വിമാനത്തിന്റെ ടോയ്ലറ്റില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച അഞ്ചു കിലോ സ്വര്‍ണം പിടികൂടി; ഒരാള്‍ അറസ്റില്‍
Friday, August 28, 2015 12:46 AM IST
നെടുമ്പാശേരി: ദുബായിയില്‍ നിന്നു കൊണ്ടു വന്ന അഞ്ചു കിലോഗ്രാം സ്വര്‍ണം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍വച്ചു വിമാനത്തിന്റെ ടോയ്ലറ്റില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) വിഭാഗം പിടികൂടി.

കള്ളക്കടത്ത് സംബന്ധിച്ച് കൊച്ചിയിലെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് ദുബായില്‍നിന്ന് ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിനു 135 ലക്ഷം രൂപ വിലയുണ്ട്. ദുബായിയില്‍നിന്നു നെടുമ്പാശേരിയിലെത്തിയ ഇന്‍ഡിഗോ ഫ്ളൈറ്റിലെ യാത്രക്കാരനായിരുന്ന തമിഴ്നാട് രാമനാഥപുരം സ്വദേശി ബക്കീര്‍ മുഹ്യ്ദീന്‍ (43) ആണ് സ്വര്‍ണം കൊണ്ടുവന്നത്.


ഡിആര്‍ഐ സംഘം വിമാനത്തില്‍ കയറിയപ്പോള്‍ ഇയാള്‍ ടോയ്ലറ്റില്‍ കയറി. ഓരോ കിലോഗ്രാം വീതം തൂക്കമുള്ള സ്വര്‍ണബാറുകള്‍ തിരിച്ച് ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

യാത്രക്കാരനെ അറസ്റു ചെയ്ത് ഡിആര്‍ഐ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി. സ്ഥിരമായി സ്വര്‍ണക്കടത്ത് നടത്തുന്നയാളാണ് ഇയാളെന്ന് സൂചന ലഭിച്ചു. കള്ളക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള ചേരിപ്പോരാണ് സ്വര്‍ണം പിടികൂടാന്‍ സഹായകമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.