മരങ്ങാട്ടുപിള്ളി കൈകോര്‍ത്തു; വിനോദിനു ലഭിച്ചതു 10.5 ലക്ഷം
മരങ്ങാട്ടുപിള്ളി കൈകോര്‍ത്തു; വിനോദിനു ലഭിച്ചതു 10.5 ലക്ഷം
Sunday, August 30, 2015 12:19 AM IST
മരങ്ങാട്ടുപിള്ളി: രണ്ടു കിഡ്നികളും തകരാറിലായി കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന ആണ്ടൂര്‍ പ്രാമലയില്‍ പി.കെ. വിനോദിന്റെ വൃക്കമാറ്റിവയ്ക്കലിനു തിരുവോണപ്പിറ്റേന്നു മരങ്ങാട്ടുപിള്ളി ഗ്രാമം കൈകോര്‍ത്തപ്പോള്‍ കിട്ടിയതു 10.5 ലക്ഷത്തിലേറെ രൂപ. തുക ഇന്നലെ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ വിനോദിന്റെ ഭാര്യ ബിന്ദുവിനു കൈമാറി. പിന്തുണയുമായി മോന്‍സ് ജോസഫ് എംഎല്‍എയുമെത്തി.

സഹോദരന്‍ പി.കെ. ബിജുവി ന്റെ വൃക്കയാണു വിനോദിനു നല്‍കുന്നത്. ചങ്ങനാശേരി പ്രത്യാശ ടീം ഡയറക്ടര്‍ ഫാ.സെബാസ്റ്യന്‍ പുന്നശേരിയും സംഘവും മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കിയപ്പോള്‍ കേവലം നാലു മണിക്കൂര്‍ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. രാഷ്ട്രീയ, സാമുദായിക സംഘടനകളും കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ളവരും പങ്കാളികളായി.

ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷം രൂപയാകുമെങ്കിലും കുറഞ്ഞ സമയത്തില്‍ ഇത്രയും തുക സമാഹരിക്കാനായത് ആത്മവിശ്വാസം പകര്‍ന്നെന്നു മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലും ജനകീയ സമിതി കണ്‍വീനര്‍ എ.ആര്‍. തമ്പിയും പറഞ്ഞു. നാലാം തവണയാണു പഞ്ചായ ത്ത് ജീവകാരുണ്യപ്രവര്‍ത്ത നത്തിനായി തുക സമാഹരിക്കുന്നത്.


മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് പുളിക്കീല്‍ പഞ്ചായത്ത് മെംബര്‍മാരായ ലിസി കുര്യന്‍, സിറിയക് മാത്യു, പ്രസീദ സജീവ്, നിര്‍മല ദിവാകരന്‍, ജോസഫ് ജോസഫ്, ലിസി ജോയി, തുളസിദാസ്, സുജ കുര്യാക്കോസ്, സുധാമണി ഗോപാലകൃഷ്ണന്‍, സാബു സെബാസ്റ്യന്‍ എന്നിവര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളായ അജി മറ്റത്തില്‍, എ.എസ്. ചന്ദ്രമോഹനന്‍, എന്‍.എസ് നീലകണ്ഠന്‍ നായര്‍ തുടങ്ങിയവരും വിവിധ സാമുദായിക സംഘടനാപ്രതിനിധികളായ വി.എസ്. ശശികുമാര്‍, ഇ.ജി. സാബു, സഹകരണ ബാങ്ക് മെംബര്‍മാരായ ഡയസ് മാത്യു, ഷൈജു പി. മാത്യു, ജോഷി ഏബ്രഹാം, ആന്‍സമ്മ സാബു എന്നിവരും ഈ ഉദ്യമത്തില്‍ പങ്കാളികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.