ദക്ഷിണേന്ത്യന്‍ കാര്‍ഷികമേള സമാപിച്ചു
ദക്ഷിണേന്ത്യന്‍ കാര്‍ഷികമേള സമാപിച്ചു
Friday, August 28, 2015 1:19 AM IST
കണ്ണൂര്‍: പോലീസ് മൈതാനിയില്‍ നടന്നുവന്ന സംസ്ഥാനതല കര്‍ഷക ദിനാഘോഷവും ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയും സമാപിച്ചു. സമാപനസമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനംചെയ്തു. കര്‍ഷകന്റെ ക്ഷേമം ഉള്‍ക്കൊണ്ട് അടുത്ത മാസം കര്‍ഷക ക്ഷേമ ബോര്‍ഡ് നിലവില്‍വരുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകനും വിളകള്‍ക്കും ഇന്‍ഷ്വറന്‍സ് സംരക്ഷണം ഉള്‍പ്പെടെ നല്‍കി ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കര്‍ഷകരുടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

സിനിമാതാരം സലിംകുമാര്‍ മുഖ്യാതിഥിയായിരുന്നു. അതിരു കാക്കുന്ന ജവാനെയും കതിരു കാക്കുന്ന കിസാനെയും രാഷ്ട്രം വേണ്ടവിധം ആദരിക്കുന്നുണ്േടായെന്ന് അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചു. മമ്മട്ടിയെടുത്തു കിളയ്ക്കുമ്പോള്‍ വിയര്‍പ്പിന്റെ അസുഖം വരുന്നവനാണു മലയാളി. വിഷം തെളിച്ച പഴങ്ങള്‍ തിന്നാന്‍ പക്ഷികള്‍ പോലും വരുന്നില്ലെങ്കിലും ബുദ്ധിയുള്ള മനുഷ്യന്‍ കാന്‍സറിന്റെ പിടിയിലേക്കാണു നീങ്ങുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.


കര്‍ഷകദിനത്തോടനുബന്ധിച്ചുള്ള മത്സരങ്ങളില്‍ വിജയികളായവര്‍ക്കു ചടങ്ങില്‍ പുരസ്കാരം വിതരണംചെയ്തു. നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ് അധ്യക്ഷതവഹിച്ചു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കൃഷ്ണന്‍, ഡിഐജി ദിനേന്ദ്ര കശ്യപ്, സബാഹ് പുല്‍പ്പറ്റ, നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ഒ. മോഹനന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ.കെ. പ്രതാപന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വസന്തന്‍, പ്രിന്‍സിപ്പല്‍ കൃഷിഓഫിസര്‍ ചന്ദ്രന്‍ കോറമ്പത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.