എവുപ്രാസ്യമ്മയുടെ ദൈവൈക്യ ജീവിതം
Friday, August 28, 2015 12:30 AM IST
തന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ നിരന്തരമായ പ്രാര്‍ഥനയില്‍ ചെലവഴിക്കുകയും അതിലൂടെ ദൈവത്തിന്റെ പുഞ്ചിരിക്കുന്ന മുഖവും സ്നേഹവും സഹോദരനു മുമ്പില്‍ പ്രകാശിപ്പിക്കുകയും ചെയ്ത കര്‍മലമാതാവിന്റെ സന്യാസിനീ സമൂഹത്തിലെ ഈ കന്യകയെ ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്നാണു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്. യേശുവിനെ ധ്യാനിച്ചും സക്രാരിയിലേക്ക് ഉറ്റുനോക്കിയും തിരുഹൃദയത്തില്‍ തന്നേയും തന്നോടു പ്രാര്‍ഥന ചോദിക്കുന്നവരെയും സമര്‍പ്പിച്ചും അവിഭക്ത ഹൃദയത്തോടെ എവുപ്രാസ്യമ്മ ദൈവത്തെ സ്നേഹിച്ചു. 'ദൈവതിരുമനസ് നടക്കും, നടത്തും എന്നു പറഞ്ഞ വിശുദ്ധ ചാവറപ്പിതാവിനെപ്പോലെ 'കര്‍ത്താവേ സദാ അങ്ങേ തിരുമനസ് എന്നില്‍ നിറവേറട്ടേ എന്നതായിരുന്നു അമ്മയുടെ പ്രാര്‍ഥന. എല്ലാ ജീവിതാനുഭവങ്ങളും എവുപ്രാസ്യമ്മയെ പ്രാര്‍ഥനയിലേക്കും ദൈവാനുഭവത്തിലേക്കും നയിച്ചു.

സിഎംസിയിലെ 52 വര്‍ഷത്തെ വ്രതജീവിതത്തില്‍ എവുപ്രാസ്യമ്മ സഹനത്തിന്റെയും ത്യാഗത്തിന്റെയും താപസികതയുടെയും ദര്‍പ്പണമായിരുന്നു. ക്രൂശിതനായ ആത്മമണവാളനെ അനുപദം അനുഗമിക്കാന്‍ ആഗ്രഹിച്ചു ജീവിതം സ്നേഹത്തിന്റെ ഒരു ഹോമബലിയാക്കി. ആരാലും അറിയപ്പെടാത്ത ഒരു വിശുദ്ധയായി ജീവിക്കാന്‍ തന്റെ പ്രൌഢിയുറ്റ തറവാടും സമ്പത്തും വിവാഹവുമെല്ലാം അടിയറവുവച്ച ഈ കന്യകയെ അന്ധകാരശക്തികള്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്നും അവളെ തകര്‍ക്കാന്‍ എത്ര കൊടിയ പീഡനങ്ങളാണ് ഏല്പിച്ചതെന്നും അമ്മയുടെ കത്തുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പരിശുദ്ധ അമ്മയുടെയും ഈശോയുടെയും കരം പിടിച്ച് അവള്‍ വിശുദ്ധിയുടെ ഉന്നതപടികള്‍ ഓടിക്കയറി.


കന്യാസ്ത്രീകളുടെ അന്തസ് ഈശോമിശിഹായോടുള്ള മണവാളത്തമാണെന്നു കര്‍മലയിലെ ആദ്യ അമ്മമാരെ പഠിപ്പിച്ച വിശുദ്ധ ചാവറപ്പിതാവിന്റെ വാക്കുകള്‍ എവുപ്രാസ്യമ്മയുടെ ജീവിതത്തില്‍ പ്രകടമായ വിധത്തിലാണു നിറവേറിയത്. ഈ തിരുനാള്‍ വേളയില്‍ അമ്മയുടെ പുണ്യകുടീരത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ആഴമായ ദൈവാനുഭവം അമ്മ നേടിത്തരട്ടെ.

(എവുപ്രാസ്യമ്മയുടെ വിശുദ്ധജീവിതം 'തപസ്വിനി വിശുദ്ധ എവുപ്രാസ്യ എന്ന പേരില്‍ 2015 ഓഗസ്റ് 31 മുതല്‍ രാത്രി 8.30 നും രാവിലെ 8.00 മണിക്കും ശാലോം ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു.)

തയാറാക്കിയത്: സിസ്റര്‍ ലെയോണില സിഎംസി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.