ചെറിയ വീടിനു കെട്ടിടനികുതി വേണ്െടന്ന ഉത്തരവ് അട്ടിമറിക്കുന്നു
Sunday, August 30, 2015 11:56 PM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ചെറിയ വീടുകളെ കെട്ടിടനികുതിയില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് നഗരസഭകളും പഞ്ചായത്തുകളും അട്ടിമറിക്കുന്നു. 660 ചതുരശ്ര അടിവരെ തറ വിസ്തീര്‍ണമുള്ള വീടുകളെ കെട്ടിട നികുതിയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നു പറഞ്ഞാണു ചെറിയ വീടുകളില്‍നിന്നു പോലും തദ്ദേശ സ്ഥാപന അധികൃതര്‍ കെട്ടിട നികുതി (വസ്തു നികുതി) പിരിക്കുന്നത്.

2,000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കുള്ള കെട്ടിട നികുതി വര്‍ധനയിലെ ഇളവ് നടപ്പാക്കാതെയും ചില തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളെ പിഴിയുന്നുണ്ട്. 2,000 ചതുരശ്ര അടിവരെ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്കുള്ള കെട്ടിടനികുതി വര്‍ധന പിന്‍വലിച്ചെങ്കിലും ചില നഗരസഭകളും പഞ്ചായത്തുകളും ഇപ്പോഴും ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനനഷ്ടം ഒഴിവാക്കാനായി ഭരണസമിതിയുടെ നിര്‍ദേശാനുസരണമാണു സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് ജനങ്ങളില്‍നിന്ന് അധിക നികുതി പിരിക്കുന്നതെന്നു ജീവനക്കാര്‍ പറയുന്നു.
660 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളുടെ ഉടമകള്‍ കെട്ടിട നികുതി ഒഴിവാക്കണമെന്ന അപേക്ഷയുമായി എത്തുമ്പോള്‍ ഇത്തരമൊരു സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണു തദ്ദേശ സ്ഥാപന അധികൃതരുടെ മറുപടി. ഉത്തരവ് ഇറങ്ങിയിട്ടുണ്െടന്നു മറുപടി പറഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയുമായി എത്തിയാല്‍ കെട്ടിടനികുതി ഒഴിവാക്കി നല്‍കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ ഏപ്രില്‍ 27നാണു 2,000 ചതുരശ്ര അടി വരെയുള്ള വാസഗൃഹങ്ങളുടെ വര്‍ധിപ്പിച്ച വസ്തുനികുതി ഒഴിവാക്കിയും 660 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്കു കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ നികുതി ഒഴിവാക്കിയും സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തദ്ദേശ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എം.എസ്. നമ്പര്‍ 144/ 2015 ആയാണ് ഉത്തരവിറക്കിയത്.

കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്കെല്ലാം ഉത്തരവു ബാധകമാണെന്നും ഇതില്‍ എടുത്തു പറയുന്നുണ്ട്. 2,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്കു മുന്‍കാലങ്ങളില്‍ അടച്ചിരുന്ന തുകയില്‍നിന്നു പരമാവധി 25 ശതമാനത്തിന്റെ വര്‍ധനയാണു വരുത്തുന്നതെന്നും പറയുന്നു. എന്നിട്ടും പല തദ്ദേശ സ്ഥാപനങ്ങളെ ഉത്തരവ് നടപ്പാക്കാന്‍ തയാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്.

ഏപ്രില്‍ 27ന് ഉത്തരവിറങ്ങിയ ശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ നൂറുകണക്കിനു പേരില്‍നിന്നാണു വര്‍ധിപ്പിച്ച തുകയും ചെറിയ വീടുകളുള്ള പാവങ്ങളില്‍നിന്നുപോലും കെട്ടിട നികുതിയും ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്തവരോടെല്ലാം ഉത്തരവിന്റെ പകര്‍പ്പു കൊണ്ടു വരാനാണു കോര്‍പറേഷന്‍ കെട്ടിട നിര്‍മാണ വിഭാഗം ആവശ്യപ്പെടുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കോര്‍പ്പറേഷന്റെ സമീപനത്തെത്തുടര്‍ന്ന് ഒട്ടേറെ പേരാണു നഗരകാര്യ മന്ത്രിയുടെ ഓഫിസില്‍വരെ ഉത്തരവിന്റെ പകര്‍പ്പു തേടിയെത്തുന്നത്.


സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലാണു രാഷ്ട്രീയക്കാര്‍ക്കൊപ്പംനിന്ന് ഉത്തരവ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം. സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ഏപ്രില്‍ 27നു ശേഷം ചെറിയ വീടുകളില്‍നിന്ന് ഈടാക്കിയ തുക കണ്െടത്താന്‍ വിജിലന്‍സ് പരിശോധന അടക്കം നടത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ ഇത്തരം അട്ടിമറി തടയാന്‍ കഴിയൂ.

കെപിസിസിയുടെ പ്രതിഷേധത്തിനും യുഡിഎഫിന്റെ ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണു വര്‍ധിപ്പിച്ച കെട്ടിടനികുതി ഒഴിവാക്കാനും ചെറിയ വീടുകളെ നികുതിയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കാനും നികുതിവര്‍ധന പിന്‍വലിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പോലും ഇത്തരമൊരു ഉത്തരവ് ഇറങ്ങിയില്ലെന്നാണു പറയുന്നത്.

കെട്ടിട നികുതി ഒഴിവാക്കിയ ഉത്തരവു ലഭിച്ചിട്ടില്ലെന്നു തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: 660 ചതുരശ്ര അടിവരെയുള്ള തറവിസ്തീര്‍ണമുള്ള വീട്ടുടമകള്‍ കെട്ടിട നികുതി അടയ്ക്കേണ്െടന്ന ഉത്തരവ് തിരുവനന്തപുരം കോര്‍പറേഷനു ലഭിച്ചിട്ടില്ലെന്നു മേയര്‍ കെ. ചന്ദ്രിക ദീപികയോടു പറഞ്ഞു. ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയെന്നു പറഞ്ഞു കേട്ടതല്ലാതെ ഇതു സംബന്ധിച്ച ഒരു രേഖയും കോര്‍പറേഷനു ലഭിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു.

ഉത്തരവ് കൈമാറിയത് നഗരകാര്യ ഡയറക്ടര്‍

ചെറിയ വീടുകളെ കെട്ടിട (വസ്തു നികുതി) നികുതിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടു ഏപ്രില്‍ 27ന് എം.എസ്. നമ്പര്‍ 144/ 2015 ആയി സര്‍ക്കാര്‍ പുറത്തിറങ്ങിയ ഉത്തരവ് അടുത്ത ദിവസം തന്നെ നഗരാകാര്യ ഡയറക്ടര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കു കൈമാറിയതായി രേഖകകള്‍ പറയുന്നു. എന്നിട്ടും 660 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളില്‍നിന്നു കെട്ടിട നികുതി ഈടാക്കുന്നതു തുടരുന്നു. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കു മാത്രമാണു തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തരം നികുതിയുടെ ആനുകൂല്യം ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം ക്രമക്കേടു നടത്തിയാലും അക്കൌണ്ടന്റ് ജനറലിന്റെ (എജി) റിപ്പോര്‍ട്ടില്‍ മാത്രമാകും പരാമര്‍ശം വരിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.