സുരക്ഷയില്ലാത്ത ബോട്ട് യാത്ര: തൊടുന്യായങ്ങളുമായി അധികൃതര്‍, രൂക്ഷ വിമര്‍ശനവുമായി നാട്ടുകാര്‍
Friday, August 28, 2015 11:52 PM IST
കൊച്ചി: മതിയായ സുരക്ഷ ഉറപ്പാക്കാതെ ബോട്ടുകള്‍ക്കു സര്‍വീസ് നടത്തുന്നതിനു അധികൃതര്‍ അവസരം ഒരുക്കുന്നുവെന്ന ആക്ഷേപം വ്യാപകം. മത്സ്യബന്ധന ബോട്ടുകളുടെ നിലതെറ്റിയുള്ള യാത്രകള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതും രൂക്ഷമായ വിമര്‍ശനത്തിനു വഴിവയ്ക്കുന്നു. ബോട്ടിന്റെ കാലപ്പഴക്കമല്ല ഫോര്‍ട്ടുകൊച്ചിയിലെ അപകടത്തിനു വഴിവെച്ചതെന്ന നിലപാടുമായി മന്ത്രി കെ. ബാബു അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

അപകടത്തിനു കാരണം കാലപ്പഴക്കമല്ലെങ്കിലും ബോട്ടു നുറുങ്ങിപ്പോകുന്ന അവസ്ഥ സംജാതമാക്കിയത് അതിന്റെ ദുര്‍ബലാവസ്ഥ കൊണ്ടാണെന്ന വാദവുമായി പ്രദേശ വാസികളും യാത്രക്കാരുടെ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. അപകടമുണ്ടായ ബോട്ടില്‍ മതിയായ സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

എന്നാല്‍ ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുള്ള ബോട്ടാണിതെന്നാണ് അധികൃതരുടെ വാദം. എല്ലാ വര്‍ഷവും ഫിറ്റ്നസ് ടെസ്റ് നടത്താറുള്ള ബോട്ടാണിതെന്നു കേരള പോര്‍ട്ട് അധികൃതര്‍ പറയുന്നു. എന്നാല്‍ 35 വര്‍ഷത്തോളം പഴക്കമുള്ള ഈ ബോട്ട് ഏതു സമയവും അപകടകരമായ അവസ്ഥയിലുള്ളതായിരുന്നെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

18 വര്‍ഷം മുന്‍പാണു കൊച്ചിന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് ഇവിടെ സര്‍വീസ് തുടങ്ങിയത്. 18 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍ നല്‍കിയത്. 2010ല്‍ കരാര്‍ കാലാവധി തീര്‍ന്നതാണ്. പിന്നീട് കോര്‍പ്പറേഷന്‍ ഇവര്‍ക്കുതന്നെ കരാര്‍ നീട്ടിക്കൊടുത്തു. എല്ലാ വര്‍ഷവും ബോട്ടുകള്‍ ഫിറ്റ്നസ് പരിശോധന നടത്താറുണ്െടന്ന് പോര്‍ട്ട് അധികൃതരും കരാറുകാരും അവകാശപ്പെടുന്നു.

അപകടത്തില്‍പ്പെട്ട ബോട്ട് അവസാനമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്തത് 2013 ലാണ്. ഇതു പ്രകാരം 2017 വരെ ഫിറ്റ്നസ് പരിശോധന നടത്താതെ സര്‍വീസ് നടത്താം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണു സര്‍വീസ് നടത്തുന്നതെന്നു യാത്രക്കാര്‍ ആരോപിക്കുന്നു. പരമാവധി 80 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ബോട്ടില്‍ പലപ്പോഴും അതിലധികം ആളുകളെ കയറ്റാറുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. 40 ഓളം ലൈഫ് ബോയെകള്‍ വേണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ അഞ്ചില്‍ താഴെ ബോയെകള്‍ മാത്രമാണ് അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടവരുത്തിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ ബോട്ട് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്താത്തതും നിയമലംഘനമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഓരോ വര്‍ഷവും അറ്റകുറ്റപ്പണികള്‍ നടത്തുന്ന ബോട്ടുകളില്‍ മാനുഫാക്ചറിംഗ് തീയതി രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് അധികൃതരുടെ വാദം. ഫൈബര്‍ ബോട്ടുകളെ അപേക്ഷിച്ച് തടി ബോട്ടുകള്‍ക്ക് 100 വര്‍ഷം വരെ ആയുസുണ്ട്. കേരളത്തില്‍ പലയിടങ്ങളിലും പഴക്കം ചെന്ന തടി ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

തടി ബോട്ടുകള്‍ക്ക് ഭാരം കൂടുതലായതിനാല്‍ ശക്തമായ കാറ്റുവീശാറുള്ള സ്ഥലങ്ങളില്‍ ഇത്തരം ബോട്ടുകളാണ് സാധാരണയായി ഉപയോഗിക്കാറ്. 1872 ല്‍ തുടങ്ങിയ വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ഫെറി സര്‍വീസില്‍ ആദ്യത്തെ അപകടമാണിതെന്നും അതു ബോട്ടിന്റെ പഴക്കം മൂലമല്ല ഉണ്ടായതെന്നുമാണ് അധികൃതര്‍ വിശദീകരി ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.