയുടെ തിരുഹൃദയത്തിലും, മാതാവിന്റെ വിമലഹൃദയത്തിലും സമര്‍പ്പിച്ച് ഏറ്റം സ്തുത്യര്‍ഹമായി അവ നിറവേറ്റി. മറ്റുള്ളവരുടെ വേദനകള്‍ സ്വഹൃദയത്തില്‍ ഏറ്റുവാങ്ങി, ത്യാഗപൂര്‍വം പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എവുപ്രാസ്യമ്മ ഏവര്‍ക്കും പ്രിയങ്കരിയായി.

എവുപ്രാസ്യമ്മ എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്തതായി നാം കേട്ടിട്ടില്ല. എന്നാല്‍ ഒരുപാടു കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്തു ദൈവകൃപ ഏറ്റുവാങ്ങുകയും, ദൈവഹൃദയത്തെ സ്വന്തമാക്കുകയും ചെയ്തു. അമ്മയുടെ അടുത്തു വരുന്നവര്‍ക്കെല്ലാം സ്നേഹസ്പര്‍ശത്തിന്റെ സൌഖ്യദായകമായ അനുഭവമുണ്ടായി. പകര്‍ച്ചവ്യാധി പിടിപെട്ട ഒരു സഹോദരിയെ സ്വന്തം അമ്മപോലും കൈവിട്ടപ്പോള്‍ എവുപ്രാസ്യമ്മ വലിയ ആര്‍ദ്രതയോടെ ശുശ്രൂഷിച്ചു. എവുപ്രാസ്യമ്മയുടെ മടിയില്‍ തലവച്ചു, ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് അവള്‍ നിത്യത പുല്‍കി. ശരീരത്തിനെന്നതിനേക്കാള്‍ ആത്മാവിന് സൌഖ്യം പ്രാപിച്ചു.

കര്‍മലസഭയില്‍ ആരാലും അറിയപ്പെടാതെ ഒളിജീവിതം നയിക്കാന്‍ ആഗ്രഹിച്ച എവുപ്രാസ്യമ്മയില്‍ നിറയെ അദ്ഭുതകരമായ ദൈവിക ഇടപെടലുകള്‍ ലോകത്തിനു വെളിപ്പെട്ടതു തന്റെ കുമ്പസാരക്കാരനും, ആത്മപിതാവുമായ മാര്‍ ജോണ്‍ മേനാച്ചേരി പിതാവിനു 1900 മുതല്‍ 1919 വരെ അമ്മയെഴുതിയ 80-ഓളം കത്തുകളില്‍നിന്നാണ്. ആ അത്ഭുതലിഖിതങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഈ നിഷ്കളങ്ക കന്യകയുടെ ജീവിതത്തില്‍ എത്ര ശ്രേഷ്ഠമായ മിസ്റിക് അനുഭവങ്ങളാണ് നിറവേറിയത് എന്ന് നമുക്കു മനസിലാകുന്നത്.

'മരിച്ചാലും മറക്കില്ലാട്ടോ' എന്ന് നന്ദിപൂര്‍വം പറഞ്ഞിരുന്ന അമ്മ മരിച്ചപ്പോള്‍, അമ്മയുടെ പ്രാര്‍ഥനയും കരുതലും ഏറ്റം കൂടുതല്‍ കിട്ടിയ ചെറളയം പള്ളിയിലെ മണി താനേ അടിച്ചുകൊണ്ട് അമ്മയെ തങ്ങള്‍ക്കും ഒരിക്കലും മറക്കാന്‍ പറ്റില്ല എന്ന് ആ ദേശം പറയുന്നതുപോലെ തോന്നി. 1952 ഓഗസ്റ് 29-ന് 75 വര്‍ഷം നീണ്ട ആ സ്നേഹപര്‍വം സ്നേഹനാഥനില്‍ ലയിച്ചു.

('തപസ്വിനി വി. എവുപ്രാസ്യ' തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30നും രാവിലെ 8.00 മണിക്കും ഓഗസ്റ് 31 മുതല്‍ ശാലോം ടെലിവിഷനില്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.