കോളജ് ഭരണം എസ്ഐമാരെ ഏല്‍പ്പിക്കരുത്: കോടിയേരി
കോളജ് ഭരണം എസ്ഐമാരെ ഏല്‍പ്പിക്കരുത്: കോടിയേരി
Friday, August 28, 2015 1:19 AM IST
തലശേരി: കോളജ് കാമ്പസുകളിലും സര്‍വകലാശാലകളിലും പോലീസിനെ ഇടപെടുവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുംവിധത്തില്‍ കോളജ് ഭരണം എസ്ഐമാരെ ഏല്‍പ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ആലോചിക്കാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളജ് വിദ്യാര്‍ഥിനിയുടെ മരണം സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണു സംഭവിച്ചത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കഴിവുകേടാണ് ഇതു തെളിയിക്കുന്നത്. സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാനാണു കോളജ് ഭരണം പോലീസിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. കോളജ് ഭരിക്കേണ്ടതു പ്രിന്‍സിപ്പല്‍മാരും അധ്യാപകരുമാണ്. അല്ലാതെ പോലീസല്ലെന്നും കോടിയേരി പറഞ്ഞു.


തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാനാണു സര്‍ക്കാര്‍ ശ്രമം. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ നവംബര്‍ ഒന്നിന് അഡിമിനിസ്ട്രേറ്റര്‍ ഭരണമാണു നിലവില്‍വരിക. കോടതി വിധിയെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്-മുസ്ലിംലീഗ് തര്‍ക്കത്തെ തുടര്‍ന്ന് ലീഗിന് ഒറ്റയ്ക്കു ജയിക്കാന്‍ പറ്റുന്ന തരത്തിലാണു വാര്‍ഡ് വിഭജനം അവര്‍ നടത്തിയത്.

കോടതിവിധി അംഗീകരിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അതിന് വിരുദ്ധമായ നിലപാടാണു സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സിപിഎം അനുവദിക്കില്ല. ഇക്കാര്യത്തില്‍ ശക്തമായ പോരാട്ടത്തിനു പാര്‍ട്ടി നേതൃത്വം നല്‍കും. ഇലക്ഷന്‍ കമ്മീഷനെ റബര്‍സ്റാമ്പാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.