ബോട്ടപകടം: മരണം എട്ടായി
ബോട്ടപകടം: മരണം എട്ടായി
Friday, August 28, 2015 11:52 PM IST
കൊച്ചി: ഫോര്‍ട്ട് കൊച്ചി ജെട്ടിക്കു സമീപം മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാബോട്ട് നെടുകെ പിളര്‍ന്നു മുങ്ങി മരിച്ചവരുടെ എണ്ണം എട്ടായി. മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയും കണ്ണമാലി കണ്ടക്കടവ് പുത്തന്‍തോടിനു സമീപം ആപത്തുശേരി കുഞ്ഞുമോന്റെ മകളുമായ സുജിഷ (17), ഫോര്‍ട്ട് കൊച്ചി വെളി ചിത്രാലയം വീട്ടില്‍ വിജയന്‍ (65) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ചെല്ലാനത്തുനിന്നാണ് സുജിഷയുടെ മൃതദേഹം കണ്െടടുത്തത്. അപകടത്തില്‍ സുജിഷയുടെ അമ്മ സിന്ധുവും മരണമടഞ്ഞിരുന്നു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ എംബാര്‍ക്കേഷന്‍ ജെട്ടിക്കു സമീപത്തു നിന്നാണ് വിജയന്റെ മൃതദേഹം കണ്െടത്തിയത്. അപകടത്തില്‍ കാണാതായ നാലുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ രാവിലെതന്നെ പുനരാരംഭിച്ചിരുന്നു. അഴിമുഖത്തെ കപ്പല്‍ചാലില്‍ കാണാതായ കുമ്പളങ്ങി സദേശി ഫൌസിയ, ഫോര്‍ട്ട് കൊച്ചി നസ്രത്ത് സ്വദേശി സെബാസ്റ്റ്യന്‍ ഷെല്‍ട്ടന്‍ എന്നിവര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്.

ഷെല്‍ട്ടന്റെ മൃതദേഹം കണ്െടത്തിയതായി ഇന്നലെ രാവിലെ വാര്‍ത്ത പരന്നെങ്കിലും അതു ശരിയല്ലെന്നു പോലീസ് വ്യക്തമാക്കി. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഡീസല്‍ കലര്‍ന്ന ഉപ്പുവെള്ളം കുടിച്ച് കെമിക്കല്‍ ന്യൂമോണിയ എന്ന അവസ്ഥയുണ്ടായതാണ് നില ഗുരുതരമാക്കിയത്. ഗുരുതരാവസ്ഥയിലായ സമീറ (28), ബീവി (40) എന്നിവര്‍ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പരിക്കേറ്റ മേരി ജൂലിയറ്റ് (24), ഷക്കീല (40), സഫാന (13), പൊന്നു (മൂന്ന്), റെയ്ഹാന്‍ (നാല്) എന്നിവരും ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് ആശുപത്രികളില്‍നിന്നു മൂന്നുപേരെ കൂടി മെഡിക്കല്‍ ട്രസ്റിലേക്കു മാറ്റി. അപകടത്തില്‍ മരിച്ച ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (57) കരിമുകള്‍ സ്വദേശി മിന്‍സിയ (18), പള്ളുരുത്തി സ്വദേശിനി സബീന (19) എന്നിവരെയാണ് മെഡിക്കല്‍ ട്രസ്റിലേക്കു മാറ്റിയത്. ഇതില്‍ അമ്മിണി തീവ്രപരിചരണ വിഭാഗത്തിലാണ്്.

മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ പുലര്‍ച്ചെയാണു സുജിഷയുടെ മൃതദേഹം കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് സുജിഷ. വൈപ്പിനിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ അമ്മയ്ക്കൊപ്പം പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഇരുവരും അപകടത്തില്‍ മരിച്ചു.

