നാളികേര ദിനാഘോഷം വിജയവാഡയില്‍
Friday, August 28, 2015 1:33 AM IST
കൊച്ചി: നാളികേരവികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 17-ാമത് ലോകനാളികേരദിനാഘോഷം ആന്ധ്രപ്രദേശിലെ വിജയവാഡ സ്വര്‍ണവേദികയില്‍ അടുത്ത മാസം രണ്ടിനു നടക്കും. 'നാളികേരം: കുടുംബത്തിന്റെ പോഷണത്തിനും ആരോഗ്യത്തിനും സൌഖ്യത്തിനും' എന്നതാണ് ഈ വര്‍ഷത്തെ നാളികേരദിനത്തിന്റെ പ്രമേയം. ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എപിസിസി) യുടെ സ്ഥാപകദിനമായ സെപ്റ്റംബര്‍ 2നെ അനുസ്മരിച്ചാണ് അംഗരാജ്യങ്ങള്‍ ഈ ദിനം ലോകനാളികേരദിനമായി ആചരിക്കുന്നത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി 1969ല്‍ സ്ഥാപിതമായ എപിസിസി, നാളികേര വികസനപ്രവര്‍ത്തനങ്ങളിലൂടെ അംഗരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയാണു ലക്ഷ്യം വയ്ക്കുന്നത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന 500 കേരകര്‍ഷകര്‍ ഈ വര്‍ഷത്തെ നാളികേര ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ചു വിവിധ കേരോത്പാദക കമ്പനികളില്‍നിന്ന് 60ല്‍പരം കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തിലെ നാലു കമ്പനികളില്‍ നിന്നായി കേരാധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാതാക്കളെയും മെഷിനറി നിര്‍മാതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുളള പ്രദര്‍ശന, വിപണനമേളയും നാളികേര ദിനത്തോടനുബന്ധിച്ചു നടത്തും. ഉച്ചകഴിഞ്ഞു പ്രമേയാധിഷ്ഠിത വിഷയങ്ങളെ സംബന്ധിച്ചു ബോര്‍ഡിന്റെ ഉദ്യോഗസ്ഥരും മാനേജ്മെന്റ് വിദഗ്ധരും ക്ളാസെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.