അപകടം നടന്ന സമയത്തു നല്ല വേലിയിറക്കമായിരുന്നു. അതിനാല്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കടലിലേക്ക് ഒഴുകിയിരിക്കാം എന്ന നിഗമനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ തീരദേശസേന അഴിമുഖം മുതല്‍ തെക്ക് കുത്തിയതോട് വരെയുള്ള പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. എത്രപേര്‍ അപകടത്തില്‍ അകപ്പെട്ടിരിക്കാമെന്നതിനു കൃത്യമായ സ്ഥിരീകരണമില്ല. കാണാതായവരെക്കുറിച്ച് അന്വേഷിക്കാന്‍ എല്ലാ പോലീസ് സ്റേഷനുകളിലേക്കും സന്ദേശമയച്ചിരുന്നു. ബോട്ടില്‍ കയറിയിരിക്കാന്‍ സാധ്യതയുണ്െടന്ന് ബന്ധുക്കള്‍ സംശയിക്കുന്ന നാലുപേരുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം തീരദേശ പോലീസും തീരസംരക്ഷണ സേനയും തെരച്ചില്‍ തുടരുകയാണ്. കോസ്റല്‍ പോലീസ് എഐജി എസ്. സുരേന്ദ്രനാണ് തെരച്ചില്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്. നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും സഹായത്തോടയാണു തെരച്ചില്‍.


ബുധനാഴ്ച ഉച്ചകഴിഞ്ഞു ഫോര്‍ട്ടുകൊച്ചി കമാലക്കടവില്‍നിന്ന് നൂറു മീറ്റര്‍ അകലെ വച്ചാണ് എം.ബി. ഭാരത് എന്ന കടത്തുബോട്ടിന്റെ മധ്യഭാഗത്തായി ബെസലേന്‍ എന്ന ഇന്‍ബോര്‍ഡ് മത്സ്യബന്ധന ബോട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തകര്‍ന്നു മുങ്ങി. ആറു പേരുടെ മൃതദേഹം ബുധനാഴ്ച തന്നെ കണ്െടത്തിയിരുന്നു. ഫെറിബോട്ടിലുണ്ടായിരുന്ന അമരാവതി പുളിക്കല്‍ ജോസഫ് (58), ജോസഫിന്റെ സഹോദരന്‍ ഡേവിഡിന്റെ ഭാര്യ വോള്‍ഗ (43), ചെല്ലാനം കണ്ടക്കടവ് പുത്തന്‍തോടിനു സമീപം കുഞ്ഞുമോന്റെ ഭാര്യ സിന്ധു (46), മുനമ്പം അഴീക്കോട് പറൂപ്പന കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സൈനബ (60) മട്ടാഞ്ചേരി മഹാജനവാടിപ്പറമ്പില്‍ സുധീര്‍(36), വൈപ്പിന്‍ കാളമുക്ക് സ്വദേശി അയ്യപ്പന്‍ (67) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച കണ്െടത്തിയത്. ഇവരില്‍ സുധീറിന്റെ സംസ്കാരം ബുധനാഴ്ച തന്നെ നടത്തി. ശേഷിക്കുന്നവരുടെ സംസ്കാരം ഇന്നലെയും നടത്തി. ഇന്നലെ കണ്െടത്തിയ സുജിഷയുടെയും സംസ്കാരം നടത്തി.

അമരാവതി പുളിക്കല്‍ ജോസഫിന്റെയും സഹോദരന്‍ ഡേവിഡിന്റെ ഭാര്യ വോള്‍ഗയുടെ സംസ്കാരം അമരാവതി സെന്റ് പോള്‍ ആന്‍ഡ് സെന്റ് പീറ്റര്‍ ദേവാലയത്തിലും സിന്ധുവിന്റെയും മകള്‍ സിജുഷയുടെയും സംസ്കാരം വീട്ടുവളപ്പിലും നടത്തി. വൈപ്പിന്‍ കാളമുക്ക് സ്വദേശി അയ്യപ്പന്റെ സംസ്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണു നടത്തിയത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം വിവിധ ഏജന്‍സികള്‍ ആരംഭിച്ചുകഴിഞ്ഞു. യാത്രാബോട്ട് ദുര്‍ബലമായ അവസ്ഥയിലായിരുന്നുവെന്ന് അന്വേഷണം നടത്തുന്ന പോര്‍ട്ട് ട്രസ്റ് മറൈന്‍ വിഭാഗം വ്യക്തമാക്കി. അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അഞ്ചു ലക്ഷം വീതം സഹായധനം

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സഹായധനം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ കൊച്ചിയില്‍ എത്തിയപ്പോഴാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.